ന്യൂഡൽഹി | ഇന്ത്യയിൽ 2036–37ഓടെ 50,000 കിലോമീറ്റർ ഹൈസ്പീഡ് കോറിഡോർ വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) എക്സ്പ്രസ് വേകൾ ഒഴികെയുള്ള ഹൈ-സ്പീഡ് ദേശീയ പാതകളുടെ ആസൂത്രണത്തിനും രൂപകൽപ്പനയ്ക്കുമായി പുതിയ സമഗ്ര ഡിസൈൻ മാനദണ്ഡങ്ങൾ പുറത്തിറക്കി. 2047-ഓടെ രാജ്യം ലക്ഷ്യമിടുന്ന ‘വികസിത് ഭാരത്’ ദർശനത്തിന്റെ ഭാഗമായാണ് റോഡ് സുരക്ഷയും യാത്രാ സൗകര്യവും വർദ്ധിപ്പിക്കുന്നതിനുള്ള ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ തയാറാക്കിയിരിക്കുന്നത്.
ഇനി വരാനിരിക്കുന്ന എല്ലാ 4-ലെയ്ൻ, 6-ലെയ്ൻ ഗ്രീൻഫീൽഡ്, ബ്രൗൺഫീൽഡ് ഹൈ-സ്പീഡ് കോറിഡോറുകൾക്കും ഈ നിയമങ്ങൾ ബാധകമായിരിക്കും. 2025 ഡിസംബർ വരെ രാജ്യത്ത് 3,052 കിലോമീറ്റർ ഹൈസ്പീഡ് കോറിഡോറുകളാണ് നിലവിലുള്ളത്. ഗതാഗതത്തിരക്കിന്റെ അടിസ്ഥാനത്തിൽ പാതകളുടെ വീതിയും ഘടനയും നിശ്ചയിക്കും. 15,000 പി.സി.യു. വരെ നാല് ലെയിൻ, 15,000 മുതൽ 25,000 വരെ നാല് ലെയിനും ആറ് ലെയിൻ ഘടനയും, 25,000 മുതൽ 40,000 വരെ ആറ് ലെയിൻ പാതയുമാണ് നിർദേശം.
പാതയിൽ നേരിട്ടുള്ള റോഡ് ജംഗ്ഷനുകൾ അനുവദിക്കില്ല. റാംപുകളിലൂടെയാകും പ്രവേശനം. നഗര, ജനവാസ മേഖലകളിൽ ഇരുവശത്തും സർവീസ് റോഡുകളും ഡ്രെയിനേജും നടപ്പാതയും ഒരുക്കും.
ബാരിയർ ഇല്ലാത്ത ടോൾ സംവിധാനത്തിനുള്ള സൗകര്യവും ഉൾപ്പെടുത്തും. അനധികൃത പ്രവേശനവും കൈയേറ്റവും തടയാൻ പാതയുടെ അതിർത്തിയിൽ ഒരു മീറ്റർ ഉയരമുള്ള ആർ.സി.സി മതിലും നിർമിക്കും. മധ്യഭാഗത്തെ ചെടികൾക്ക് ഡ്രിപ്പ് ഇറിഗേഷനും പദ്ധതിയുടെ ഭാഗമായി ഒരുക്കും. കാർഷിക മേഖലകളിലൂടെ കടന്നുപോകുന്ന പാതകളിൽ വലിയ കാർഷിക യന്ത്രങ്ങൾക്കും ട്രാക്ടറുകൾക്കും കടന്നുപോകാൻ 4.5 മീറ്റർ വരെ ഉയരമുള്ള അടിപ്പാതകൾ (Underpasses) നിർമ്മിക്കും.














