കേപ് ടൗൺ | സൗരയൂഥത്തിന് പുറത്തുള്ള ഒരു അന്യഗ്രഹത്തിൽ (Exoplanet) നിന്നും ചരിത്രത്തിലാദ്യമായി നേരിട്ടുള്ള റേഡിയോ സിഗ്നലുകൾ കണ്ടെത്തി ശാസ്ത്രജ്ഞർ. ഭൂമിയിൽ നിന്നും ഏകദേശം 63-64 പ്രകാശവർഷം അകലെയുള്ള ‘ബീറ്റാ പിക്റ്റോറിസ് ബി’ (Beta Pictoris b) എന്ന ഭീമൻ വാതക ഗ്രഹത്തിൽ നിന്നാണ് ഈ സന്ദേശങ്ങൾ ലഭിച്ചത്. ദക്ഷിണാഫ്രിക്കയിലെ അത്യാധുനിക ‘മീർകാറ്റ്’ (MeerKAT) റേഡിയോ ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.
‘പിക്റ്റർ’ (Pictor) നക്ഷത്രസമൂഹത്തിലെ ഒരു യുവനക്ഷത്രത്തെ വലംവെക്കുന്ന ഈ ഗ്രഹം അതിന്റെ അതിവേഗ ഭ്രമണത്തിന് പേരുകേട്ടതാണ്. വെറും എട്ട് മുതൽ ഒൻപത് മണിക്കൂർ കൊണ്ട് ഇത് ഒരു തവണ സ്വയം ഭ്രമണം പൂർത്തിയാക്കും. ഗ്രഹത്തിലെ ശക്തമായ ധ്രുവദീപ്തിയാണ് (Auroras) ഈ റേഡിയോ തരംഗങ്ങൾക്ക് കാരണമായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത്. ചാർജ്ജ് ചെയ്യപ്പെട്ട കണികകൾ ഗ്രഹത്തിന്റെ കാന്തികവലയവുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് ഈ പ്രതിഭാസമുണ്ടാകുന്നത്.
അകലെയുള്ള ക്വാസാറുകളുടെ (Quasars) സ്ഥാനവുമായി താരതമ്യം ചെയ്ത്, ഈ സിഗ്നലുകൾ നക്ഷത്രത്തിൽ നിന്നല്ല, മറിച്ച് ഗ്രഹത്തിൽ നിന്ന് തന്നെയാണ് പുറപ്പെടുന്നതെന്ന് ഗവേഷകർ സ്ഥിരീകരിച്ചു. ഈ കണ്ടെത്തലിലൂടെ ഭൂമിയേക്കാൾ കുറഞ്ഞത് 1,250 മടങ്ങ് ശക്തമായ കാന്തികവലയമാണ് ഈ ഗ്രഹത്തിനുള്ളതെന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു. അന്യഗ്രഹങ്ങളുടെ കാന്തിക അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാൻ പുതിയ വാതിലുകൾ തുറക്കുന്നതാണ് ഈ കണ്ടുപിടിത്തം.

LEAVE A REPLY

Please enter your comment!
Please enter your name here