തിരുവനന്തപുരം l സ്വിഗ്ഗി, സൊമാറ്റോ, യൂബർ തുടങ്ങി അനുദിനം വർദ്ധിക്കുന്ന ആപ്പ് അധിഷ്ഠിത പ്ലാറ്റ്‌ഫോമുകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന കേരളത്തിലെ ഗിഗ് തൊഴിലാളികളിൽ മഹാഭൂരിപക്ഷവും ഇപ്പോഴും കേന്ദ്ര സർക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതികൾക്ക് പുറത്തെന്ന് റിപ്പോർട്ട്.

2025–26 കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ രാജ്യത്തെ ഒരു കോടിയിലധികം വരുന്ന ഗിഗ് ജീവനക്കാർക്ക് ഇ-ശ്രം (e-Shram) പോർട്ടൽ വഴി ആരോഗ്യപരിരക്ഷ പ്രഖ്യാപിച്ചെങ്കിലും, താഴേത്തട്ടിൽ അത് നടപ്പിലാകുന്നതിലെ വലിയ വിടവാണ് കണക്കുകൾ വിളിച്ചു പറയുന്നത്. ദേശീയതലത്തിൽ 1.43 കോടി ഗിഗ് തൊഴിലാളികൾ ഉണ്ടെന്നാണ് നിതി ആയോഗ് കണക്കാക്കുന്നത്. എന്നാൽ കേന്ദ്ര ഇ-ശ്രം പോർട്ടലിൽ ആകെ രജിസ്റ്റർ ചെയ്തിട്ടുള്ളത് വെറും 8.58 ലക്ഷം പേർ മാത്രമാണ്. അപകട ഇൻഷുറൻസ്, പ്രസവാനുകൂല്യം തുടങ്ങിയവ ഉറപ്പുനൽകുന്ന 2020-ലെ സാമൂഹിക സുരക്ഷാ കോഡ് രാജ്യത്ത് വന്നെങ്കിലും പ്രായോഗികതലത്തിൽ ഇനിയും അത് വേഗത്തിലാക്കേണ്ടതുണ്ടെന്ന് ഈ കണക്കുകൾ ഓർമ്മിപ്പിക്കുന്നത്.

അഞ്ചു ലക്ഷത്തോളം പേർ കേരളത്തിലുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യസഭയിൽ നൽകിയിട്ടുള്ള മറുപടി പ്രകാരം കേരളത്തിൽ ആകെ ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് 11,219 ഗിഗ് തൊഴിലാളികൾ മാത്രമാണ്. നിതി ആയോഗിന്റെ കണക്കുകൾ വെച്ചുനോക്കുമ്പോൾ ഇത് ആകെ തൊഴിലാളികളുടെ വളരെ ചെറിയ ശതമാനം മാത്രമാണ്. ആകെ രജിസ്ട്രേഷന്റെ 35 ശതമാനത്തിലധികവും കൊച്ചി കേന്ദ്രീകരിച്ചാണ്. ഏറ്റവും കൂടുതൽ ഫുഡ് ഡെലിവറി എക്സിക്യൂട്ടീവുകളും ഓൺലൈൻ ടാക്സി ഡ്രൈവർമാരും പ്രവർത്തിക്കുന്നതും എറണാകുളത്താണ്. ഐടി മേഖലയുടെ സാന്നിധ്യവും നഗരവൽക്കരണവും കാരണം രജിസ്ട്രേഷനിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഈ ജില്ലകളാണ്. മലയോര-ഗ്രാമപ്രദേശങ്ങളായ വയനാട്, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ ആപ്പ് അധിഷ്ഠിത തൊഴിലുകൾ കുറവായതിനാൽ രജിസ്ട്രേഷൻ വളരെ പരിമിതമാണ്.

തൊഴിലാളികൾക്കിടയിൽ ഇ-ശ്രം രജിസ്ട്രേഷനെക്കുറിച്ചുള്ള വിവരമില്ലായ്മയാണ് പ്രധാന തടസ്സം. കൂടാതെ, സംസ്ഥാനത്ത് നിലവിലുള്ള പരമ്പരാഗത ക്ഷേമനിധി ബോർഡുകളിൽ ഇതിനകം അംഗങ്ങളായ തൊഴിലാളികൾ കേന്ദ്ര പോർട്ടലിൽ വീണ്ടും രജിസ്റ്റർ ചെയ്യാൻ വിമുഖത കാണിക്കതും തിരിച്ചടിയാണ്. അഗ്രഗേറ്റർ കമ്പനികൾ തങ്ങളുടെ ജീവനക്കാരുടെ വിവരങ്ങൾ കൃത്യമായി പോർട്ടലുമായി ബന്ധിപ്പിക്കാത്തതും മറ്റൊരു കാരണമാണ്.

കേന്ദ്ര പദ്ധതികളിലെ രജിസ്ട്രേഷൻ മന്ദഗതിയിലാണെങ്കിലും, ഗിഗ് തൊഴിലാളികളുടെ ദൈനംദിന ബുദ്ധിമുട്ടുകൾക്ക് പരിഹാരവുമായി കേരള തൊഴിൽ വകുപ്പ് പുതിയ ‘ഗിഗോൺ’ (GIGON) പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് തുടങ്ങി പൈലറ്റ് പ്രൊജക്റ്റിനെ വിലയിരുത്തിയ ശേഷം സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും ഗിഗോൺ ഹബുകൾ വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Gig workers in Kerala remain outside the benefits ‘portal’—will the state’s own ‘GigOn’ come to their aid?

LEAVE A REPLY

Please enter your comment!
Please enter your name here