തിരുവനന്തപുരം | കഴിഞ്ഞ വർഷം 43 പേരാണ് ഇൻഫ്ലുവൻസ ബാധിച്ച് കേരളത്തിൽ മരിച്ചത്. ഈ വർഷം ഇതുവരെ മരിച്ചവരുടെ എണ്ണം 120 ആയി. ഇതിൽ 110 മരണങ്ങളും കഴിഞ്ഞ നാല് മാസത്തിനിടെയാണ് റിപ്പോർട്ട് ചെയ്തത്.
മഴ, ഉയർന്ന അന്തരീക്ഷ ഈർപ്പം, ഓണത്തോടനുബന്ധിച്ചുള്ള വലിയ ജനക്കൂട്ടങ്ങൾ എന്നിവയ്ക്കൊപ്പം പരിശോധന വർധിച്ചതും രോഗബാധ ഉയർന്നതായി റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണമായതായി വിദഗ്ധർ പറയുന്നു. ഒക്ടോബർ 3 വരെ സംസ്ഥാനത്ത് 11,319 ഇൻഫ്ലുവൻസ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ ആദ്യ മൂന്ന് ദിവസങ്ങളിൽ മാത്രം 145 കേസുകളാണ് സ്ഥിരീകരിച്ചത്.
ഇൻഫ്ലുവൻസ കേസുകളിലെ വർധന കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ഡൽഹി ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലും കേസുകൾ വർധിച്ചിട്ടുണ്ട്. മൺസൂൺ കാലത്തെ കനത്ത മഴയും അന്തരീക്ഷത്തിലെ ഈർപ്പവും ഓണത്തോടനുബന്ധിച്ചുള്ള വലിയ സാമൂഹിക ഒത്തുചേരലുകളും രോഗവ്യാപനം വർധിപ്പിക്കാൻ ഇടയാക്കിയെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പനി, ശരീരവേദന തുടങ്ങിയവയാണ് ഇൻഫ്ലുവൻസയുടെ സാധാരണ ലക്ഷണങ്ങൾ. കേരളത്തിലെ ഉയർന്ന പ്രായമായ ജനസംഖ്യയ്ക്കൊപ്പം പ്രമേഹം പോലുള്ള ജീവിതശൈലീരോഗങ്ങൾ, കാൻസർ, അമിതവണ്ണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവരും ഗുരുതര സങ്കീർണതകൾക്ക് കൂടുതൽ സാധ്യതയുള്ളവരാണ്.
കേരളത്തിൽ ഇൻഫ്ലുവൻസ മരണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ, ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങളെ ലക്ഷ്യമിട്ട് വാക്സിനേഷൻ, നേരത്തെയുള്ള രോഗനിർണയം, സമയബന്ധിത ചികിത്സ എന്നിവ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് കണക്കുകൾ വിരൽ ചൂണ്ടുന്നത്. 2022 നവംബറിൽ പുതിയ പ്രതിരോധ കുത്തിവയ്പ്പ് നയം തയ്യാറാക്കാൻ ഡോ. ബി. ഇക്ബാൽ അധ്യക്ഷനായ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. 65 വയസ്സിന് മുകളിലുള്ളവർക്ക് ഫ്ലൂ വാക്സിൻ നിർബന്ധമായി നൽകണമെന്ന ശുപാർശ സമിതി മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഈ ശുപാർശ നടപ്പാക്കുന്നതിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല. സംസ്ഥാനത്തെ കുറഞ്ഞ പ്രതിരോധ കുത്തിവയ്പ്പ് നിരക്കും മരണസംഖ്യ ഉയരാനുള്ള കാരണങ്ങളിലൊന്നായിരിക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here