ന്യൂഡല്‍ഹി | അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്‍ മുഹമ്മദ് സലിം ദോലയെ ഇന്ത്യയിലെത്തിച്ചു. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗവും അന്താരാഷ്ട്ര ഏജന്‍സികളും സംയുക്തമായി നടത്തിയ പ്രവര്‍ത്തനത്തിനൊടുവിലാണ് തുര്‍ക്കി ദോലയെ ഇസ്താംബൂളില്‍ നിന്ന് അറസ്റ്റ് ചെയ്ത് യുഎഇ വഴി ഇന്ത്യയിലേക്ക് നാടുകടത്തിയത്.

ഡോളയെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്ക് നാടുകടത്തിയതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാര്‍ക്കോട്ടിക് ബ്യൂറോയെ അഭിനന്ദിച്ചു.ദാവൂദിന്റെ ഡി കമ്പനിക്കു വേണ്ടി ലഹരിക്കടത്ത് നടത്തുന്നത് ഡോലയുടെ നേതൃത്വത്തിലാണെന്നാണ് അനുമാനം. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് തുടങ്ങി നിരവധി രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരു പ്രധാന അന്തര്‍ദേശീയ മയക്കുമരുന്ന് കടത്ത് സിന്‍ഡിക്കേറ്റ് ഡോള നിയന്ത്രിക്കുന്നുണ്ട്. മഹാരാഷ്ട്രയിലും ഗുജറാത്തിലും പലതവണ പിടിക്കപ്പെട്ട ഉയര്‍ന്ന മൂല്യമുള്ള ഹെറോയിന്‍, ചരസ്, മെഫെഡ്രോണ്‍, മെത്താംഫെറ്റാമൈന്‍ എന്നിവയ്ക്കു പിന്നില്‍ ഡോലയ്ക്ക് നേരിട്ടു പങ്കുണ്ടായിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

ഇന്ത്യയിലെ ഡൗണ്‍സ്ട്രീം വിതരണ ശൃംഖലകളിലേക്ക് ഒരു ബള്‍ക്ക് വിതരണക്കാരനെന്ന നിലയില്‍ ഡോളയുടെ പങ്ക് സ്ഥിരമായി ഉയരുകയും ചെയ്യുന്നുണ്ടായിരുന്നു. 5000 കോടിയിലധികം രൂപയുടെ ലഹരിയിടപാട് ഡോല നടത്തിയിട്ടുണ്ടെന്നാണ് എന്‍.സി.ബിയുടെ നിഗമനം. 2024 മാര്‍ച്ചില്‍ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2023 ജൂണില്‍ മുംബൈയില്‍ 20 കിലോ മെഫേഡ്രോണ്‍ പിടികൂടിയ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. 2025 ജൂണില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ നിന്ന് ഡോലയുടെ മകന്‍ താഹെര്‍ ദോലയെ വിജയകരമായി നാടുകടത്തി ഇന്ത്യയിലെത്തിച്ചിരുന്നു.

മാസങ്ങള്‍ക്കുശേഷം ഡോളയുടെ ശൃംഖലയിലെ പ്രാധാന കൂട്ടാളിയായ സലിം മുഹമ്മദ് സൊഹൈല്‍ ഷെയ്ഖിനെ ദുബായില്‍ നിന്ന് നാടുകടത്തി. പിന്നലെ മുംബൈ ആന്റിനാര്‍ക്കോട്ടിക്‌സ് സെല്‍ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് അന്വേഷണങ്ങള്‍ക്ക് പുറമേ, സലിം ഡോളയും കൂട്ടാളികളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീവ്രമായ പരിശോധനയിലാണ്. അവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here