തിരുവനന്തപുരം l ഇന്ത്യയുടെ പാസഞ്ചര്‍ വാഹന വിപണിയില്‍ ഇന്ധന തിരഞ്ഞെടുപ്പില്‍ നിര്‍ണായക മാറ്റം പ്രകടമായത് ആഗസ്റ്റിലാണ്. സിഎന്‍ജി, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളുടെ സംയുക്ത റീട്ടെയില്‍ വില്‍പ്പന ആദ്യമായി പെട്രോള്‍ വാഹനങ്ങളെ മറികടന്നു. എഫ്എഡിഎയുടെ കണക്കുകള്‍ പ്രകാരം, ബദല്‍ ഇന്ധന വാഹനങ്ങള്‍ക്ക് 41.95% വിപണി വിഹിതം ലഭിച്ചപ്പോള്‍ പെട്രോള്‍/എഥനോള്‍ വാഹനങ്ങളുടെ വിഹിതം 40.85% ആയിരുന്നു.
ബദല്‍ ഇന്ധന വിഭാഗത്തില്‍ സിഎന്‍ജിയാണ് മുന്നില്‍ – 25.28%. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് 9.04%വും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 7.63%വുമാണ് വിഹിതം. ഡീസല്‍ വാഹനങ്ങളുടെ വിഹിതം 17.2% ആണ്. ഒരു വര്‍ഷം മുമ്പ് പെട്രോള്‍ വാഹനങ്ങള്‍ ബദല്‍ ഇന്ധന വിഭാഗത്തേക്കാള്‍ ഏകദേശം 11 ശതമാനം പോയിന്റ് മുന്നിലായിരുന്നിടത്താണ് ഇപ്പോഴത്തെ മാറ്റം.
കുറഞ്ഞ റണ്ണിംഗ് കോസ്റ്റിനും ഇ20 ഇന്ധനത്തിലേക്കുള്ള മാറ്റത്തെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ ആശങ്കകള്‍ക്കും ഈ മാറ്റത്തില്‍ പങ്കുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിനെ അപേക്ഷിച്ച് 17.51% വളര്‍ച്ച ഉണ്ടായെങ്കിലും, റെക്കോര്‍ഡ് ജൂലൈയെ അപേക്ഷിച്ച് വില്‍പ്പന 6.48% കുറഞ്ഞുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 24,23,201 വാഹനങ്ങളാണ് ആഗസ്റ്റില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. 70,000 ത്തില്‍ അധികം ഇരുചക്ര വാഹനങ്ങള്‍ ഇക്കാലയളവില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 22,000ത്തില്‍ കൂടുതല്‍ പാസഞ്ചര്‍ കാറുകള്‍ പുതുതായി നിരത്തിലെത്തി. എറണാകുളത്തെ മറികടന്ന് തിരുവനന്തപുരത്തെ ഗഘ 01 ആര്‍ടിഒ ഏറ്റവും ഉയര്‍ന്ന രജിസ്‌ട്രേഷനില്‍ ഉണ്ടെന്നാണ് അനൗദ്യോഗിക വിവരം.
വാഹന, ഇലക്ട്രോണിക് ഉല്‍പ്പന്ന വിപണികളില്‍ ഉത്സവകാല വില്‍പ്പനയ്ക്ക് വലിയ പ്രാധാന്യമുണ്ട്. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ കാലയളവില്‍ ഇന്ത്യന്‍ വാഹന വിപണി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന ഡീലര്‍മാരുടെ പ്രതീക്ഷ തെറ്റിയിട്ടില്ല.രാജ്യത്തെ ഇലക്ട്രിക് കാര്‍ വിപണിക്ക് കരുത്തേകുന്നതായിരുന്നു സെപ്റ്റംബറിലെും വില്‍പന കണക്കുകള്‍. 15ലേറെ ഇവി കാര്‍ നിര്‍മാതാക്കളെല്ലാം ചേര്‍ന്ന് 35,995 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. മുന്‍വര്‍ഷം സമാന മാസത്തെ അപേക്ഷിച്ച് 94 ശതമാനമാണ് വര്‍ധന. ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന ഇവി വില്പനയാണ് കഴിഞ്ഞ മാസം നടന്നത്. മുന്‍ മാസങ്ങളിലേതു പോലെ ടാറ്റ മോട്ടോഴ്‌സ് ആണ് സെപ്റ്റംബറിലും വിപണിയിലെ വമ്പന്മാര്‍. 41 ശതമാനം വിപണി വിഹിതത്തോടെ 14,769 യൂണിറ്റുകളാണ് ടാറ്റ വിറ്റഴിച്ചത്. മാരുതി സുസൂക്കിയെ പിന്തള്ളി കിയ മോട്ടോഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് കയറി. മഹീന്ദ്ര സെപ്റ്റംബര്‍ വില്‍പനയില്‍ 96 ശതമാനത്തിന്റെ നേട്ടമുണ്ടാക്കി. ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഒന്‍പത് ശതമാനം വര്‍ധനയോടെ മൂന്നാംസ്ഥാനത്താണ്. ടുവീലര്‍ ഇവിയില്‍ ടിവിഎസ് മോട്ടോര്‍, ബജാജ് ഓട്ടോ, ഏതര്‍ എനര്‍ജി, ഹീറോ മോട്ടോര്‍കോര്‍പ് എന്നീ കമ്പനികള്‍ ചേര്‍ന്ന് 76 ശതമാനം വിപണിയാണ് കൈവശം വയ്ക്കുന്നത്.














