ജൂനിയർ റിസർച്ച് ഫെലോഷിപ്പ് ( ജെ.ആർ.എഫ്), അസിസ്റ്റന്റ് പ്രൊഫസർഷിപ്പ്, പിഎച്ച്ഡി പ്രവേശനം തുടങ്ങിയവയ്ക്ക് യോഗ്യത നിർണ്ണയിക്കുന്ന യുജിസി നെറ്റ് ദേശീയതല പരീക്ഷയ്ക്ക് മേയ് 20 വരെ അപേക്ഷിക്കാം. ജൂൺ 22 മുതൽ 30 വരെയാണ് പരീക്ഷ.

ഒരു വർഷം രണ്ടു തവണയാണ് നെറ്റ് പരീക്ഷ നടത്തുന്നത്. 2026 ജൂൺ സൈക്കിൾ പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനം https://ugcnet.ntaonline.in/ ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷയ്ക്കായി https://ugcnet.nta.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

1150 രൂപയാണ് ഫീസ്. ഇഡബ്ല്യുഎസ്, ഒബിസി വിഭാഗത്തിന് 600 രൂപ. പട്ടികജാതി, വർഗ, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗത്തിന് 325 രൂപ. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. അപേക്ഷാസമയത്ത് ലൈവ് ഫൊട്ടോ ഉൾപ്പെടെ അപ്‍ലോഡ് ചെയ്യണം. കേരളത്തിൽ വിവിധ ജില്ലകളിലായി 12 പരീക്ഷാകേന്ദ്രങ്ങളുണ്ട്.

ഇന്ത്യൻ സർവകലാശാലകളിലും കോളജുകളിലും പിഎച്ച്ഡി പ്രവേശനം, ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസർ നിയമനം, അസിസ്റ്റന്റ് പ്രൊഫസർ നിയമനം, പിഎച്ച്ഡി പ്രവേശനം എന്നിവയ്ക്ക് യുജിസി നെറ്റ് യോഗ്യത വിലയിരുത്തും. 55 % മാർക്കോടെ പിജി ഉള്ളവർക്ക് യുജിസി – നെറ്റിനു അപേക്ഷിക്കാം. ഒബിസി, പട്ടികജാതി, വർഗ, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗത്തിന് 50% മാർക്ക് മതിയാകും. പിജി പ്രോഗ്രാമുകൾക്ക് പഠിക്കുന്നവർക്കും പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. നെറ്റ് നേടിയാൽ, ഫലം വന്ന് രണ്ടു വർഷത്തിനുള്ളിൽ കോഴ്സ് വിജയിച്ചിരിക്കണം. പിഎച്ച്ഡി പ്രവേശനത്തിനു മാത്രം യോഗ്യത നേടുന്നവർ ഒരു വർഷത്തിനുള്ളിൽ കോഴ്സ് വിജയിക്കണം. നാലു വർഷ ബിരുദം വിജയിച്ചവർക്കും അവസാന വർഷം പഠിക്കുന്നവർക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. ജെആർഎഫ്, പിഎച്ച്ഡി ഒൺലി വിഭാഗങ്ങളിലേക്കു മാത്രമേ 4 വർഷ ബിരുദക്കാർ യോഗ്യത നേടൂ. ഇവർക്ക് 75% (പട്ടികജാതി, വർഗ, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗത്തിന് 70%) മാർക്ക് ഉണ്ടാകണം. ജെആർഎഫിനായി അപേക്ഷിക്കുന്നവർക്ക് ജൂൺ ഒന്നിന് 30 വയസ്സ് തികയരുത്.

പട്ടികജാതി, വർഗ, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗത്തിനും വനിതകൾക്കും 35 ആണ് ജെആർഎഫ് പ്രായപരിധി.പരീക്ഷ ജയിക്കുന്നതിലൂടെ മൂന്ന് തരത്തിലാണ് യോഗ്യത ലഭിക്കുന്നത്.

  • ഫെലോഷിപ്പോടുകൂടി പിഎച്ച്ഡി ചെയ്യാനും കോളജുകളിൽ അസി. പ്രഫസറായി അപേക്ഷിക്കാനുമുള്ള യോഗ്യത ലഭിക്കുന്നതാണ് ആദ്യത്തെ വിഭാഗം. അതത് വിഷയങ്ങളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുറച്ചുപേർക്ക് ഇതു ലഭിക്കും. അപേക്ഷിക്കുന്നതിന് പ്രായപരിധിയുണ്ട്.
  • കോളജുകളിൽ അസി.പ്രഫസറായി അപേക്ഷിക്കാനും പിഎച്ച്ഡിക്ക് പ്രവേശനം നേടാനുമുള്ള യോഗ്യതയാണ് രണ്ടാമത്തെ വിഭാഗം.
  • പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാനുള്ള യോഗ്യത ലഭിക്കുന്നതാണ് മൂന്നാമത്തെ വിഭാഗം. ആദ്യ രണ്ട് വിഭാഗങ്ങളിൽ ഉൾപ്പെടാത്തവരും അവരേക്കാൾ മാർക്ക് കുറഞ്ഞവരുമാണ് ഈ വിഭാഗത്തിൽ യോഗ്യത നേടുന്നത്. രണ്ട്, മൂന്ന് വിഭാഗങ്ങളിൽ യോഗ്യത നേടുന്നവർക്ക് പിഎച്ച്ഡി പ്രവേശനത്തിനായി ഒരു വർഷം മാത്രമേ കാലാവധി ലഭിക്കൂ.

എല്ലാ വിഷയങ്ങൾക്കും ടീച്ചിങ്, റിസർച്ച് ആപ്റ്റിറ്റ്യൂഡ്, റീഡിങ് കോംപ്രിഹെൻഷൻ, കണക്ക് തുടങ്ങിയവയിൽ നിന്ന് 50 ചോദ്യങ്ങൾ ഉണ്ടാകും. 100 മാർക്ക്. തിരഞ്ഞെടുത്ത വിഷയത്തെ ആസ്പദമാക്കിയുള്ള രണ്ടാമത്തെ പേപ്പർ സഹിതം ആകെ 300 മാർക്കാണ്.

LEAVE A REPLY

Please enter your comment!
Please enter your name here