കൊറോണ വൈറസ് ബാധക്കു പിന്നാലെ മറ്റൊരു വൈറസ് അതിലും മാരകമായി പൊട്ടിപുറപ്പെടുമോയെന്ന ആശങ്ക. ഹാൻ്റവൈറസ് ബാധയുടെ പിടിയിലായിരിക്കുന്ന എംവി ഹോണ്ടിയസ് എന്ന ആഡംബര ക്രൂയിസ് കപ്പലിലേക്കാണ് ലോകത്തിൻ്റെ കണ്ണ്. കപ്പലിലെ ആകെ ഹാൻ്റാ വൈറസ് കേസുകളുടെ എണ്ണം എട്ടായെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കി.
23 രാജ്യങ്ങളിൽ നിന്നുള്ള 88 യാത്രക്കാരെയും 59 ജീവനക്കാരെയും വഹിച്ചുകൊണ്ട് സഞ്ചരിച്ച എംവി ഹോണ്ടിയസിലുണ്ടായ മൂന്ന് യാത്രക്കാരുടെ മരണത്തിനുകാരണം ഹാന്റവൈറസ് ആണെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചതോടെയാണ് അന്താരാഷ്ട്ര ആരോഗ്യ ആശങ്കയുടെ കേന്ദ്രബിന്ദുവായി ഈ ആഡംബര ക്രൂയിസ് കപ്പൽ മാറിയത്. ഇതുവരെ മൂന്ന് യാത്രക്കാർ മരണപ്പെട്ടു. ഒരു ബ്രിട്ടീഷ് പൗരൻ ദക്ഷിണാഫ്രിക്കയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
മേയ് നാലിനു ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം മരിച്ചവരിൽ ഡച്ച് ദമ്പതികളും ഒരു ജർമൻ പൗരനും ഉൾപ്പെടുന്നു. ഏപ്രിൽ 11ന് ഒരു ഡച്ച് പൗരനാണ് ആദ്യം മരണപ്പെട്ടത്. ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ഭാര്യക്കും രോഗം ബാധിച്ച് മരണപ്പെട്ടു. രോഗം ഗുരുതരമായ ഒരു ബ്രിട്ടീഷ് പൗരനെ അസൻഷൻ ദ്വീപിന് സമീപത്തുനിന്ന് ദക്ഷിണാഫ്രിക്കയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന് ഹന്റാവൈറസ് ബാധിച്ചതായി ജോഹന്നാസ്ബർഗിലെ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. സാഹചര്യം ഗുരുതരമായതോടെ രോഗവ്യാപനം തടയാനായി ആഗോളതലത്തിൽ കോൺടാക്ട് ട്രെയ്സിങ്ങിന് ഒരുങ്ങുകയാണ് ലോകാരോഗ്യ സംഘടന. വിദൂര ദക്ഷിണ അറ്റ്ലാന്റിക് ദ്വീപായ സെന്റ് ഹെലീനയ്ക്കും ജോഹന്നാസ്ബർഗിനും ഇടയിലുള്ള വിമാനത്തിൽ സഞ്ചരിച്ച 88 യാത്രക്കാരെ കണ്ടെത്താൻ ശ്രമങ്ങൾ ആരംഭിച്ചു.
എന്താണ് ഹാൻ്റവൈറസ് ? എലികളിലൂടെയും മറ്റ് ജീവികളിലൂടെയും പടരുന്ന മാരകമായ ഒരു വൈറസ് രോഗമാണ് ഹാൻ്റവൈറസ്. രോഗബാധിതരായ എലികളുടെ മൂത്രം, കാഷ്ഠം, ഉമിനീർ എന്നിവയുമായി നേരിട്ടു സമ്പർക്കത്തിലായാലോ ഇവ കലർന്ന വായു ശ്വസിച്ചിലോ വൈറസ് മനുഷ്യരിലേക്ക് എത്തും. ശ്വാസകോശത്തെയും ഹൃദയത്തെയും ബാധിക്കുന്ന ‘ഹാൻ്റവൈറസ് കാർഡിയോപൾമോണറി സിൻഡ്രോം’ആയി അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ഇതു പ്രത്യക്ഷപ്പെടുമ്പോൾ, യൂറോപ്പിലും ഏഷ്യയിലും വൃക്കകളെയും രക്തക്കുഴലുകളെയും ബാധിക്കുന്ന ‘റീനൽ സിൻഡ്രോമോടുകൂടിയ രക്തസ്രാവ പനി’യെന്ന രൂപത്തിലാണ് അനുഭവപ്പെടുന്നത്. രണ്ട് അവസ്ഥകളും കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ മാരകമായേക്കാം.
