ലൈഫ് സ്‌റ്റൈല്‍ ഡസ്‌ക്ക് | ഉടുക്കുന്നത് ഒരു ‘ചടങ്ങാ’ണെന്ന് ചിലരെങ്കിലും പറയും. കുടുംബവിശേഷങ്ങൾക്കും കല്യാണങ്ങൾക്കും ഗൃഹപ്രവേശനം പോലുള്ള ചടങ്ങുകൾക്കും മാത്രമായി ഒരു വിഭാഗം സാരികൾ വാങ്ങിക്കൂട്ടി അലമാരയിൽ അടുക്കിവച്ചിട്ടുണ്ട്. കാണാൻ ഭംഗിയുണ്ടെങ്കിലും ദൈനംദിന ഫാഷന്റെ ഭാഗമായി സാരിയെ ആരും കരുതിയിരുന്നില്ല. എന്നാൽ ആ ചിന്താഗതികൾ ഇപ്പോൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ് ! ഇന്ന് ജെൻ സി (Gen Z) തലമുറ സാരിയെ വീണ്ടും ഫാഷൻ ലോകത്തിന്റെ മുൻനിരയിലേക്ക് ഉയർത്തുകയാണ്.

ആറു മീറ്റർ നീളമുള്ള ഈ പരമ്പരാഗത വസ്ത്രം ജെൻസികൾക്ക് വ്യക്തിത്വവും ഫാഷൻ ബോധവും തുറന്നുപറയാനുള്ള ഒരു മാധ്യമമായി മാറിയത് പെട്ടന്നാണ്. പൈതൃകത്തെ ആഘോഷിക്കുന്നതോടൊപ്പം സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന വസ്ത്രധാരണ രീതിക്ക് അവസരം നൽകുന്നതാണ് സാരിയുടെ രണ്ടാം വരവിനു വഴി തുറന്നിരിക്കുന്നത്. പാരമ്പര്യത്തെ വിലമതിക്കാം, ആധുനികത സ്വീകരിക്കാം, സ്വന്തം രീതിയിൽ സ്റ്റൈൽ നിർവചിക്കാമെന്നതാണ് പുതിയ സാരി ട്രെൻഡിന്റെ പ്രത്യേകത.

സാരിയുടെ ഈ തിരിച്ചുവരവിന് പിന്നിലെ പ്രധാന ശക്തി ഇൻസ്റ്റാഗ്രാം, പിന്ററസ്റ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളാണ്. സാരിയെ പരമ്പരാഗത രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമായി എങ്ങനെ ധരിക്കാമെന്ന പരീക്ഷണങ്ങൾ ഫാഷൻ വിദഗ്ധർ പ്ലാറ്റ്ഫോമുകളിൽ മത്സരിച്ച് അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. യുവതികൾ വ്യത്യസ്ത ഡ്രേപ്പിങ് രീതികളും ബ്ലൗസ് ഡിസൈനുകളും ആക്സസറികളും പരീക്ഷിക്കുകയാണ്.

പരമ്പരാഗത ബ്ലൗസുകൾക്ക് പകരം കോർസെറ്റ് ടോപ്പുകൾ, ക്രോപ്പ് ടോപ്പുകൾ, ഓവർസൈസ്ഡ് ഷർട്ടുകൾ, ബ്രാലെറ്റുകൾ എന്നിവയ്ക്കൊപ്പവും സാരി ധരിക്കുന്നുണ്ട്. സ്‌നീക്കേഴ്സ്, ബെൽറ്റുകൾ, സിൽവർ ആഭരണങ്ങൾ, സ്റ്റേറ്റ്മെന്റ് സൺഗ്ലാസുകൾ എന്നിവയും പുതിയ വൈബിൻ്റെ ഭാഗമാവുകയാണ്.

സ്റ്റൈലിനൊപ്പം സൗകര്യത്തിനും ജെൻ സി പ്രാധാന്യം നൽകുന്നു. സാരി ഉടുക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇന്ന് പ്രീ-ഡ്രേപ്പ്ഡ് (Pre-draped) അഥവാ റെഡി-ടു-വെയർ സാരികൾ വിപണിയിൽ സജീവമാണ്. പ്ലീറ്റുകളും പിൻ ചെയ്യലുമൊക്കെയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കഴിയുന്നത് ആദ്യമായി സാരി ധരിക്കുന്നവർക്കും തിരക്കേറിയ യുവ പ്രൊഫഷണലുകൾക്കും സൗകര്യപ്രദമാണ്. കോളേജ് ഫെയർവെൽ, കോക്ക്ടെയിൽ പാർട്ടികൾ, ആഘോഷങ്ങൾ, ഫോട്ടോഷൂട്ടുകൾ, കണ്ടന്റ് ക്രിയേഷൻ എന്നിവയിലും സാരി ഇപ്പോൾ സജീവമാണ്.

ഓർഗൻസ, ലിനൻ, ഷിഫോൺ, ടിഷ്യു സിൽക്ക് തുടങ്ങിയ ഭാരം കുറഞ്ഞ തുണിത്തരങ്ങളാണ് ജനപ്രിയം. ലൈം ഗ്രീൻ, പിസ്ത, പൗഡർ ബ്ലൂ തുടങ്ങിയ ലൈറ്റ് ഷേഡുകൾക്കാണ് ഇപ്പോൾ പ്രിയം. ഫോട്ടോകളിൽ മനോഹരമായി പ്രതിഫലിക്കുന്നതും ഇവയുടെ പ്രത്യേകതയാണ്. പാരമ്പര്യവും ആധുനികതയും ഒത്തുചേരുന്ന ഈ പുതിയ സാരി ഫാഷൻ ഇനിയും ഏറെക്കാലം ട്രെൻഡായി തുടരുമെന്നുറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here