ന്യൂഡൽഹി | കൃത്രിമബുദ്ധി അഥവാ എ.ഐ.യുടെ വളർച്ച അതിവേഗത്തിലാണ്. ഒരുകാലത്ത് മനുഷ്യരുടെ നിർദേശങ്ങൾക്കനുസരിച്ച് മാത്രം പ്രവർത്തിച്ചിരുന്ന എ.ഐ. സംവിധാനങ്ങൾ ഇന്ന് കൂടുതൽ സങ്കീർണമായ കാര്യങ്ങൾ സ്വയം ചെയ്യാൻ ശേഷിയുള്ളവയായി മാറുകയാണ്. തീരുമാനങ്ങളെടുക്കാനും വിവിധ ഡിജിറ്റൽ സംവിധാനങ്ങളുമായി ഇടപെടാനും കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നതോടെ എ.ഐ. ഉയർത്തുന്ന സുരക്ഷാ പ്രശ്നങ്ങളും ഗൗരവമായി കാണേണ്ടിവരുന്നു.

ഈ സാഹചര്യത്തിലാണ് എ.ഐ.യുടെ സുരക്ഷ സംബന്ധിച്ച് ലോക രാജ്യങ്ങൾ വ്യത്യസ്ത സമീപനങ്ങൾ സ്വീകരിക്കുന്നത്. ഏറ്റവും ഒടുവിൽ അമേരിക്കയും പ്രമുഖ സാങ്കേതിക കമ്പനികളും ചേർന്ന് ഒരു സ്വമേധാ എ.ഐ. സുരക്ഷാ കരാറിന് രൂപം നൽകിയിരിക്കുകയാണ്. അമേരിക്കയുടെ പുതിയ എ.ഐ. സുരക്ഷാ കരാറിൽ സെപ്റ്റംബർ 29ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഗൂഗിൾ, ഓപ്പൺ എ.ഐ., ആന്ത്രോപിക്, മെറ്റ, എൻവിഡിയ, ഇലോൺ മസ്കിന്റെ എക്സ്.എ.ഐ. തുടങ്ങിയ പ്രമുഖ കമ്പനികളും ചേർന്ന് ഒപ്പുവച്ചു.
എ.ഐ. മോഡലുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ ആഭ്യന്തര നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുക, പ്രത്യേക സുരക്ഷാ സംഘങ്ങളെ നിയോഗിക്കുക, സ്വതന്ത്രമായ ബാഹ്യ പരിശോധന നടത്തുക, ഡയറക്ടർ ബോർഡ് തലത്തിൽ സുരക്ഷാ മേൽനോട്ടം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളാണ് കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ ഇത് നിയമപരമായി നിർബന്ധിതമായ ഒരു നിയന്ത്രണ സംവിധാനമല്ല. കമ്പനികൾ സ്വമേധയാ പാലിക്കേണ്ട സുരക്ഷാ നടപടികളാണ് പ്രധാനമായും ഇതിലുള്ളത്.

എ.ഐ. നിയന്ത്രണത്തിൽ വിവിധ രാജ്യങ്ങൾ വ്യത്യസ്ത വഴികളാണ് സ്വീകരിക്കുന്നത്.
അമേരിക്ക പ്രധാനമായും വലിയ എ.ഐ. കമ്പനികളുടെ സ്വയംനിയന്ത്രണത്തിന് പ്രാധാന്യം നൽകുന്ന സമീപനമാണ് സ്വീകരിക്കുമ്പോൾ യൂറോപ്യൻ യൂണിയൻ നിർബന്ധിതവും അപകടസാധ്യതയെ അടിസ്ഥാനമാക്കിയുള്ളതുമായ നിയന്ത്രണ സംവിധാനത്തിനാണ് പ്രാധാന്യം നൽകുന്നത്. ചൈന കൂടുതൽ സർക്കാർ നിയന്ത്രിതമായ മാതൃകയാണ് പിന്തുടരുന്നത്.

ഇന്ത്യയ്ക്ക് അതേ മാതൃക മതിയാകുമോ?

അമേരിക്കൻ കമ്പനികൾ ഈ കരാറിൻ്റെ ചട്ടകൂടിനുള്ളിൽ നിന്നു മുന്നോട്ടു പോകാൻ തയ്യാറെടുക്കുമ്പോൾ അവിടെപ്പോലും നിയമപരമായി അംഗീകരിക്കാത്ത മാതൃക ഇന്ത്യയിൽ അടിച്ചേൽപ്പിച്ചതുപോലെ പിന്തുടരേണ്ടി വരുമോയെന്നതാണ് പ്രസക്തമായ ചോദ്യം. ഇന്ത്യയുടെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചുള്ള എ.ഐ. സുരക്ഷാ ചട്ടക്കൂടുകൾ അവലംബിക്കണമെന്ന ആവശ്യം വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നു. ഇന്ത്യയുടെ ഭാഷാ വൈവിധ്യം, വലിയ ജനസംഖ്യ, ഡിജിറ്റൽ സേവനങ്ങളുടെ വ്യാപ്തി, വിവിധ മേഖലകളിൽ എ.ഐ.യുടെ വർധിച്ചുവരുന്ന ഉപയോഗം എന്നിവ കണക്കിലെടുക്കണം.

എ.ഐ. ഇന്ത്യയിൽ ഉപയോഗിക്കുന്നത് സാങ്കേതിക കമ്പനികൾ മാത്രമല്ല. ആരോഗ്യം, വിദ്യാഭ്യാസം, ബാങ്കിങ്, ഭരണസംവിധാനം, മാധ്യമം, കൃഷി തുടങ്ങി നിരവധി മേഖലകളിലേക്ക് എ.ഐ. കടന്നുവരികയാണ്. എ.ഐ. കൂടുതൽ കഴിവുള്ളതും കൂടുതൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നതുമായ സംവിധാനങ്ങളായി മാറുമ്പോൾ സുരക്ഷാ സംവിധാനങ്ങളും അതിനനുസരിച്ച് ശക്തിപ്പെടണം. അല്ലാത്തപക്ഷം ഗുരുതരമായ അപകടസാധ്യതകൾ ഉണ്ടാകാം. എ.ഐ.യുടെ കഴിവുകൾ വർധിക്കുന്ന വേഗത്തേക്കാൾ മുന്നിൽ തന്നെ സുരക്ഷാ സംവിധാനങ്ങളും വളരേണ്ടതുണ്ട്.

അതിനാൽ തന്നെ, എ.ഐ. സുരക്ഷയിൽ ഇന്ത്യയ്ക്ക് സ്വന്തമായ ഒരു ആഗോള മാതൃക മുന്നോട്ടുവയ്ക്കാൻ അവസരമുണ്ട്. എ.ഐ.യെ പൂർണമായി നിയന്ത്രിക്കുകയോ തടയുകയോ ചെയ്യുക എന്നതല്ല ലക്ഷ്യം. അതിന്റെ ഗുണങ്ങൾ സമൂഹത്തിന് ലഭിക്കുന്നതിനൊപ്പം ദുരുപയോഗവും അപകടസാധ്യതകളും പരമാവധി കുറയ്ക്കുക എന്നതാണ് പ്രധാന വെല്ലുവിളി.

LEAVE A REPLY

Please enter your comment!
Please enter your name here