ഇന്ത്യന്‍ വാഹന വിപണിയില്‍ മഹേന്ദ്ര താറിനു നിരവധി ആരാധകരുണ്ട്. ഓഫ് റോഡ് യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും കുടുംബവാഹനമായി താര്‍ പരിഗണിക്കുന്നവര്‍ക്കും ഇവന്‍ ഒരുപോലെ പ്രീയപ്പെട്ടതാണ്. രാജ്യത്തെ സുരക്ഷാ സേനകളുടെയും സായുധ സേനകളുടെയും ഭാഗമാകാനുള്ള രൂപമാറ്റത്തിലാണ് താറിപ്പോള്‍. താര്‍ റോക്‌സ് അധിഷ്ഠിത ഓള്‍ ടെറൈന്‍ വെഹിക്കിളിന്റെ (എടിവി) വിശദാംശങ്ങള്‍ മഹേന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടു. പരീക്ഷണത്തിനായി വാഹനം ഇന്ത്യന്‍ സൈന്യത്തിനു കൈമാറുമെന്ന് അദ്ദേഹം വ്യക്തമാക്കി.
‘അധികമൊന്നുമില്ല. അലങ്കാരങ്ങളില്ല. കൃത്യമായ പ്രവര്‍ത്തനം ലക്ഷ്യം വെച്ചുള്ള കഴിവുകള്‍ മാത്രം. ഓരോ ബാറും, ഓരോ മൗണ്ടും, ഓരോ ഇഞ്ചും അതിന്റേതായ ജോലി ചെയ്യുന്നു. നമ്മുടെ സുരക്ഷാ സേനങ്ങള്‍ക്കായി പ്രത്യേകം നിര്‍മ്മിച്ചതാണിത്. അവര്‍ക്കുവേണ്ടി ഇത്തരം സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ അഭിമാനമുണ്ട്.’ എ.ടി.വി അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്റില്‍ മഹീന്ദ്ര പറയുന്നു.
ഗണ്‍ മൗണ്ട്, എയര്‍ഡ്രോപ്പ് സജ്ജീകരണങ്ങളുള്ള ഥാര്‍ റോക്‌സ് അധിഷ്ഠിത എടിവിയാണിത്. പര്‍വതങ്ങള്‍, മരുഭൂമികള്‍, വിദൂര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് വാഹനം. ഈടുനില്‍പ്പ്, അറ്റകുറ്റപ്പണികള്‍ ചെയ്യാനുള്ള എളുപ്പം, പ്രവര്‍ത്തനക്ഷമത എന്നിവയാണ് സവിശേഷതകള്‍. മഹീന്ദ്ര ഥാര്‍ റോക്‌സിന്റെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും തന്ത്രപരമായ പതിപ്പാണിത്. ഥാര്‍ റോക്‌സിനെ അടിസ്ഥാനമാക്കിയാണ് എടിവി നിര്‍മ്മിച്ചതെങ്കിലും, പ്രതിരോധ ആവശ്യങ്ങള്‍ക്കായി മഹീന്ദ്ര നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പുറംഭാഗത്ത് തുടങ്ങി, മുന്‍വശത്ത് സ്റ്റാന്‍ഡേര്‍ഡ് റോക്‌സില്‍ നിന്നുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകളും ആറ് സ്ലാറ്റഡ് ഗ്രില്ലും നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളില്‍ നിന്ന് വാഹനത്തെ പുറത്തുകൊണ്ടുവരാന്‍ വിഞ്ച് ഉള്ള കട്ടികൂടിയ ബമ്പര്‍ ഉള്‍പ്പെടുത്തി. വര്‍ദ്ധിച്ച കാഠിന്യത്തിനായി വിന്‍ഡ്ഷീല്‍ഡിന് ഒരു മെറ്റല്‍ ട്യൂബ് വഴി അധിക സംരക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടാതെ ലൈറ്റിംഗ് മൗണ്ടുകളുമുണ്ട്. വിദൂര പ്രദേശങ്ങളിലെ അറ്റകുറ്റപ്പണികള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ ബോണറ്റില്‍ ഒരു ഫാം ജാക്കുണ്ട്.
സ്റ്റാന്‍ഡേര്‍ഡ് വാതിലുകള്‍ ട്യൂബുലാര്‍ ഫ്രെയിമുകള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു. എളുപ്പത്തില്‍ കയറാനും ഇറങ്ങാനും സാധിക്കുന്ന രീതിയിലാണ് ലോഹ പൈപ്പ് വാതിലുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത് 7.62 എംഎം കാലിബര്‍ മീഡിയം മെഷീന്‍ ഗണ്ണിന് അനുയോജ്യമായ 360 ഡിഗ്രി ടററ്റ് ഘടിപ്പിക്കാനും ഉപയോഗിക്കാം. പരമ്പരാഗത മേല്‍ക്കൂരയ്ക്ക് പകരം ഒരു റോള്‍ കേജ്. മേല്‍ക്കൂരയിലേക്കു എളുപ്പത്തിലുള്ള ആക്‌സസ്സിനും ലോഡ് ഹാന്‍ഡ്‌ലിങ്ങിനും സാധാരണ മോഡലിന്റെ ഡോര്‍ഹിംഗ് പോയിന്റുകള്‍, ഗ്രാബ് ഹാന്‍ഡിലുകള്‍ മാറ്റിസ്ഥാപിച്ചതായി ചിത്രങ്ങളില്‍ കാണാം. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുള്ള 18 ഇഞ്ച് ഓള്‍ടെറൈന്‍ ടയറുകളിലാണ് എടിവിക്കുള്ളത്.
മഹീന്ദ്ര എടിവിക്ക് കരുത്ത് പകരുന്നത് 172 എച്ച്പിയും 400 എന്‍എം ടോര്‍ക്കും നല്‍കുന്ന ഥാര്‍ റോക്‌സിന്റെ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ്. 6 സ്പീഡ് ടോര്‍ക്ക്കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, 4-4 െ്രെഡവ്‌ട്രെയിന്‍ എന്നിവയുമായി ഇതു യോജിപ്പിച്ചിരിക്കുന്നു. ഇന്റീരിയര്‍ സംബന്ധിച്ച് മഹീന്ദ്ര ഇതുവരെ പ്രത്യേക വിശദാംശങ്ങള്‍ പങ്കുവെച്ചിട്ടില്ല. എന്നാല്‍ ലഭ്യമായ ചിത്രങ്ങള്‍ സീറ്റുകള്‍ക്ക് ആര്‍മി ഗ്രീന്‍ ഫിനിഷ് കാണിക്കുന്നുണ്ട്. ബെംഗളൂരു ആസ്ഥാനമായുള്ള പ്രാഡ് 4-4 എന്ന സ്ഥാപനവുമായി സഹകരിച്ചാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്.
Anand Mahindra, Chairperson of Mahindra & Mahindra, recently revealed a specialised All-Terrain Vehicle (ATV) designed for security and armed forces.













