തിരുവനന്തപുരം | കേരളത്തിന്റെ പ്രബുദ്ധതയ്ക്ക് പിന്നിൽ ഭീതിദമായ ഒരു യാഥാർത്ഥ്യം മറഞ്ഞിരിപ്പുണ്ട്. ഇന്നും ആയിരക്കണക്കിന് സ്ത്രീകൾക്ക് വിവാഹജീവിതം എന്നത് ഒരു സുരക്ഷിത താവളമല്ല.
കേരള പോലീസിന്റെ കണക്കനുസരിച്ച് 2024-ൽ 4,515 കേസുകളും, 2025-ൽ 3,986 കേസുകളും, 2026-ൽ ഇതുവരെ 2,228 ഭർത്തൃപീഡന കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, ഈ സംഖ്യകൾ പുറത്തുവരുന്ന യാഥാർത്ഥ്യത്തിന്റെ ഒരു ചെറിയ അംശം മാത്രമാണെന്നും, വ്യവസ്ഥിതിയുടെ പരാജയങ്ങളും സാമൂഹിക സമ്മർദ്ദങ്ങളുമാണ് സ്ത്രീകളെ ഈ നരകയാതനയിൽ തുടരാൻ നിർബന്ധിതരാക്കുന്നതെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
കൗൺസലിങ്ങിനിടെ മാത്രമാണ് ലൈംഗിക അതിക്രമങ്ങളുടെയും വൈവാഹിക ബലാത്സംഗങ്ങളുടെയും വിവരങ്ങൾ പല സ്ത്രീകളും തുറന്നുപറയുന്നത്. മദ്യപാനവും അശ്ലീല ദൃശ്യങ്ങളുടെ സ്വാധീനവും അതിക്രമങ്ങളുടെ തീവ്രത കൂട്ടുന്നുണ്ടെങ്കിലും, കുടുംബങ്ങളുടെ പിന്തുണയില്ലാത്തതിനാൽ സ്ത്രീകൾക്ക് ഈ പീഡനവലയത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയുന്നില്ല.
കുടുംബങ്ങൾ കൈയൊഴിയുമ്പോൾ സ്ത്രീകളുടെ അതിജീവനം പ്രതിസന്ധിയിൽ
കേരളത്തിലെ സാമൂഹിക സാഹചര്യത്തിൽ, വിവാഹമോചിതയായി ഒരു മകൾ സ്വന്തം വീട്ടിലേക്ക് മടങ്ങിവരുന്നത് പല കുടുംബങ്ങളും ഇപ്പോഴും ഒരു അപമാനമായാണ് കാണുന്നത്. സാമ്പത്തിക ഭദ്രതയോ സ്വന്തം മാതാപിതാക്കളുടെ വൈകാരിക പിന്തുണയോ ലഭിക്കാത്തതിനാൽ, സാമൂഹിക ഒറ്റപ്പെടൽ ഭയന്ന് ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾ സഹിച്ചും സ്ത്രീകൾ ഭർതൃവീടുകളിൽ കഴിയുന്നു. നിയമത്തിന്റെ വഴി തിരഞ്ഞെടുക്കുന്നവർക്ക് പോലും പ്രായോഗിക സുരക്ഷ ഉറപ്പാക്കാൻ നമ്മുടെ വ്യവസ്ഥിതിക്ക് കഴിയുന്നില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം.
പോലീസിന്റെ വീഴ്ച | കോടതിയിൽ നിന്ന് സംരക്ഷണ ഉത്തരവ് വാങ്ങിയിട്ടും ഭർത്താവിൽ നിന്ന് വീണ്ടും അതിക്രമം നേരിട്ട അതിജീവിതയ്ക്ക് കൃത്യസമയത്ത് പൊലീസ് സഹായം ലഭിക്കാത്ത സാഹചര്യങ്ങൾ ഉണ്ടാകുന്നു. കോടതി ഉത്തരവുണ്ടായിട്ടും മദ്യാസക്തരായ ഭർത്താക്കന്മാർ ജീവനാംശം നൽകാതെ സ്ത്രീകളെ സാമ്പത്തികമായി പട്ടിണിക്കിടുന്ന കേസുകളും റിപ്പോര്ട്ട് ചെയ്യുനന്നു. ഇത് കുട്ടികളുടെ പഠനത്തെയും ദൈനംദിന ജീവിതത്തെയും ബാധിക്കുന്നു.
വേണ്ടത് നിയമ നിർമ്മാണമല്ല, ചിന്താഗതിയിലെ മാറ്റം
ഗ്രാമീണ മേഖലകളിലെ സ്ത്രീകൾ പോലും ഇന്ന് തങ്ങളുടെ അവകാശങ്ങളെയും തുല്യതയെയും കുറിച്ച് ബോധവതികളാണ്. എന്നാൽ നിയമങ്ങൾ പുസ്തകങ്ങളിൽ മാത്രം ഒതുങ്ങാതിരിക്കണമെങ്കിൽ പ്രായോഗിക സുരക്ഷ ഉറപ്പാക്കണം. പീഡനം സഹിക്കാനാവാതെ ഇറങ്ങി വരുന്ന മക്കൾക്ക് മുന്നിൽ സ്വന്തം കുടുംബങ്ങൾ വാതിൽ കൊട്ടിയടയ്ക്കാതിരിക്കുകയും, പുരുഷന്മാരിലേക്ക് കൂടി ശരിയായ ബോധവൽക്കരണം എത്തുകയും ചെയ്യുമ്പോൾ മാത്രമേ ഈ നിശബ്ദ വിലാപങ്ങൾക്ക് അറുതിയുണ്ടാകൂ.













