ന്യൂഡൽഹി l ലോക്സഭയുടെയും നിയമസഭകളുടെയും മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിശ്ചയിക്കാനും ഓരോ സംസ്ഥാനത്തിന്റെയും ജനപ്രതിനിധികളുടെ എണ്ണം പുതുക്കാനുമുള്ള നടപടിയാണ് മണ്ഡല പുനർനിർണയം (ഡിലിമിറ്റേഷൻ). 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വനിതകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ പുതിയ മണ്ഡല പുനർനിർണയ നിയമനിർമാണത്തിന് ഒരുങ്ങുകയാണ്.ലോക്സഭയുടെ പരമാവധി അംഗസംഖ്യ 550ൽനിന്ന് 850 ആയി ഉയർത്താനും പുതിയ മണ്ഡല പുനർനിർണയ കമ്മിഷൻ രൂപീകരിക്കാനുമുള്ള ബില്ലുകൾ നവംബർ 30ന് ആരംഭിക്കുന്ന പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് കേന്ദ്ര നീക്കം. ഭരണഘടനാ ഭേദഗതി ബില്ലിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്.
മണ്ഡല പുനർനിർണയം എന്താണ്?
ഭരണഘടനയുടെ 82-ാം അനുച്ഛേദമാണ് മണ്ഡല പുനർനിർണയത്തിന് അടിസ്ഥാനം. ഓരോ സെൻസസിനുശേഷവും സംസ്ഥാനങ്ങൾക്കിടയിലെ ലോക്സഭാ സീറ്റുകളുടെ വിഹിതവും ഓരോ സംസ്ഥാനത്തിനുള്ളിലെ മണ്ഡലങ്ങളുടെ അതിർത്തികളും പുനഃക്രമീകരിക്കാൻ ഇതു വ്യവസ്ഥ ചെയ്യുന്നു.ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഓരോ മണ്ഡലത്തിലുമുള്ള വോട്ടർമാരുടെ എണ്ണം ഏകദേശം തുല്യമാക്കുകയും ഭൂമിശാസ്ത്രപരമായ അതിരുകൾ ക്രമീകരിക്കുകയും ചെയ്യുന്നതാണ് ലക്ഷ്യം.1952, 1963, 1973, 2002 വർഷങ്ങളിലായി രാജ്യത്ത് നാല് മണ്ഡല പുനർനിർണയ കമ്മിഷനുകൾ രൂപീകരിച്ചിട്ടുണ്ട്. 1976ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ സംസ്ഥാനങ്ങൾക്കിടയിലെ ലോക്സഭാ സീറ്റുകളുടെ അനുപാതം മരവിപ്പിച്ചു. 2001ലെ 84-ാം ഭേദഗതിയിലൂടെ ഈ മരവിപ്പിക്കൽ 2026നുശേഷമുള്ള ആദ്യ സെൻസസ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നതുവരെ നീട്ടി.അതേസമയം, സംസ്ഥാനങ്ങൾക്കുള്ളിലെ മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിച്ചിരുന്നു. അവസാനമായി 2001ലെ സെൻസസ് അടിസ്ഥാനമാക്കി 2008ലാണ് ഈ മാറ്റം നടപ്പാക്കിയത്. അന്ന് ലോക്സഭയിലെ സംസ്ഥാനങ്ങളുടെ ആകെ സീറ്റ് വിഹിതത്തിൽ മാറ്റമുണ്ടായില്ല.
എങ്ങനെയാണ് മണ്ഡല പുനർനിർണയം നടത്തുന്നത്?