- 1970 കളിൽ തെക്കൻ കൊറിയയിലെ ഹാന്റാൻ നദിക്കടുത്താണ് ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്തത്. ഈ പേരു വന്നത് അങ്ങനെയാണ്. അതിനുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേസുകൾ താരതമ്യേന കുറവാണ്.
വൈറസ് ശരീരത്തിൽ പ്രവേശിച്ച് ഒന്ന് മുതൽ ആറ് ആഴ്ചകൾക്കുള്ളിലാണ് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നത്. ആദ്യഘട്ടത്തിൽ പനി, കടുത്ത തലവേദന, പേശീവേദന, വയറുവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളാണ് പ്രകടമാകുക. എന്നാൽ രോഗം കൂടിയാൽ ശ്വാസകോശത്തിൽ ദ്രാവകം നിറയുകയും ശ്വസിക്കാൻ പ്രയാസം നേരിടുകയും ചെയ്യും. രക്തസമ്മർദ്ദം കുറയുന്നതും വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നതും മരണത്തിന് കാരണമായേക്കാം. ഈ വൈറസിനെ പ്രതിരോധിക്കാൻ നിലവിൽ പ്രത്യേക വാക്സിനുകളോ കൃത്യമായ ആന്റിവൈറൽ മരുന്നുകളോ ലഭ്യമല്ല. തീവ്രപരിചരണവും ശ്വസന വൃക്ക സംബന്ധമായ സങ്കീർണ്ണതകൾ മുൻകൂട്ടി കണ്ട് ചികിത്സ നൽകുന്നതുമാണ് ചികിത്സാ രീതി.
- അപൂർവമായിമാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഹാൻ്റവൈറസ് രോഗം ബാധിച്ചാൽ അതീവ അപകടകാരിയാണ്. ഏഷ്യയിലും യൂറോപ്പിലും മരണനിരക്ക് 1% മുതൽ 15% വരെയാണെങ്കിൽ അമേരിക്കയിൽ 50% വരെ ഉയരാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
ഹാൻ്റാ വൈറസിൻ്റെ ആൻഡെസ് എന്ന അപൂർവ്വ വകഭേദമാണ് കപ്പലിലുള്ളവർക്ക് ബാധിച്ചത് രോഗ ബാധയെത്തുടർന്ന് പശ്ചിമാഫ്രിക്കൻ ദ്വീപ് രാഷ്ട്രമായ കേപ് വെർഡെ, കപ്പലിനോട് കടലിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. രോഗബാധിതരെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്. മാർച്ചിൽ തെക്കൻ അർജന്റീനയിലെ ഉഷുവയയിൽ നിന്ന് ‘അന്റാർട്ടിക് നേച്ചർ എക്സ്പെഡിഷൻ’ എന്ന പേരിൽ ആരംഭിച്ച വിനോദയാത്രയാണ് മരണക്കപ്പലായി മാറിയത്. ഒരാൾക്ക് 14,000 മുതൽ 22,000 യൂറോ വരെ (ഏകദേശം 13 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ) ടിക്കറ്റ് നിരക്കുള്ള യാത്രയായിരുന്നു ഇത്. നിലവിൽ പശ്ചിമാഫ്രിക്കൻ തീരത്തുള്ള കപ്പലിൽ ബ്രിട്ടൻ, അമേരിക്ക, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള നൂറ്റിയൻപതോളം യാത്രക്കാരുണ്ട്.
A deadly outbreak of Hantavirus on a luxury cruise ship mv-hondius has raised global concern after three passengers died and several others fell ill. WHO confirmed an eighth Hantavirus case in ship. A Swiss passenger is infected with the rare Andes variant, prompting a global contact tracing effort.














