ന്യൂഡൽഹി l രാജ്യത്തെ തൊഴിലാളികളുടെ ജോലിസ്ഥല യാത്രയിൽ പൊതുഗതാഗതത്തിന്റെ പങ്ക് കുറഞ്ഞതായി ദേശീയ ഗാർഹിക യാത്രാ സർവേ. വെറും 15 ശതമാനം തൊഴിലാളികളാണ് ബസ്, ട്രെയിൻ, ട്രാം, ഓട്ടോറിക്ഷ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത്. 46 ശതമാനം പേർ ഇരുചക്രവാഹനമോ കാറോ ആശ്രയിക്കുന്നതായി ദേശീയ സ്ഥിതിവിവര ഓഫിസിന്റെ (എൻ.എസ്.ഒ.) ആദ്യ ദേശീയ ഗാർഹിക യാത്രാ സർവേ വ്യക്തമാക്കുന്നു.
രാജ്യത്ത് ജോലിക്കുപോകാൻ 43 ശതമാനം പേർ ഇരുചക്രവാഹനങ്ങളും മൂന്ന് ശതമാനം പേർ കാറുകളും ഉപയോഗിക്കുന്നു. നഗരമേഖലയിൽ സ്വകാര്യ വാഹന ആശ്രയം കൂടുതലാണ്. നഗരങ്ങളിലെ 53 ശതമാനം തൊഴിലാളികൾ ഇരുചക്രവാഹനങ്ങളും 5.7 ശതമാനം പേർ കാറുകളും ഉപയോഗിക്കുന്നു.
തിരക്കേറിയ രാവിലെകളും യാത്രാ സമയവും | രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളും ഒരേ സമയത്ത് റോഡിലിറങ്ങുന്നതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്. രാവിലെ 10 മണിക്ക് മുൻപായി 94.9 ശതമാനം തൊഴിലാളികളും വീട്ടിൽ നിന്ന് ഇറങ്ങുന്നു. ഇതിൽ തന്നെ രാവിലെ 8 നും 10 നും ഇടയിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്.
ജോലിസ്ഥലത്ത് എത്താൻ ഒരു തൊഴിലാളിക്ക് ഇന്ത്യയിൽ ശരാശരി 25 മിനിറ്റ് സമയം ആവശ്യമായി വരുന്നു. നഗരങ്ങളിൽ ഈ യാത്രാ സമയം 27 മിനിറ്റും ഗ്രാമങ്ങളിൽ 23 മിനിറ്റുമാണ്. എങ്കിലും രാജ്യത്തെ 83.4 ശതമാനം തൊഴിലാളികളും 30 മിനിറ്റിനുള്ളിൽ ജോലിസ്ഥലത്ത് എത്താറുണ്ട്. 13.7 ശതമാനം പേർക്ക് യാത്രയ്ക്കായി അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ സമയം വേണ്ടിവരുന്നു.
പഠനയാത്രകളിൽ മുന്നിൽ വിദ്യാർത്ഥികൾ | ആറ് വയസ്സിന് മുകളിലുള്ള 66.4 ശതമാനം വിദ്യാർത്ഥികളും ദിവസവും ഒരു കിലോമീറ്ററിലധികം യാത്ര ചെയ്താണ് സ്കൂളുകളിലും കോളേജുകളിലും എത്തുന്നത്. വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ആശ്രയിക്കുന്നത് കാൽനടയാത്ര (37 ശതമാനം), ബസ് (29.5 ശതമാനം), സൈക്കിൾ (15.8 ശതമാനം) എന്നിവയാണ്. നഗരങ്ങളിൽ 14.4 ശതമാനം വിദ്യാർത്ഥികൾ ഓട്ടോറിക്ഷകളെയും ആശ്രയിക്കുന്നു. വിദ്യാർത്ഥികളുടെ ശരാശരി യാത്രാ സമയം 23 മിനിറ്റാണ്. എന്നാൽ അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് യാത്രയ്ക്കായി വെറും 15 മുതൽ 19 മിനിറ്റ് വരെ മാത്രമേ വേണ്ടിവരുന്നുള്ളൂ.
യാത്രാച്ചെലവിലെ ലിംഗവിവേചനം | ജോലിക്ക് പോകാനായി ഒരു തൊഴിലാളി ഇന്ത്യയിൽ ശരാശരി 785 രൂപയാണ് പ്രതിമാസം ചെലവഴിക്കുന്നത്. നഗരങ്ങളിൽ യാത്രാച്ചെലവ് വളരെ കൂടുതലാണ്. നഗര തൊഴിലാളികൾക്ക് പ്രതിമാസം ശരാശരി 1,044 രൂപ ചെലവ് വരുമ്പോൾ ഗ്രാമങ്ങളിൽ ഇത് 612 രൂപയാണ്. യാത്രാച്ചെലവിൽ പുരുഷന്മാരും സ്ത്രീകളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. പുരുഷന്മാർ ശരാശരി 835 രൂപ ചെലവിടുമ്പോൾ സ്ത്രീകൾക്ക് 533 രൂപ മാത്രമാണ് ചെലവ് വരുന്നത്. ഗ്രാമങ്ങളിൽ പുരുഷന്മാരുടെ യാത്രാച്ചെലവ് സ്ത്രീകളേക്കാൾ ഇരട്ടിയിലധികമാണ് (പുരുഷന്മാർക്ക് 674 രൂപ, സ്ത്രീകൾക്ക് 307 രൂപ). വിദ്യാർത്ഥികളുടെ ശരാശരി പ്രതിമാസ യാത്രാച്ചെലവ് 443 രൂപയാണ്.













