സയൻസ് ഡസ്ക് l ഇപ്പോഴത്തെ ചൂട് 2-3 ഡിഗ്രി കൂടി കൂടിയാല്‍ എങ്ങനെയിരിക്കും ? വെറുതേ ചോദിച്ചതല്ല. സാധാരണക്കാരനെ നട്ടം തിരിക്കാന്പോന്ന, വളരെ ഗൗരവകരമായ ഒരു സാഹചര്യത്തെ നമ്മള് അഭിമുഖീകരിക്കാന്‍ പോവുകയാണ്. സൂപ്പര്‍ എല്‍ നിനോ വരുന്നു.
ഭൂമധ്യരേഖയ്ക്ക് മധ്യ കിഴക്ക് പസഫിക് സമുദ്രോപരിതലം ചൂടു പിടിക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ. എല്‍ നിനോ പ്രതിഭാസം കണക്കുകൂട്ടിയിരുന്നതിലും ഒത്തിരി വലിയ ആഘോതം ഇക്കുറി സൃഷ്ടിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫലമായി ചൂട് വലിയതോതില്‍ കൂടം. മണ്‍സൂണ്‍ മഴ ഗണ്യമായി കുറയും. ഭൂമധ്യരേഖാ പസഫിക്കിലെ അസാധാരണമാംവിധം തണുത്ത സമുദ്ര താപനിലയുള്ള ലാ നിനയില്‍ നിന്ന് വ്യത്യസ്തമായി, ഭൂമധ്യരേഖാ പസഫിക്കിലെ അസാധാരണമാംവിധം ചൂടുള്ള സമുദ്ര താപനിലയാണ് എല്‍ നിനോയുടെ സവിശേഷതകഴിഞ്ഞ ദിവസം വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റ്സ് ( ഇസിഎംഡബ്ല്യുഎഫ്) പ്രകാരം ഈ വര്‍ഷം പകുതിക്കുശേഷം ഭൂമിയില്‍ ശക്തമായതോ അല്ലെങ്കില്‍ ഒരു സൂപ്പര്‍ എല്‍ നിനോയോ അനുഭവപ്പെടും. അതാകട്ടെ, ചരിത്രത്തില്‍ ഇതുവരെ അനുഭവപ്പെട്ടതില് ഏറ്റവും ശക്തമായതായിരിക്കുമത്രേ.
സാധാരണ എല്‍ നിനോ പ്രതിഭാസത്തെക്കാള്, പസഫിക് സമുദ്രത്തിന്റെ ഉപരിതല താപനില സൂപ്പര്‍ എല്‍ നിനോയില്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസെങ്കിലും കൂടുതലായിരിക്കും. ഈ പ്രതിഭാസം ആഗോളതലത്തില്‍ അന്തരീക്ഷ ചംക്രമണത്തെ അടിമുടി മാറ്റുകയും പ്രവചനാതീതായ പ്രകൃതിക്ഷോഭങ്ങള്‍ക്കു വഴിമരുന്നിടുകയും ചെയ്യും. വള്‍ച്ച, വെള്ളപ്പൊക്കം, കടുത്ത ചൂട് എന്നിവ അഭിമുഖീകരിക്കേണ്ടതായി വരും. വരാനിരിക്കുന്ന എല്‍നിനോ വികസനഘട്ടത്തിലാണ്. എത്രത്തോളം ശക്തമാകുമെന്ന് പറായാന്‍ ഇനിയും സമയമെടുക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
ഏറ്റവും ശക്തമായ എല്‍ നിനോ പ്രതിഭാസങ്ങള്‍ മിക്കവാറും എല്ലായ്പ്പോഴും റെക്കോര്‍ഡ് ചൂടുള്ള വര്‍ഷത്തിനു കാരണമാകുന്നുണ്ട്. അതിനാല്‍ തന്നെ, 2026-27ല്‍ പ്രതീക്ഷിക്കുന്ന സൂപ്പര്‍ എല്‍ നിനോ 1982-83, 1997-98, 2015-16 വര്‍ഷങ്ങളിലെ മറ്റു ശക്തമായ പ്രതിഭാസങ്ങളെ അപേക്ഷിച്ച് കൂടുതല്‍ താപം വിതറാന്‍ കാരണമാകുമെന്നാണ് അനുമാനിക്കുന്നത്. വര്‍ഷത്തിന്റെ മധ്യത്തോടെ ഫിലിപ്പീന്‍സ്, ചൈന, ജപ്പാന് എന്നിവയുള്‍പ്പെടെ പടിഞ്ഞാറന്‍ പസഫിക്കില്‍ കൂടുതല്‍ ചുഴലിക്കാറ്റുകള്‍ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടു നില്ക്കുന്ന ഇന്ത്യയിലെ മണ്‍സൂണിനെയും ഇതു ബാധിച്ചേക്കാം. ഉപഭൂഖണ്ഡത്തില്‍ മഴയില്‍ കുറവുണ്ടാകും. കാനഡ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ അസഹനീയമായ ചൂടും ഈര്‍പ്പവും പ്രതീക്ഷിക്കുന്നുണ്ട്. പെറു, കിഴക്കന്‍ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് മേഖലകളില്‍ അപ്രതീക്ഷിത പ്രളയത്തിനും കാരണമായേക്കാം. പസിഫിക് സമുദ്രത്തിന്റെ താപനില വര്‍ദ്ധിക്കുന്നത് ചുഴലിക്കാറ്റുകളുടെ തീവ്രത കൂട്ടാന്‍ സാധ്യതയുണ്ട്.
പസഫിക് സമുദ്രത്തിലെ താപനിലാ വ്യത്യാസം മണ്‍സൂണ്‍ കാറ്റിന്റെ ശക്തി കുറയ്ക്കുന്നത് നമ്മുക്ക് തിരിച്ചടിയാണ്. 1980 മുതല്‍ എല്‍നിനോ ഉണ്ടായത് 14 തവണയാണ്. ഇതില്‍ ഒമ്പതു തവണയും ഇന്ത്യയില്‍ മണ്സൂണ്മഴ സാധാരണയിലും കുറവായിരുന്നു. എന്നാല്‍, 1997ല്‍ എല്‍നിനോ ഉണ്ടായപ്പോള്‍ ഇന്ത്യയില്‍ മണ്‍സൂണ്‍ കാലം സാധാരണനിലയിലായിരുന്നു. 2015-16 കാലഘട്ടത്തില്‍ ഉണ്ടായ റെക്കോര്‍ഡ് ഭേദിച്ച എല്‍ നിനോയേക്കാള്‍ എത്രമാത്രം കരുത്തനായിരിക്കും 2026ല്‍ വരാനിരിക്കുന്നതെന്നാണ് ശാസ്ത്രലോകം ഭയത്തോടെ ഉറ്റുനോക്കുന്നത്.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് എല്‍നിനോ പ്രതികൂലമായി ബാധിക്കുമെന്ന് ഭയപ്പെടുന്ന തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍. മണ്‍സൂണിന്റെ രണ്ടാം പകുതിയില്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായിരിക്കും മഴയില്‍ കുറവ് അനുഭവപ്പെടാന്‍ സാധ്യത. മഴയില്‍ കുറവുണ്ടായാല്‍ നെല്ല്, പരുത്തി, കരിമ്പ് തുടങ്ങിയവയ്ക്കെല്ലാം തിരിച്ചടിയാകും.
എല്‍ നിനോ വരുമെന്ന് പറയുന്നത് ഒരു ഏജന്‍സി മാത്രമല്ല. യു.എസ്. ദേശീയ കാലാവസ്ഥാ ഏജന്‍സിയായ യു.എസ്. നാഷണല്‍ ഓഷ്യാനിക് അറ്റ്മോസ്ഫറിക്(എന്‍.ഒ.എ.എ.) പറയുന്നതനുസരിച്ച്, ജൂണ്‍ ഓഗസ്റ്റ് മാസങ്ങളില്‍ എല്‍നിനോ ശക്തിപ്രാപിക്കും. ജൂണിനും ഓഗസ്റ്റിനും ഇടയില്‍ എല്‍നിനോ ഉണ്ടാകാനുള്ള സാധ്യത 62 ശതമാനമാണെന്നും തുടര്‍ന്നുള്ള മാസങ്ങളില്‍ ഇത് 80 ശതമാനമായി ഉയരാമെന്നും മുന്നറിയിപ്പുണ്ട്.














