തിരുവനന്തപുരം I സംസ്ഥാനത്തിൻ്റെ അങ്ങേ അറ്റത്ത്, സിപിഎമ്മിൻ്റെ ഉരുക്കുകോട്ടകളിൽ ഒന്നായിരുന്നു പയ്യന്നൂരിൽ ഒരു ഇടതുപക്ഷ വിമതൻ ജയിച്ചു കയറുന്നത് ചരിത്രത്തിൽ ആദ്യമാണ്.
രക്തസാക്ഷി ഫണ്ട് വിനിയോഗത്തിലെ വെട്ടിപ്പ് ഉന്നയിച്ചു രംഗത്തെത്തിയ, ഏരിയ കമ്മിറ്റി അംഗമായിരുന്ന വി കുഞ്ഞികൃഷ്ണൻ്റെ വിജയം ഐതിഹാസിക പോരാട്ടമായി മാറിയിരിക്കുന്നു. പയ്യന്നൂരിലേത് ഒറ്റപ്പെട്ടതല്ല. ഒരു കൊടുങ്കാറ്റിലും തകരില്ലെന്ന് ഉറപ്പിച്ചിരുന്ന കണ്ണൂരിൽ സിപിഎം നേരിട്ടത് ഞെട്ടി വിറച്ചു പോകുന്ന തോൽവിയാണ്. കുഞ്ഞികൃഷ്ണന്റെ വിജയം ഒരു വ്യക്തിയുടെ വിജയത്തിനും അപ്പുറം കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം മാർക്സിസ്റ്റുകാരുടെ നിലപാടായി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ അലയടിച്ചു.
മൂന്നു തവണ എംഎൽഎയായ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ ഭാര്യയെ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാക്കിയത് ടി കെ ഗോവിന്ദനൊപ്പം ഒരു വിഭാഗം അണികളും ചോദ്യം ചെയ്തിരിക്കുകയാണ്. കണ്ണൂർ കോട്ടയിലെ നേതാക്കളുടെ രഹസ്യമല്ലാത്ത അകൽച്ചകൾ എത്രയെന്ന് വ്യക്തമാക്കുന്നതു കൂടിയാണ് തോൽവി. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ആറു റൗണ്ടുകളിൽ ഞെട്ടിവിറച്ച ശേഷമാണ് മുന്നിലേക്കുവന്നത്.
ബിജെപിയിൽ നിന്ന് കോൺഗ്രസിൽ എത്തി അപ്രതീക്ഷിതമായി തൃക്കരിപ്പൂരിൽ സ്ഥാനാർത്ഥിയായ സന്ദീപ് വാര്യർ സിപിഎമ്മിന്റെ ഈ ഉരുക്ക് കോട്ടയിൽ വിജയക്കൊടി പാറിച്ചു. വർഷങ്ങളായി സിപിഎമ്മിനൊപ്പം ഉറച്ചുനിന്ന മണ്ഡലം ഇക്കുറി ചിലത് തീരുമാനിച്ചുറപ്പിച്ചു നടപ്പാക്കി. ഇതോടെ വടക്കൻ മലബാറിൽ തിരിച്ചടി വിശദീകരിക്കാനാകാത്ത നിലയിലേക്ക് സിപിഎം നേതൃത്വത്തെ എത്തിച്ചിരിക്കുകയാണ്. കേരളത്തിലെ തലമുതിർന്ന നേതാവ് ജി. സുധാകരൻ അംഗത്വം പുതുക്കാതെ സിപിഎമ്മിൽ നിന്നു പുറത്തുവന്ന് വിഎസിൻ്റെ നാട്ടിൽ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു. തിരുവനന്തപുരം ജില്ലയിൽ സിപിഎം മാത്രം ജയിച്ചിരുന്ന വാമനപുരം മണ്ഡലം പാർട്ടിക്ക് നഷ്ടമായി.
കണ്ണൂർ മുതൽ ഇങ്ങ് തിരുവനന്തപുരം വരെ ഉറച്ച വോട്ടുകൾ ഉണ്ടായിരുനിടത്തെല്ലാം സിപിഎം നേരിട്ട തിരിച്ചടി ഭരണവിരുദ്ധ വികാരത്തിൽ ഒതുങ്ങുന്നതല്ല. ഭരണവിരുദ്ധ വികാരത്തിനു മുകളിൽ കെട്ടിവച്ചു വിശദീകരിക്കാൻ സാധിക്കാത്ത തിരിച്ചടികളെ തുടർ ഭരണം ജനം ഇഷ്ടപ്പെടുന്നില്ലെന്ന് പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്താൽ ബിജെപിയുടെ കടന്നുവരവും കോൺഗ്രസിന്റെ ജാഗ്രതയും മറികടന്ന് അധികാര കേന്ദ്രങ്ങളിലെത്തൽ ഇടതു നേതൃത്വത്തിനു എളുപ്പമാകില്ല.
വി കുഞ്ഞികൃഷ്ണൻ രചിച്ച പുസ്തകത്തിൻ്റെ തലക്കെട്ട് ‘നേതൃത്വത്തെ അണികൾ തിരുത്തണ’മെന്നതിൻ്റെ ആവശ്യകത അണികൾ തിരിച്ചറിഞ്ഞിരിക്കുന്നുവെന്നാണ് വ്യക്തമാക്കുന്നത്. നേതൃത്വത്തെ അണികൾ ബാലറ്റിലൂടെ തിരുത്തിയപ്പോൾ സിപിഎമ്മിന്റെ അവസാന കനൽ തരിയും അണഞ്ഞിരിക്കുകയാണ്. 59 വർഷത്തിനുശേഷം ഒരു സംസ്ഥാനത്തും ഭരണമില്ലാത്ത പാർട്ടിയായി സിപിഎം വീണ്ടും മാറി.














