തിരുവനന്തപുരം | ചരിത്രപ്രസിദ്ധമായ തിരുവനന്തപുരം മൃഗശാല മറ്റൊരു സ്ഥലത്തേക്കു മാറ്റി, അവിടം വികസിപ്പിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത് മുഖ്യമന്ത്രി വി.ഡി. സതീശനാണ്. പിന്നാലെ, മേയര്‍ വി.വി. രാജേഷും മുന്‍മേയര്‍ വി.കെ. പ്രശാന്തുമെല്ലാം നിലപാടുകള്‍ വ്യക്തമാക്കിയതോടെ ചര്‍ച്ചയും നീക്കത്തോടുള്ള പ്രതിഷേധങ്ങളും കനത്തു. നഗരത്തിലെ പ്രധാന ചര്‍ച്ചാ വിഷയമായി മ്യൂസിയം വളപ്പ് മാറിയപ്പോള്‍ കഴിഞ്ഞ ആഴ്ചകളില്‍ സന്ദര്‍ശകരും അവിടേക്ക് ഒഴുകി.
ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ ശ്രദ്ധയില്‍പ്പെട്ട മറ്റുചില വസ്തുതകളുണ്ട്. മ്യൂസിയം വളപ്പ് തലസ്ഥാന നഗരിയുടെ അവശേഷിക്കുന്ന ഹരിതാഭങ്ങളിലൊന്നാണ്. അത് ഇല്ലാതാക്കപ്പെടുമോയെന്ന ആശങ്കയാണ് പരിസ്ഥിതി പ്രേമികള്‍ ഉയര്‍ത്തുന്നത്. പ്രകൃതിയും സാംസ്‌കാരിക പൈതൃകവും ഒന്നിക്കുന്ന മ്യൂസിയംമൃഗശാല വളപ്പിലെ വിപുലമായ മരങ്ങള്‍ നഗരത്തിന്റെ പ്രധാന ‘ഹരിത ശ്വാസകോശ’മാണ്. ഹരിതാഭം നശിപ്പിക്കപ്പെട്ടാല്‍ ദേശീയ നഗരവികസന മാനദണ്ഡങ്ങളെയും തിരുവനന്തപുരം മാസ്റ്റര്‍ പ്ലാന്‍ വ്യവസ്ഥകളെയും പാലിക്കുന്നതിന് തിരിച്ചടിയാകുമെന്നാണ് വാദം.
നഗരവാസികള്‍ക്ക് ആവശ്യത്തിന് പച്ചപ്പും തുറസ്സായ സ്ഥലങ്ങളും ഉറപ്പാക്കുന്നതില്‍ തിരുവനന്തപുരം നഗരം ഇപ്പോള്‍ത്തന്നെ ഏറെ പിന്നിലാണെന്ന് മാസ്റ്റര്‍ പ്ലാന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു ദശലക്ഷം ജനസംഖ്യയുള്ള നഗരങ്ങളില്‍ കെട്ടിടനിര്‍മാണ മേഖല 50-55 ശതമാനമായിരിക്കണമെന്ന ഭവനനഗരകാര്യ മന്ത്രാലയത്തിന്റെ മാനദണ്ഡം നിലനില്‍ക്കെ, തിരുവനന്തപുരത്ത് ഇത് 77 ശതമാനമാണ്. ഇവിടെ കോണ്‍ക്രീറ്റ് നിര്‍മാണങ്ങള്‍ വരുന്നത് നഗരത്തിലെ വായുഗുണനിലവാരത്തെയും താപനിലയെയും ദോഷകരമായി ബാധിക്കും. നഗരത്തില്‍ ഒരാള്‍ക്ക് ലഭ്യമാകുന്ന ക്രമീകരിച്ച ഹരിതമേഖല വെറും 2.23 ചതുരശ്ര മീറ്റര്‍ മാത്രമാണ്. ശരാശരി ശിപാര്‍ശ ചെയ്യുന്ന 10-12 ചതുരശ്ര മീറ്ററിനേക്കാള്‍ വളരെ കുറവാണിത്. നഗരവിസ്തൃതിയുടെ 12-14 ശതമാനം വരെ ഹരിതവിനോദ മേഖലകള്‍ വേണമെന്നിരിക്കെ നിലവിലിത് വെറും 0.01 ശതമാനം മാത്രമാണ്.
മൃഗശാല മാറ്റാനുള്ള ചര്‍ച്ച സജീവമായി തുടരുന്നതിനിടെ, മൃഗക്കൈമാറ്റത്തിലും പ്രജനനത്തിലും രാജ്യത്തെ മറ്റ് മൃഗശാലകള്‍ക്ക് തിരുവനന്തപുരം മാതൃകയാണെന്നതിന്റെ വിവരങ്ങളും പരിശോധിക്കപ്പെടേണ്ടതുണ്ട്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ 64 മൃഗങ്ങളെ രാജ്യത്തെ വിവിധ മൃഗശാലകളിലേക്ക് കൈമാറുഷയും 56 മൃഗങ്ങളെ ഇവിടേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്.
ദക്ഷിണ അമേരിക്കന്‍ പക്ഷിയായ ‘ഗ്രേറ്റര്‍ റിയ’യുടെ വിജയകരമായ പ്രജനനം മൃഗശാലയ്ക്ക് നേട്ടമായി. ഇവിടെ ജനിച്ച 14 ബ്രൗണ്‍ റിയകളെയും 6 വെള്ള റിയകളെയും വണ്ടലൂര്‍, ഹൈദരാബാദ്, ശിവമൊഗ്ഗ മൃഗശാലകള്‍ക്ക് കൈമാറിയിട്ടുണ്ട്. സാധാരണയായി തടവുപരിസ്ഥിതിയില്‍ പ്രജനനം ദുഷ്‌കരമായ ഹൈനകളെ ഇവിടെ വിജയകരമായി വളര്‍ത്തി. ഇവിടെ ജനിച്ച ഒമ്പത് ഹൈനകളെയാണ് പുണെ, തിരുപ്പതി ഉള്‍പ്പെടെയുള്ള മൃഗശാലകള്‍ക്ക് നല്‍കിയത്.
മൃഗക്കൈമാറ്റ പദ്ധതിയുടെ ഭാഗമായി ഒരു സിംഹവാലന്‍ കുരങ്ങിനെയും (ലയണ്‍ടെയില്‍ഡ് മക്കാക്) ഒരു രാജവെമ്പാലയെയും ഗുജറാത്തിലെ ‘വന്താര’ കേന്ദ്രത്തിലേക്ക് ഉടന്‍ കൈമാറാനിരിക്കയാണ്.













