ന്യൂഡല്‍ഹി | നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായി ടാറ്റ മോട്ടോഴ്‌സ്. മഹീന്ദ്രയെ മറികടന്നാണ് ടാറ്റയുടെ മുന്നേറ്റം. മാരുതി സുസുക്കിയാണ് വിപണിയില്‍ ഒന്നാം സ്ഥാനത്ത്.
2026-27 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ആറുമാസത്തില്‍ ടാറ്റ മോട്ടോഴ്‌സ് 3,76,840 കാറുകള്‍ വിറ്റപ്പോള്‍ മഹീന്ദ്രയുടെ വില്‍പന 3,58,142 യൂണിറ്റായി. കഴിഞ്ഞ സാമ്പത്തികവര്‍ഷം മഹീന്ദ്ര 6,60,276 വാഹനങ്ങള്‍ വിറ്റ് ടാറ്റയുടെ 6,51,261 യൂണിറ്റിനെക്കാള്‍ മുന്നിലായിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലും മഹീന്ദ്രയ്ക്കായിരുന്നു മുന്‍തൂക്കം.
പുതിയ ചെറുകാര്‍ മോഡലുകളുടെ അവതരണമാണ് ടാറ്റയുടെ വില്‍പന ഉയരാന്‍ പ്രധാന കാരണമെന്ന് വാഹനവിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. പഞ്ച്, ടിയാഗോ എന്നിവയുടെ പരിഷ്‌കരിച്ച പതിപ്പുകളും പെട്രോള്‍, ഡീസല്‍, സി.എന്‍.ജി, ഇലക്ട്രിക് വിഭാഗങ്ങളിലെ വൈവിധ്യമാര്‍ന്ന മോഡലുകളും ടാറ്റയ്ക്ക് നേട്ടമായി.

ഏപ്രിലില്‍ 59,000 യൂണിറ്റായിരുന്ന ടാറ്റയുടെ വില്‍പന സെപ്റ്റംബറില്‍ 68,810 യൂണിറ്റായി ഉയര്‍ന്നു. ഇതേസമയം മഹീന്ദ്രയുടെ വില്‍പന ഏപ്രിലിലെ 56,331ല്‍നിന്ന് സെപ്റ്റംബറില്‍ 64,092 യൂണിറ്റായി ഉയര്‍ന്നു. മധ്യവലുപ്പ, വലിയ എസ്‌യുവി വിഭാഗത്തില്‍ മഹീന്ദ്ര ശക്തമായി തുടരുമ്പോള്‍, ചെറുകാറുകളുടെ ഉയര്‍ന്ന വില്‍പനയിലൂടെയാണ് ടാറ്റ മുന്നേറ്റം ശക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here