ന്യൂഡൽഹി l ഇറക്കുമതി ചെയ്യുന്ന ജി.പി.യു. സാങ്കേതികവിദ്യയിലുള്ള ആശ്രിതത്വം കുറയ്ക്കാൻ വഴി തുറന്ന് ഡൽഹി ഐ.ഐ.ടി തദ്ദേശീയമായ മൈക്രോ-ജി.പി.യു. വികസിപ്പിച്ചു. ചിത്രങ്ങൾ, ഗ്രാഫിക്സ്, ദൃശ്യവിവരങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന പ്രോസസറാണ് ജി.പി.യു. നിലവിൽ ആധുനിക ഹാർഡ്വെയറിൽ ഉപയോഗിക്കുന്ന ജി.പി.യുകളിൽ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നതാണ്.
ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ ഗവേഷകർ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ച സാങ്കേതികവിദ്യ രാജ്യത്തെ ആദ്യത്തെ പ്രവർത്തനക്ഷമവും പ്രദർശിപ്പിക്കാനാകുന്നതുമായ ഒന്നായി മാറിയെന്ന് സർവകലാശാല അവകാശപ്പെട്ടു. സാധാരണ എഫ്.പി.ജി.എ. ഡെവലപ്മെന്റ് ബോർഡിൽ സാങ്കേതികവിദ്യയുടെ പ്രവർത്തനം വിജയകരമായി പ്രദർശിപ്പിക്കുകയും ചെയ്തു. എം.ടെക് വിദ്യാർഥികളായ നാമ്മി ആകാശും എം. രവി തേജയും പ്രൊഫ. ജയദേവ, പ്രൊഫ. കൗശിക് സാഹ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്.
വലിയ കമ്പ്യൂട്ടറുകളിലും ഗെയിമിങ് സംവിധാനങ്ങളിലും ഉപയോഗിക്കുന്ന ജി.പി.യു.കളേക്കാൾ ചെറുതും കുറഞ്ഞ ചെലവിൽ പ്രവർത്തിക്കുന്ന എംബഡഡ് ഉപകരണങ്ങൾക്കായി ഉപയോഗിക്കാവുന്നതുമാണ് പുതിയ മൈക്രോ-ജി.പി.യു. വ്യാവസായിക ഡിസ്പ്ലേ സംവിധാനങ്ങൾ, ലളിതമായ മനുഷ്യ-യന്ത്ര ഇന്റർഫേസുകൾ, ഇ-റിക്ഷ ഡാഷ്ബോർഡ് നാവിഗേറ്ററുകൾ, ചെറുകിട മത്സ്യബന്ധന ബോട്ടുകളിലെ നാവിഗേഷൻ ടെർമിനലുകൾ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ഇ-ബുക്ക് റീഡറുകൾ തുടങ്ങിയവയിൽ ഇത് ഉപയോഗിക്കാനാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
സ്പാർട്ടൻ-7 എഫ്.പി.ജി.എ. ബോർഡിൽ ഗ്രാഫിക്സ് റെൻഡർ ചെയ്താണ് മൈക്രോ-ജി.പി.യുവിന്റെ പ്രവർത്തനം പ്രദർശിപ്പിച്ചത്. എഫ്.പി.ജി.എ. പോലുള്ള പ്രോഗ്രാം ചെയ്യാവുന്ന ഹാർഡ്വെയറിൽ ഉപയോഗിക്കാനും ഭാവിയിൽ നേരിട്ട് ചിപ്പിൽ ഉൾപ്പെടുത്താനും കഴിയുന്ന തരത്തിലാണ് രൂപകൽപ്പന.
കൂടുതൽ വികസനത്തിന്റെ ഭാഗമായി 8 മുതൽ 16 കോർ വരെയുള്ള ഗ്രാഫിക്സ് പ്രോസസർ ആർക്കിടെക്ചർ, ഒപ്റ്റിമൈസ്ഡ് കംപൈലർ, സോഫ്റ്റ്വെയർ ടൂളുകൾ എന്നിവ വികസിപ്പിക്കാനാണ് സംഘത്തിന്റെ പദ്ധതി. 65 നാനോമീറ്റർ ചിപ്പ് നിർമാണ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രൂഫ് ഓഫ് കോൺസെപ്റ്റും ലക്ഷ്യമിടുന്നുണ്ട്.
IIT Delhi Researchers Develop India’s First Micro-Graphics Processing Unit.The micro-GPU architecture is designed to enable indigenous graphics and display-processing systems for embedded applications. Graphics Processing Units (GPUs) are widely used in modern computing hardware, including artificial intelligence and machine learning systems.














