ന്യൂഡല്‍ഹി | രാജ്യത്തെ പയര്‍വര്‍ഗങ്ങളുടെ സര്‍ക്കാര്‍ കരുതല്‍ ശേഖരം 45 ലക്ഷം ടണ്ണായി ഉയര്‍ന്നു റെക്കോഡിലെത്തി. ഖാരിഫ് വിളവിലും വരാനിരിക്കുന്ന റാബി വിളവിലും കുറവുണ്ടായാല്‍ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ശേഖരം ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിലവിലെ ശേഖരം സര്‍ക്കാര്‍ നിശ്ചയിച്ച 35 ലക്ഷം ടണ്ണിന്റെ ബഫര്‍ പരിധിയേക്കാള്‍ കൂടുതലാണ്.

കര്‍ഷകരില്‍നിന്ന് കൃഷിമന്ത്രാലയത്തിന്റെ െ്രെപസ് സപ്പോര്‍ട്ട് സ്‌കീം പ്രകാരം നാഫെഡ്, നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ തുടങ്ങിയ ഏജന്‍സികള്‍ സംഭരിച്ചതാണ് പ്രധാനമായും കരുതല്‍ശേഖരത്തിലുള്ളത്. െ്രെപസ് സ്റ്റബിലൈസേഷന്‍ ഫണ്ടിന് കീഴിലുള്ള ഇറക്കുമതിയും ശേഖരം വര്‍ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്.

ശേഖരത്തില്‍ 19.5 ലക്ഷം ടണ്‍ കടല, 10 ലക്ഷം ടണ്‍ തുവര, 8.8 ലക്ഷം ടണ്‍ ചെറുപയര്‍, 5.6 ലക്ഷം ടണ്‍ പരിപ്പ് എന്നിവയാണുള്ളത്. വിലയില്‍ പെട്ടെന്നുള്ള വര്‍ധനയുണ്ടായാല്‍ ഘട്ടംഘട്ടമായി ശേഖരം വിപണിയിലെത്തിക്കാനാണ് നീക്കം. ഓപ്പണ്‍ മാര്‍ക്കറ്റ് വില്‍പ്പനയ്ക്കു പുറമെ പി.എം.പോഷണ്‍, ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സര്‍വീസസ്, പൊതുവിതരണ സംവിധാനം തുടങ്ങിയ പദ്ധതികള്‍ക്കായും പയര്‍വര്‍ഗങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്.

ഖാരിഫ് വിളയുടെ സ്ഥിതിഗതികള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും പ്രധാന കൃഷിമേഖലകളില്‍ മഴ കുറഞ്ഞത് ഉല്‍പാദനത്തെ ബാധിക്കുമോയെന്നതാണ് പ്രധാന ആശങ്ക. സെപ്റ്റംബര്‍ 18 വരെയുള്ള കണക്കനുസരിച്ച് തുവര, ഉഴുന്ന്, ചെറുപയര്‍ എന്നിവയുള്‍പ്പെടെയുള്ള ഖാരിഫ് പയര്‍വര്‍ഗങ്ങളുടെ കൃഷിവിസ്തൃതി 1.42 ശതമാനം കുറഞ്ഞ് 1.184 കോടി ഹെക്ടറായി. വിളവെടുപ്പ് ഒക്ടോബര്‍ അവസാനത്തോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here