പാർലമെന്റ് നിയമം പാസാക്കുന്നതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ മണ്ഡല പുനർനിർണയ കമ്മിഷൻ രൂപീകരിക്കും. സുപ്രീംകോടതിയിലെ നിലവിലുള്ളതോ മുൻ ജഡ്ജിയോ ആയിരിക്കും കമ്മിഷൻ അധ്യക്ഷൻ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറോ അദ്ദേഹത്തിന്റെ നോമിനിയോ ഉൾപ്പെടെയുള്ള അംഗങ്ങളും സമിതിയിലുണ്ടാകും.ജനസംഖ്യ, ഭൂപ്രകൃതി, ഭരണപരമായ സൗകര്യങ്ങൾ, നിലവിലുള്ള ജില്ലകളുടെയും മറ്റ് ഭൂമിശാസ്ത്രപരമായ അതിരുകളുടെയും ഘടന എന്നിവ പരിഗണിച്ചാണ് മണ്ഡലങ്ങൾ നിശ്ചയിക്കുക. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള സംവരണ മണ്ഡലങ്ങളും ജനസംഖ്യാനുപാതികമായി ക്രമീകരിക്കും.കമ്മിഷൻ ആദ്യം മണ്ഡലങ്ങളുടെ കരട് പ്രസിദ്ധീകരിക്കും. രാഷ്ട്രീയ പാർട്ടികൾക്കും പൊതുജനങ്ങൾക്കും നിർദേശങ്ങളും പരാതികളും സമർപ്പിക്കാം. തുടർന്ന് പൊതുഹിയറിങ്ങുകൾ നടത്തി അഭിപ്രായങ്ങൾ പരിശോധിച്ചശേഷം അന്തിമ മണ്ഡല അതിർത്തികൾ പ്രഖ്യാപിക്കും. കമ്മിഷന്റെ അന്തിമ ഉത്തരവുകൾക്ക് നിയമപ്രാബല്യമുണ്ടാകും.
അടുത്ത മണ്ഡല പുനർനിർണയത്തിൽ എന്താണ് വ്യത്യാസം?
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി പുതിയ നിയമനിർമാണത്തിൽ പ്രധാന മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്.ഒന്ന്, ഓരോ സംസ്ഥാനത്തെയും നിലവിലുള്ള ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധന വരുത്തും. നിലവിലെ സംസ്ഥാനങ്ങൾ തമ്മിലുള്ള സീറ്റ് അനുപാതം നിലനിർത്തിക്കൊണ്ടായിരിക്കും വർധന. ഇതിലൂടെ ജനസംഖ്യാ നിയന്ത്രണത്തിൽ മുന്നിലെത്തിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ നിലവിലെ ആനുപാതിക പ്രാതിനിധ്യം കുറയുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം.രണ്ട്, സംസ്ഥാനങ്ങൾക്കുള്ളിലെ മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിക്കാൻ ഏറ്റവും പുതിയതായി പ്രസിദ്ധീകരിച്ച സെൻസസ് കണക്കുകൾ ഉപയോഗിക്കും. നിലവിൽ ലഭ്യമായ 2011ലെ ജനസംഖ്യാ കണക്കുകളാണ് ഇതിന് അടിസ്ഥാനമാകുക.മൂന്ന്, സംസ്ഥാനങ്ങൾ തമ്മിലുള്ള നിലവിലെ ആനുപാതിക സീറ്റ് വിഹിതം 2051 വരെ മരവിപ്പിക്കാനാണ് നിർദേശം. അതായത് അടുത്ത 25 വർഷത്തേക്ക് ജനസംഖ്യാ വ്യത്യാസത്തിന്റെ പേരിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള സീറ്റ് അനുപാതത്തിൽ മാറ്റമുണ്ടാകില്ല.നാല്, ലോക്സഭയിലെ സീറ്റുകൾ വർധിപ്പിക്കുന്നതിനൊപ്പം എല്ലാ സംസ്ഥാനങ്ങളിലെയും നിയമസഭാ സീറ്റുകളും 50 ശതമാനം വർധിപ്പിക്കും. നിയമസഭകളുടെ പരമാവധി അംഗസംഖ്യ 650 ആയി ഉയർത്താനും നിർദേശമുണ്ട്.ഒരു ഉദാഹരണംനിലവിൽ 80 ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശിൽ പുതിയ നിർദേശം നടപ്പായാൽ സീറ്റുകളുടെ എണ്ണം 120 ആകും. അതായത് 40 സീറ്റുകളുടെ വർധന. ഈ അധിക സീറ്റുകളുടെ മൂന്നിലൊന്ന് വനിതാ സംവരണത്തിനായി നീക്കിവയ്ക്കാനാകും.ഇതോടെ പുതിയതായി വർധിപ്പിക്കുന്ന സീറ്റുകൾ വഴി നിലവിലുള്ള എം.പിമാരുടെയും മത്സരാർഥികളുടെയും രാഷ്ട്രീയ പ്രാതിനിധ്യത്തിന് കോട്ടം വരുത്താതെ വനിതാ സംവരണം നടപ്പാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.














