ന്യൂഡൽഹി | ഇന്ത്യയിലെ കുടുംബ സമ്പാദ്യ സ്വഭാവം ഘടനാപരമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ബാങ്ക് നിക്ഷേപം ഉൾപ്പെടെയുള്ള സാമ്പത്തിക സമ്പാദ്യത്തേക്കാൾ റിയൽ എസ്റ്റേറ്റ്, സ്വർണം തുടങ്ങിയ ഭൗതിക ആസ്തികളിലേക്ക് കൂടുതൽ പണം ഒഴുകുന്നുവെന്നാണ് പുതിയ പഠനം.

വരുമാനത്തിലെ വർധനയും നിക്ഷേപ വൈവിധ്യവൽക്കരണവും മൂലമുള്ള സമ്പാദ്യക്കുറവ് സാധാരണയായി വലിയ ആശങ്കയല്ല. എന്നാൽ കടമെടുത്തുള്ള ഉപഭോഗവും യഥാർഥ വരുമാനത്തിലെ മന്ദഗതിയും സമ്പാദ്യം കുറയാൻ കാരണമാകുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ അപകടസാധ്യത സൃഷ്ടിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

2019–20ൽ കുടുംബ സമ്പാദ്യത്തിൽ ഭൗതിക ആസ്തികളുടെ വിഹിതം 59.7 ശതമാനമായിരുന്നത് 2023–24ൽ 71.5 ശതമാനമായി ഉയർന്നു. അതേസമയം, മൊത്തം സാമ്പത്തിക സമ്പാദ്യത്തിലെ ബാങ്ക് നിക്ഷേപങ്ങളുടെ വിഹിതം 58 ശതമാനത്തിൽനിന്ന് ഏകദേശം 37 ശതമാനമായി കുറഞ്ഞു.

സാമ്പത്തിക ആസ്തികളേക്കാൾ വേഗത്തിൽ ബാധ്യതകൾ വളർന്നതിനാൽ, റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് കുടുംബങ്ങളുടെ അറ്റ സാമ്പത്തിക സമ്പാദ്യം 2025 സാമ്പത്തിക വർഷത്തിലെ ജിഡിപിയുടെ 7 ശതമാനത്തിൽനിന്ന് 2026ൽ 6.2 ശതമാനമായി കുറഞ്ഞു. 2023ൽ ഇത് 5.1 ശതമാനമായിരുന്നു.

റിയൽ എസ്റ്റേറ്റ്, വാഹനങ്ങൾ തുടങ്ങിയ ഭൗതിക ആസ്തികൾ വാങ്ങുന്നതിനായി കുടുംബങ്ങൾ കൂടുതൽ വായ്പയെടുക്കുന്നതും സാമ്പത്തിക സമ്പാദ്യം കുറയാൻ കാരണമായിട്ടുണ്ട്. അതേസമയം മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ, പെൻഷൻ പദ്ധതികൾ തുടങ്ങിയ വിപണിയാധിഷ്ഠിത നിക്ഷേപങ്ങളിലേക്കും താൽപര്യം വർധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here