ഇന്ത്യയും ചൈനയും ചേര്‍ന്ന് ലിപുലേഖ് പാസ് വഴി നടത്താനിരിക്കുന്ന കൈലാസ് മാനസരോവര്‍ യാത്രയെ എതിര്‍ത്ത് നേപ്പാള്‍ രംഗത്തെത്തി. നേപ്പാളിലെ പുതിയ ബലെന്‍ ഷാ സര്‍ക്കാര്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും പ്രതിഷേധം അറിയിച്ച് കത്തയച്ചു. കാഠ്മണ്ഡു വഴിയാണ് ഈ യാത്ര നടക്കുന്നതെന്ന് നേപ്പാള്‍ അവകാശപ്പെട്ടു.
നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍, തീര്‍ത്ഥാടന പാത അന്തിമമാക്കുന്നതിന് മുമ്പ് തങ്ങളോട് കൂടിയാലോചിച്ചിട്ടില്ലെന്നും തര്‍ക്ക മേഖലയെക്കുറിച്ചുള്ള തങ്ങളുടെ ദീര്‍ഘകാല നിലപാട് ആവര്‍ത്തിക്കുകയാണെന്നും വ്യക്തമാക്കി. ഇന്ത്യയുമായുള്ള സൗഹൃദ ബന്ധത്തിന്റെ ആത്മാവില്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെ അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് നേപ്പാള്‍ നിലപാട് ആവര്‍ത്തിച്ചു.
നേപ്പാളിന്റെ വാദത്തെ ഇന്ത്യ പൂര്‍ണ്ണമായും തള്ളി. ‘ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് സ്ഥിരവും വ്യക്തവുമായിരുന്നു. 1954 മുതല്‍ കൈലാഷ് മാനസസരോവര്‍ യാത്രയ്ക്കുള്ള ഒരു ദീര്‍ഘകാല പാതയാണ് ലിപുലേഖ് പാസ്. ഈ വഴിയുള്ള യാത്ര പതിറ്റാണ്ടുകളായി തുടരുന്നു. ഇതൊരു പുതിയ സംഭവവികാസമല്ല’ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
ചൈനീസ് സര്‍ക്കാരുമായി സഹകരിച്ച് വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന കൈലാസ് മാനസസരോവര്‍ യാത്ര 2026 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ നടക്കും. കിഴക്കന്‍ ലഡാക്കില്‍ സൈനികരെ പിരിച്ചുവിടല്‍ പ്രക്രിയ പൂര്‍ത്തിയായതിനെത്തുടര്‍ന്ന്, ഉഭയകക്ഷി ബന്ധത്തില്‍ പുരോഗതിയുടെ സൂചനകള്‍ക്കിടയിലാണ് കഴിഞ്ഞ വര്‍ഷം ചൈന യാത്ര വീണ്ടും തുറന്നത്. ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസ് വഴിയുള്ള യാത്രയ്ക്ക് ഏകദേശം 22 ദിവസം ദൈര്‍ഘ്യമുണ്ട്.
ലിപുലേഖ് പാസ് ഒരു ‘തര്‍ക്ക’ പ്രദേശമാണ്. ഇന്ത്യയും ചൈനയും ഈ പാസ് വഴി വ്യാപാരവും തീര്‍ത്ഥാടനവും നടത്താനുള്ള നീക്കങ്ങളെ നേപ്പാള്‍ പലപ്പോഴും ചോദ്യം ചെയ്തിട്ടുണ്ട്. ഇതിന്റെ മൂലകാരണം 1816ലെ സുഗൗളി ഉടമ്പടിയിലാണ്. ഈ ഉടമ്പടി പ്രകാരം, മഹാകാളി നദിയുടെ കിഴക്ക് സ്ഥിതി ചെയ്യുന്ന ലിംപിയാധുര, ലിപുലേഖ്, കാലാപാനി എന്നീ പ്രദേശങ്ങള്‍ മുഴുവന്‍ നേപ്പാളിന്റെ ഭാഗമാണെന്ന് നേപ്പാള്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നു.
ടിബറ്റന്‍ സ്വയംഭരണ പ്രദേശത്തെ പടിഞ്ഞാറന്‍ ഹിമാലയന്‍ പര്‍വതനിരകളില്‍ സ്ഥിതിചെയ്യുന്ന, 6638 മീറ്റര്‍ ഉയരമുള്ള, വജ്രാകൃതിയിലുള്ള കൈലാസ പര്‍വതവും ശുദ്ധജല തടാകമായ മാനസരോവറും ദൈവിക ഊര്‍ജ്ജത്തിന്റെയും ആന്തരിക സമാധാനത്തിന്റെയും ഉറവിടങ്ങളായി കണക്കാക്കപ്പെടുന്നതാണ്. ഹിന്ദുമതത്തില്‍ കൈലാസമെന്നും ടിബറ്റന്‍ ഭാഷയില്‍ ഗാങ് റിന്‍പോച്ചെയെന്നും അറിയപ്പെടുന്ന കൈലാസ പര്‍വതത്തിനും മാനസരോവറിനും ഹിന്ദു, ജൈന, ബുദ്ധ, ബോണ്‍ മതവിശ്വാസികളുടെ ഇടയില്‍ അഗാധമായ ആത്മീയ പ്രാധാന്യമുണ്ട്. ഹിമാലയത്തിലെ മറ്റേതൊരു കൊടുമുടികളില്‍നിന്നും വ്യത്യസ്തമായി, പിരമിഡ് ആകൃതിയിലുള്ള കൈലാസ പര്‍വതത്തിന്റെ അതിശയകരവും വിജനവുമായ ഭൂപ്രകൃതിയാണ് പ്രധാന ആകര്‍ഷണം.
Nepal has objected to the Kailash Mansarovar Yatra via Lipulekh Pass in Uttarakhand and has raised the issue through diplomatic protests with India and China. Nepal claims that Lipulekh, Limpiyadhura and Kalapani fall within its territory under the 1816 Sugauli Treaty.














