അന്റാര്‍ട്ടിക്ക് കടലിലെ മഞ്ഞുപാളികളുടെ ദ്രുതഗതിയിലുള്ള നഷ്ടം എംപറര്‍ പെന്‍ഗ്വിനുകളെ വംശനാശഭീഷണി നേരിടുന്നവരാക്കി. മഞ്ഞുപാളികള്‍ക്കിടയിലെ എംപറര്‍ പെന്‍ഗ്വിനുകളുടെ ആവാസവ്യവസ്ഥ തകര്‍ന്നുവീഴുന്നത് മൂലം സംഭവിക്കുന്ന കുഞ്ഞുങ്ങളുടെ കൂട്ട മരണം കണക്കിലെടുത്താണ് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) ഈ ഇനത്തെ വംശനാശഭീഷണി നേരിടുന്നവരെന്ന് ഔദ്യോഗിമായി തരംതിരിച്ചത്. ഇതുവരെ ഇവര്‍ വംശനാശ ഭീഷണിയുടെ വക്കിലുള്ള ജീവിവിഭാഗമായിരുന്നു.

ചക്രവര്‍ത്തി പെന്‍ഗ്വിനുകള്‍ ഇനി ചുവപ്പു പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. അന്റാര്‍ട്ടിക്ക് തീരപ്രദേശത്തെ സ്ഥിരതയുള്ള ‘ഫാസ്റ്റ് ഐസിനെ’യാണ് എംപറര്‍ പെന്‍ഗ്വിനുകള്‍ വര്‍ഷത്തിന്റെ ഭൂരിഭാഗം സമയവും ആശ്രയിക്കുന്നത്. പ്രജനനം, കുഞ്ഞുങ്ങളെ വളര്‍ത്തല്‍ തുടങ്ങിയവയ്ക്ക് ഈ തണുത്തുറഞ്ഞ പ്രതലം അവയ്ക്ക് അത്യാവശ്യമാണ്.

ആഗോള താപനില ഉയരുന്നതിനനുസരിച്ച്, 2016 മുതല്‍ അന്റാര്‍ട്ടിക്ക് കടലിലെ മഞ്ഞുകട്ടകള്‍ റെക്കോര്‍ഡ് വേഗത്തില്‍ ഉരുകുകയാണ്. വളരെ നേരത്തെതന്നെ ഐസ് പൊട്ടുമ്പോള്‍, മുഴുവന്‍ പ്രജനന കേന്ദ്രങ്ങളും തകരുന്നു. അതിജീവിക്കാനും മുന്നേറാനുമുള്ള ശേഷി കൈവരിക്കുന്നതിനു മുന്നേ വെള്ളത്തിലേക്ക് വീഴുന്നത് കുഞ്ഞുങ്ങള്‍ കൂട്ടമായി ചാകുന്നതിനുവരെ കാരണമാകുന്നു. 2022ല്‍, ബെല്ലിംഗ്ഷൗസെന്‍ കടലിലെ അഞ്ച് പ്രജനന കോളനികളില്‍ നാലെണ്ണം തകര്‍ന്നു. ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ മരിച്ചു. 2016ല്‍ വെഡല്‍ കടലിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആഗോളതലത്തില്‍ എംപറര്‍ പെന്‍ഗ്വിനുകളുടെ എണ്ണം ഏകദേശം 5,95,000 ആണെന്നാണ് കണ്ടെത്തല്‍. 2009 നും 2018 നും ഇടയില്‍ എണ്ണത്തില്‍ 10% കുറവുണ്ടായിട്ടുണ്ട്. മഞ്ഞുരുകുന്നത് തുടര്‍ന്നാല്‍ അടുത്ത 50 വര്‍ഷത്തിനുള്ളില്‍ അംഗസംഖ്യ 50% വരെ കുറഞ്ഞേക്കുമെന്നാണ് വിദഗ്ധര്‍ ആശങ്കപ്പെടുന്നത്. അന്റാര്‍ട്ടിക്കയിലെ ഫര്‍സീലുകളും വംശനാശവക്കിലാണ്. 2025 ആയപ്പോഴേക്കും ഇവയുടെ എണ്ണം 21 ലക്ഷത്തില്‍നിന്ന് ഒന്‍പത് ലക്ഷമായി. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ഉള്‍പ്പെടെയുള്ള സംഘടകള്‍ കൂടുതല്‍ ശക്തമായ സംരക്ഷണങ്ങള്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here