ബംഗളൂരു | ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) ഗണിതശാസ്ത്ര പ്രൊഫസറായ മഹേഷ് കാക്ഡെ 2026-ലെ അന്താരാഷ്ട്ര രാമാനുജൻ പുരസ്കാരത്തിന് അർഹനായി. അൽജിബ്രായിക് നമ്പർ തിയറി (Algebraic Number Theory) എന്ന ഗണിതശാസ്ത്ര ശാഖയ്ക്ക് അദ്ദേഹം നൽകിയ മികച്ച സംഭാവനകളെ മാനിച്ചാണ് ഈ നേട്ടം. ഇന്റർനാഷണൽ സെന്റർ ഫോർ തിയറിറ്റിക്കൽ ഫിസിക്സും (ICTP) ഇന്റർനാഷണൽ മാത്തമാറ്റിക്കൽ യൂണിയനും (IMU) ചേർന്നാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
വികസ്വര രാജ്യങ്ങളിലെ 45 വയസ്സിൽ താഴെയുള്ള യുവ ഗണിതശാസ്ത്രജ്ഞർക്കായി 2005 മുതൽ വർഷം തോറും നൽകിവരുന്ന ഈ അവാർഡ് 10,000 യു.എസ് ഡോളർ (ഏകദേശം 8.3 ലക്ഷം രൂപ) ക്യാഷ് പ്രൈസ് അടങ്ങുന്നതാണ്. പ്രശസ്തമായ ഹിൽബർട്ടിന്റെ പന്ത്രണ്ടാമത്തെ പ്രശ്നം (Hilbert’s 12th problem) ഉൾപ്പെടെയുള്ള സങ്കീർണ്ണമായ ഗണിത സമസ്യകളിലേക്കാണ് അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ വെളിച്ചം വീശുന്നത്. കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി നേടിയ പ്രൊഫ. കാക്ഡെ മുൻപ് 2022-ൽ ഇൻഫോസിസ് പ്രൈസിനും അർഹനായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here