ന്യൂഡല്‍ഹി | ആഗോള ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കരുത്ത് ഒരിക്കല്‍കൂടി തെളിയിച്ചുകൊണ്ട് ലോകത്തെ ആദ്യത്തെ ഒപ്‌റ്റോസാര്‍ ഉപഗ്രഹമായ ‘മിഷന്‍ ദൃഷ്ടി’ വിജയകരമായി വിക്ഷേപിച്ചു. മേയ് 2, ഞായറാഴ്ച ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 12.29 ന് കാലിഫോര്‍ണിയയില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം നടന്നത്. 190 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം, ബംഗളൂരു ആസ്ഥാപമായി പ്രവര്‍ത്തിക്കുന്ന ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ ഗാലക്‌സ് ഐ വികസിപ്പിച്ച ഏറ്റവും വലിയ ഭൗമ നിരീക്ഷണ ഉപഗ്രഹമാണിത്.
ഭാരതത്തിന്റെ ഭൂമിശാസ്ത്രവും കാലാവസ്ഥയുമാണ് ദൃഷ്ടിയെന്ന ആശയത്തിനു പിന്നില്‍. ഏത് സമയത്തും, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു മുകളില്‍, 70 ശതമാനവും മേഘങ്ങളാല്‍ മൂടപ്പെട്ടിരിക്കും. ഉപഗ്രഹ ഡേറ്റയുടെ ഉപയോക്താക്കള്‍ക്ക്, മേഘങ്ങള്‍ ഒരു അസൗകര്യം മാത്രമല്ല, അന്ധതയാണ്. ദുരന്ത നിവാരണം, കൃഷി, അടിസ്ഥാന സൗകര്യ നിരീക്ഷണം, സുരക്ഷാ നിരീക്ഷണം എന്നിവയ്ക്കായി ആപ്ലിക്കേഷന്‍ ലെയര്‍ ഉപയോക്താക്കള്‍ക്ക് വിശ്വസനീയമായ ചിത്രങ്ങള്‍ ആവശ്യമാണ്. പാരമ്പര്യമായി വേര്‍തിരിച്ച രണ്ട് സെന്‍സിങ് സാങ്കേതികവിദ്യകളെ ഒരൊറ്റ ഉപഗ്രഹത്തില്‍ സംയോജിപ്പിച്ചാണ് ദൃഷ്ടിയുടെ നിര്‍മാണം. ഒപ്റ്റിക്കല്‍ ഇമേജിങ് വ്യക്തതയും നിറവും നല്‍കുന്നു. അതേസമയം സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാറിന് മേഘാവരണമോ ലൈറ്റിങ് സാഹചര്യങ്ങളോ പരിഗണിക്കാതെ ഭൂമിയില്‍ ചിത്രം പകര്‍ത്താനാകും.
ദൃഷ്ടി ലോകത്തിലെ ഏറ്റവും മികച്ചവയുമായി മത്സരിക്കാന്‍ ലക്ഷ്യമിടുന്നത് റെസല്യൂഷനിലാണ്. സീരീസിലെ ആദ്യത്തെ ഉപഗ്രഹം ഏകദേശം 1.5 മീറ്റര്‍ റെസല്യൂഷനില്‍ ചിത്രങ്ങള്‍ നല്‍കും. ഇത് പല ഇന്ത്യന്‍ എസ്എആര്‍ പ്ലാറ്റ്‌ഫോമുകളും ആധിപത്യം പുലര്‍ത്തുന്ന അഞ്ച് മീറ്റര്‍ ക്ലാസ്സിനേക്കാള്‍ ഗണ്യമായി വ്യക്തതയുള്ളവയായിരിക്കും.
അഞ്ച് വര്‍ഷത്തെ തദ്ദേശീയമായ ഗവേഷണങ്ങളുടെ ഫലമായാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ആഗോളതലത്തില്‍ വിതരണം ചെയ്യുന്നതിനായി ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡുമായി ഗാലക്‌സ് ഐ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വരും ആഴ്ചകളില്‍ തന്നെ ഉപഗ്രഹത്തില്‍ നിന്നുള്ള ആദ്യ ദൃശ്യങ്ങള്‍ ലഭ്യമായി തുടങ്ങും. ഇന്ത്യന്‍ സ്വകാര്യ ബഹിരാകാശ മേഖലയുടെ വളര്‍ച്ചയുടെ ഉത്തമ ഉദാഹരണമാണ് ഈ നേട്ടം.
നേരത്തെ ഇത്തരത്തിലുള്ള ഒരു ഉപഗ്രഹം പ്രവര്‍ത്തനക്ഷമമായിരുന്നെങ്കില്‍, ഓപ്പറേഷന്‍ സിന്ദൂറിലെ ബോംബാക്രമണങ്ങളുടെ നാശനഷ്ട വിലയിരുത്തലുകളെക്കുറിച്ചുള്ള ഗുണമേന്മയുള്ള ചിത്രങ്ങള്‍ അമേരിക്കന്‍ വാണിജ്യ ഉപഗ്രഹങ്ങളെ ആശ്രയിക്കാതെതന്നെ ഇന്ത്യയ്ക്ക് ലഭ്യമാകുമായിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് നിരീക്ഷണ ശൃംഖല വിപുലീകരിക്കാനാണ് കമ്പനിയുടെ തീരുമാനം. മേഘങ്ങളിലൂടെയും ഇരുട്ടിലൂടെയും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ദൃഷ്ടി. ‘ഈ പ്രത്യേക ഉപഗ്രഹത്തിന്റെ പ്രത്യേകത ഒരേ ഉപഗ്രഹത്തില്‍ ഒരു മള്‍ട്ടിസ്‌പെക്ട്രല്‍ ക്യാമറയും സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ (എസ്എആര്‍) ഇമേജറും ഉള്‍ക്കൊള്ളുന്നു എന്നതാണ്. ഇത്തരത്തിലുള്ള ആദ്യത്തേതാണിത്.’ ഗാലക്‌സി ഐയുടെ സിഇഒയും സ്ഥാപകനുമായ സുയാഷ് സിങ് വ്യക്തമാക്കി.
Mission Drishti is India’s largest privately developed Earth observation satellite. GalaxEye launched Mission Drishti, the world’s first OptoSAR satellite, on 3 May 2026. The 190-kilogram satellite lifted off on a SpaceX Falcon 9 rocket from Vandenberg, California.













