തിരുവനന്തപുരം | ഭക്ഷ്യപോഷക സമ്പുഷ്ടീകരണ ഗവേഷണത്തിനും സാങ്കേതികവിദ്യാ വികസനത്തിനുമായി തിരുവനന്തപുരത്ത് മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നു. സി.എസ്.ഐ.ആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സും സംയുക്തമായാണ് കേന്ദ്രം സ്ഥാപിക്കുന്നത്. തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കിലെ സി.എസ്.ഐ.ആര്‍ – എന്‍.ഐ.ഐ.എസ്.ടി ഇന്നൊവേഷന്‍, ടെക്‌നോളജി ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഹബ്ബിലാണ് ഭക്ഷ്യപോഷക സമ്പുഷ്ടീകരണ നവീകരണം, ഗവേഷണം, പരിശീലനം എന്നിവയ്ക്കുള്ള മികവിന്റെ കേന്ദ്രം പ്രവര്‍ത്തിക്കുക.
ധാന്യങ്ങള്‍, ഉപ്പ്, പാല്‍, ഭക്ഷ്യ എണ്ണകള്‍ എന്നിവയില്‍ പോഷകങ്ങള്‍ ചേര്‍ക്കുന്നതിനുള്ള നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം. പ്രോട്ടീന്‍ സമ്പുഷ്ടവും പ്രത്യേക പോഷകാവശ്യങ്ങള്‍ക്കനുസൃതവുമായ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വികസനത്തിനും കേന്ദ്രം പ്രാധാന്യം നല്‍കും.
സെപ്റ്റംബര്‍ 25ന് ന്യൂഡല്‍ഹിയില്‍ നടന്ന സി.എസ്.ഐ.ആറിന്റെ 85ാം സ്ഥാപകദിനാഘോഷത്തില്‍ ധാരണാപത്രം കൈമാറി. ഭക്ഷ്യപോഷണ ഗവേഷണം, സാങ്കേതികവിദ്യാ കൈമാറ്റം, സംരംഭകത്വം എന്നിവയ്ക്ക് ദേശീയതലത്തിലുള്ള വേദിയായി കേന്ദ്രം മാറും.












