തിരുവനന്തപുരം | 1859ൽ ഭൂമിയെ ബാധിച്ച അതിശക്തമായ കാന്തിക കൊടുങ്കാറ്റായ കാരിംഗ്‌ടൺ സംഭവത്തെക്കുറിച്ച് തിരുവനന്തപുരം ആസ്ട്രോണമിക്കൽ ഒബ്സർവേറ്ററിയിലെ ചരിത്രപരമായ രേഖകളുടെ അടിസ്ഥാനത്തിൽ പുതിയ വിവരങ്ങൾ കണ്ടെത്തി. ആസ്ട്രോഫിസിക്സ് ആൻഡ് സ്പേസ് സയൻസ്’ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഒബ്സർവേറ്ററിയിലെ ഫിസിക്സ് വിഭാഗം മേധാവിയും ഓണററി ഡയറക്ടറുമായ ആർ. ജയകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.

സ്വാതി തിരുന്നാളിന്‍റെ കാലത്ത് 1836 ലാണ് ഭൂമിയുടെ കാന്തിക മധ്യരേഖയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം വാനനിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നത്. 1859 ആഗസ്റ്റിലും സെപ്റ്റംബറിലുമായി അടുത്തടുത്ത് രണ്ട് കാന്തിക കൊടുങ്കാറ്റുകള്‍ രേഖപ്പെടുത്തിയിരുന്നു. ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രത്തിലെ 1859 ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 3 വരെയുള്ള ദിവസങ്ങളിലെ രേഖകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് കാരിംഗടണ്‍ സൗരകൊടുങ്കാറ്റ് തിരുവനന്തപുരത്തെ വാനനിരീക്ഷണ കേന്ദ്രവും രേഖപ്പെടുത്തിയതിന്‍റെ തെളിവുകള്‍ ലഭിച്ചത്.

തിരുവനന്തപുരം ഒബ്സർവേറ്ററിയിൽ സൂക്ഷിച്ചിരുന്ന ബൈഫിലാർ മാഗ്നറ്റോമീറ്റർ രേഖകളാണ് ഗവേഷകർ പരിശോധിച്ചത്. 1870കളിൽ ഒബ്സർവേറ്ററിയുടെ ഡയറക്ടറായിരുന്ന ജോൺ അലൻ ബ്രൗൺ സ്കോട്ട്ലൻഡിലേക്ക് കൊണ്ടുപോയതിനെത്തുടർന്ന് 160 വർഷത്തിലേറെയായി അവിടെ സൂക്ഷിച്ചിരുന്ന രേഖകളാണിവ. ഈ ചരിത്രരേഖകളുടെ സഹായത്തോടെ 1859ലെ കാന്തിക കൊടുങ്കാറ്റിന്റെ വിവിധ ഘട്ടങ്ങൾ പുനർനിർമിക്കാൻ ഗവേഷകർക്ക് കഴിഞ്ഞു.

ആഗസ്റ്റ് 29നും സെപ്റ്റംബർ രണ്ടിനും ഉണ്ടായ ഭൂകാന്തിക വ്യതിയാനങ്ങൾ സമാനമായ ശക്തിയുള്ളതായിരുന്നുവെന്നും പഠനം കണ്ടെത്തി. ഡെൽറ്റ-എച്ച് മൂല്യം ആഗസ്റ്റ് 29ന് ഏകദേശം മൈനസ് 1,851 നാനോടെസ്‌ലയും സെപ്റ്റംബർ രണ്ടിന് മൈനസ് 1,926 നാനോടെസ്‌ലയും ആയിരുന്നു. പഴയ നിരീക്ഷണകേന്ദ്ര രേഖകൾ ഉപയോഗിച്ച് ചരിത്രത്തിലെ അതിശക്തമായ സൗര-ഭൂകാന്തിക സംഭവങ്ങളെ കൂടുതൽ കൃത്യമായി മനസ്സിലാക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ് പഠനം.

സൗരപ്രവർത്തനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന കൊറോണൽ മാസ് ഇജക്ഷൻ ഉൾപ്പെടെയുള്ള സൗര പ്ലാസ്മാ പ്രവാഹങ്ങൾ ഭൂമിയുടെ കാന്തികമണ്ഡലത്തിൽ വലിയ അസ്വസ്ഥതകൾ സൃഷ്ടിക്കുമ്പോഴാണ് ഭൂകാന്തിക കൊടുങ്കാറ്റുകൾ ഉണ്ടാകുന്നത്. 1859 ആഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 15 വരെ നിരവധി സൗരവിസ്ഫോടനങ്ങളും കാന്തിക വ്യതിയാനങ്ങളും ഉണ്ടായതായി പഠനം കണ്ടെത്തി. ഇതിൽ ഏറ്റവും ശക്തമായ ഘട്ടം സെപ്റ്റംബർ രണ്ടിനായിരുന്നു.

1859ലെ കാരിംഗ്‌ടൺ സംഭവം ആധുനിക ശാസ്ത്രചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ശക്തമായ ഭൂകാന്തിക കൊടുങ്കാറ്റുകളിലൊന്നാണ്. സൂര്യനില്‍ നിന്ന് അതിശക്തമായ ഊര്‍ജകണങ്ങളും കാന്തികതരംഗങ്ങളും ഭൂമിയിലെത്തി ഭൂമിയുടെ കാന്തികവലയത്തില്‍ വലിയ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു. ധ്രുവദീപ്തികള്‍ (അറോറ) ലോകത്തിന്‍റെ പല ഭാഗങ്ങളിലും ദൃശ്യമായി. 19ാം നൂറ്റാണ്ടിലെ പ്രധാന വിനിമയ സംവിധാനമായ ടെലിഗ്രാം ശൃംഖലയാകെ സൗരകൊടുങ്കാറ്റില്‍ നിശ്ചലമായി.

ഇക്കാലത്ത് സംഭവിച്ചാൽ?

ഇന്നത്തെ ആധുനിക ലോകത്ത് ഇത്തരത്തിലൊരു സൗരകൊടുങ്കാറ്റ് ആവർത്തിക്കുകയാണെങ്കിൽ ആഗോള ജിപിഎസ് (GPS) സംവിധാനങ്ങളും നാവിഗേഷനും എല്ലാം തകരാറിലാകാം. പവർ ഗ്രിഡുകൾ തകർന്ന് മാസങ്ങളോളം വൈദ്യുതി മുടങ്ങാം. ഇൻ്റർനെറ്റ്, സാറ്റലൈറ്റ്, സെല്ലുലാർ ആശയവിനിമയങ്ങൾ പൂർണ്ണമായി നിലച്ചുപോകുന്ന സ്ഥിതി ഒന്ന് ആലോചിച്ചു നോക്കൂ.

Trivandrum Astronomical Observatory has provided new data on the 1859 Carrington Event

LEAVE A REPLY

Please enter your comment!
Please enter your name here