ന്യൂഡൽഹി | നിലവിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ ഒരു ദിവസം വൈകിയാലും കുറ്റമാണ്. ഇനി അങ്ങോട്ട് കാലാവധി കഴിഞ്ഞും 30 ദിവസത്തേക്ക് ലൈസൻസിനു സാധ്യതയുണ്ടാകും. ഇതു മാത്രമല്ല, ചെറിയ ഒരു കൂട്ടം കുറ്റങ്ങൾക്ക് തടവ് ശിക്ഷ ഒഴിവായി. പിഴയോ താക്കീതോ വാങ്ങി കേസ് അവസാനിപ്പിക്കാം… ചെറുകിട നിയമലംഘനങ്ങളെ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ നിന്ന് ഒഴിവാക്കുന്നതും ശിക്ഷ ലഘൂകരിക്കുന്നതും ഉൾപ്പെടെ, 23 മന്ത്രാലയങ്ങൾ നിയന്ത്രിക്കുന്ന 79 കേന്ദ്ര നിയമങ്ങളിലെ 784 വ്യവസ്ഥകൾ ഭേദഗതി ചെയ്തു. ഇതിനായി അവതരിപ്പിച്ച ജൻ വിശ്വാസ് ( വ്യവസ്ഥകളുടെ ഭേദഗതി ) ബിൽ 2026 പാർലമെന്റിന്റെ ഇരു സഭകളും പാസാക്കി.
പാർലമെൻ്റ് പാസാക്കിയ ബില്ല് നിയമമാകുന്നതോടെ നിലവിലെ ആയിരത്തോളം ചെറിയ കുറ്റകൃത്യങ്ങൾ കുറ്റകരമല്ലാതാകും. ഇത്തരം അഞ്ചു കോടിയിൽപരം കേസുകളാണ് രാജ്യത്തെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നത്. ഇവ അതിവേഗം തീർപ്പാക്കാൻ അപേക്ഷ നൽകാൻ പ്രോസിക്യൂട്ടർമാർക്ക് നിർദ്ദേശം നൽകുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കി. സംസ്ഥാനങ്ങളും അടിയന്തരമായി നിയമങ്ങൾ ഭേദഗതി ചെയ്യേണ്ടതുണ്ട്. കോടതികളുടെ ഭാരം കുറയ്ക്കുക കാലഹരണപ്പെട്ട ചട്ടങ്ങൾ നീക്കുക എന്നിവയാണ് ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നത്.
ജൻ വിശ്വാസ് ബില്ലിൻ്റെ ആകെ തുക ഇങ്ങനെയാന്നെന്നു പറയാം.
- 317 വകുപ്പുകളിൽ ക്രിമിനൽ കേസൊഴിവാക്കി പിഴ മാത്രമാക്കി
- 158 വ്യവസ്ഥകളിലെ പിഴ ഒഴിവാക്കി
- 29 വകുപ്പുകളിലെ തടവുശിക്ഷ ഒഴിവാക്കി
- 113 വകുപ്പുകളിലെ തടവും പിഴയും പിഴ മാത്രമാക്കി
- 57 വകുപ്പുകളിലെ തടവും പിഴയും ഒഴിവാക്കി
- 63 വ്യവസ്ഥകളിൽ കുറ്റം ആദ്യമെങ്കിൽ താക്കീത്
- 17 വകുപ്പുകളിലെ ശിക്ഷാകാലയളവ് കുറച്ചു
ശാസനാധിഷ്ഠിത ചട്ടക്കൂടിനെ ശക്തിപ്പെടുത്തി, ചെറിയ പൗര ലംഘനങ്ങളെ ക്രിമിനൽ പ്രോസിക്യൂഷനു പകരം സിവിൽ ശിക്ഷകളും മുന്നറിയിപ്പ് ആദ്യം തത്വങ്ങളും കൊണ്ടു കൈകാര്യം ചെയുന്ന സമീപനമാണ് ഭേദഗതിയിലൂടെ കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 2006 ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമം, 1988 ലെ മോട്ടോർ വാഹന നിയമം എന്നിവയാണ് ബില്ലിൽ ഭേദഗതി ചെയ്യുന്ന പ്രധാന നിയമങ്ങൾ. റിയൽ എസ്റ്റേറ്റ്, കൽക്കരി, ഖനനം, ഷിപ്പിംഗ്, പെട്രോളിയം, വൈദ്യുതി, റെയിൽവേ, പകർപ്പവകാശം, പേറ്റന്റുകൾ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളും ബില്ലിലൂടെ ഭേദഗതി ചെയ്തിട്ടുണ്ട്.
ചില മാറ്റങ്ങൾ ഉദാഹരണമായി ചൂണ്ടികാട്ടാം.
- 1940-ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം, മുമ്പ് നിയമം ലംഘിച്ച് സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമ്മിക്കുകയോ വിൽക്കുകയോ ചെയ്യുന്നതുപോലുള്ള പ്രവർത്തനങ്ങൾക്ക് ഒരു വർഷം വരെ തടവും പിഴയും അല്ലെങ്കിൽ രണ്ടും കൂടിയും ലഭിക്കുമായിരുന്നു. ബില്ലിൽ ഇതിനുപകരം ഒരു ലക്ഷം രൂപ വരെയോ കണ്ടുകെട്ടിയ വസ്തുക്കളുടെ മൂല്യത്തിന്റെ മൂന്നിരട്ടിവരെയോ, ഏതാണ് ഉയർന്നത് അത് ആദ്യ കുറ്റകൃത്യത്തിന് ഈടാക്കാനാണ് നിർദ്ദേശിക്കുന്നത്.
