ന്യൂഡല്‍ഹി | അധികം വൈകാതെ ഇന്ത്യയിലെ റെയില്‍വേ പാളങ്ങളിലൂടെ 220 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ ഓടി തുടങ്ങും. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് ആസൂത്രണം ചെയ്ത ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യത്തെ സെമി ഹൈസ്പീഡ് പദ്ധതിക്ക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി.
അഹമ്മദാബാദ് (സര്‍ഖേജ്) – ധോലേര സെമി ഹൈ സ്പീഡ് ഡബിള്‍ ലൈന്‍ പദ്ധതി സബര്‍മതി മുതല്‍ ധോലേരവരെ പുതിയ റെയില്‍വേ ലൈന്‍ നിര്‍മ്മിച്ചാണ് നടപ്പാക്കുന്നത്. യാത്രാസമയം 48 മിനിട്ടായി കുറയും. ഈ സെമി ഹൈസ്പീഡ് റെയില്‍വേ രണ്ട് നഗരങ്ങളെ കൂടുതല്‍ അടുപ്പിക്കുക മാത്രമല്ല, നൂറുകണക്കിന് കിലോമീറ്റര്‍ അകലെ താമസിക്കുന്ന ആളുകളെ പരസ്പരം അടുപ്പിക്കുകയും ചെയ്യും. അഹമ്മദാബാദ്, ധോലേര എസ്‌ഐആര്‍, വരാനിരിക്കുന്ന ധോലേര വിമാനത്താവളം, ലോത്തല്‍ നാഷണല്‍ മാരിടൈം ഹെറിറ്റേജ് കോംപ്ലക്‌സ് (എന്‍എച്ച്എംസി) എന്നിവയ്ക്കിടയില്‍ വേഗത്തിലുള്ള കണക്റ്റിവിറ്റി പദ്ധതി സാധ്യമാക്കും.
ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈ സ്പീഡ് റെയില്‍ പദ്ധതിയെന്ന നിലയില്‍, രാജ്യത്തുടനീളം ഘട്ടം ഘട്ടമായി വരാനിരിക്കുന്ന സെമി ഹൈസ്പീഡ് റെയില്‍ പാളങ്ങള്‍ക്ക് ഇതായിരിക്കും റഫറന്‍സ്. ഏകദേശം 20,667 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയില്‍ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതി നിലവിലുള്ള റെയില്‍വേ ശൃംഖലയിലേക്ക് ഏകദേശം 134 കിലോമീറ്റര്‍ കൂടി കൂട്ടിച്ചേര്‍ക്കും. അഞ്ച് ലക്ഷത്തോളം ജനസംഖ്യയുള്ള ഏകദേശം 284 ഗ്രാമങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഏകദേശം 10 ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് തുല്യമായ പരിസ്ഥിതി സൗഹൃദാന്തരീക്ഷം പദ്ധതി സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2030-31 ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here