- സമാനമായ രീതിയിൽ, 1956 ലെ നാഷണൽ ഹൈവേ ആക്ട് പ്രകാരം, ഒരു ഹൈവേയെ സുരക്ഷിതമല്ലാത്തതാക്കുകയോ അതിന്റെ ഉപയോഗം തടസ്സപ്പെടുത്തുകയോ ചെയ്യുന്ന പ്രവൃത്തികൾ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു. പുതിയ ബില്ലിൽ ജയിൽ ശിക്ഷ ഒഴിവാക്കുകയും പകരം 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെ പിഴ നിർദ്ദേശിക്കുകയും ചെയ്യുന്നു. ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീർന്നാലും 30 ദിവസം വരെ ഉപയോഗിക്കാൻ അനുവദിക്കുന്നത് അടക്കം മോട്ടോർ വാഹന നിയമത്തിൽ മാത്രം 20 ഭേദഗതികൾ ഉണ്ട്. ഡ്രൈവിംഗ് ലൈസൻസ്, കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് പുതുക്കിയാലും കാലാവധി തീർന്ന തീയതി മുതൽ തന്നെയാകും പ്രാബല്ല്യം. വാഹനം ഇടിച്ചുണ്ടാകുന്ന അപകടം അറിയിക്കാതിരുന്നാൽ നേരത്തെ ജയിൽ ശിക്ഷയും 25000 രൂപ മുതൽ 5 ലക്ഷം രൂപവരെ പിഴയും ചുമത്തിയിരുന്നു. ഇനി അങ്ങോട്ട് ഒന്നു മുതൽ അഞ്ചു ലക്ഷം രൂപ വരെ പിഴ ശിക്ഷ മാത്രമായിരിക്കും ചുമത്തുക. ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിക്കുന്നവർക്ക് 5000 മുതൽ 10000 രൂപ വരെ പിഴ ഈടാക്കാൻ വ്യവസ്ഥ ഉൾപ്പെടുത്തി.വാഹനാപകട നഷ്ടപരിഹാരത്തിന് ആറുമാസത്തിനകം ഹർജി നൽകണമെന്ന നിലവിലെ വ്യവസ്ഥയിൽ 12 മാസം കൂടി അധികമായി അനുവദിക്കാൻ ഭേദഗതി ഉൾപ്പെടുത്തി. ബസിൽ ടിക്കറ്റില്ല യാത്രയ്ക്ക് കേസ് ഇല്ല. പകരം 500 രൂപ പിഴ ചുമത്തും. ട്രെയിനിൽ റിസർവ് ബർത്ത് കൈയ്യടക്കിയാൽ കേസെടുക്കില്ല. പകരം ആയിരം രൂപ പെനാൽറ്റി ഈടാക്കും.
- പൊതുകുടിവെള്ളം ദുരുപയോഗം ചെയ്താൽ പോക്കറ്റിൽ നിന്നു രൂപ 1000 പോയികിട്ടും. കുറ്റം ചെറുതാണെങ്കിലും ആവർത്തിച്ചാൽ പണി പാളും. ശബ്ദമലിനീകരണത്തിന് ആദ്യം താക്കീത് നൽകും. വീണ്ടും ആവർത്തിച്ചാൽ കടുത്ത വകുപ്പ് ചുമത്താൻ വ്യവസ്ഥ വന്നത് ഉദാഹരണം.
ചെറിയ നടപടിക്രമ ലംഘനങ്ങൾക്ക് തടവ് ഉൾപ്പെടെയുള്ള ക്രിമിനൽ ശിക്ഷകൾക്കു പകരം ഗ്രേഡഡ് മോണിറ്ററി പിഴകൾ ഏർപ്പെടുത്തുകയെന്നതാണ് ഈ പരിഷ്കാരങ്ങളുടെ ഒരു പ്രധാന സവിശേഷത. പൊതുജനാരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്ന ഗുരുതരമായ ലംഘനങ്ങൾക്ക് കർശന നടപടി നിലനിർത്തിക്കൊണ്ട് കൂടുതൽ സുഗമമായ നിയന്ത്രണ ചട്ടക്കൂടിലേക്കുള്ള മാറ്റമാണിതെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സമയങ്ങളെ നിയമഭേദഗതി സഹായിക്കും. നീതി ആയോഗിനു കീഴിലുള്ള ഉന്നതതല സമിതി യോഗങ്ങളും വ്യവസായ പ്രമുഖരും വിഷയ വിദഗ്ധരും പങ്കെടുത്ത 49 സിറ്റിങ്ങുകൾ ഉൾപ്പെട്ട പ്രക്രിയയിലൂടെയാണ് ഭേദഗതികൾ തയ്യാറാക്കിയത്.
The Jan Vishwas (Amendment of sections) Bill, 2026, which amends 784 sections in 79 central laws to decriminalise and rationalise minor infractions in order to further improve the business environment and prevent harassment of individuals, was enacted by Parliament












