തിരുവനന്തപുരം l പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനാൽ പുതിയ പാചകവാതക കണക്ഷനുകൾ നൽകുന്ന രീതിയിൽ എൽപിജി കമ്പനികൾ മാറ്റം വരുത്തി. പുതിയ ഉപഭോക്താക്കൾക്ക് പരമ്പരാഗത 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് പകരം 10 കിലോഗ്രാം ഭാരമുള്ള ‘കോംപസിറ്റ് സിലിണ്ടർ’ ആണ് ഇപ്പോൾ നൽകുന്നത്. പരമ്പരാഗത ഗാർഹിക സിലിണ്ടറിന് പകരം വ്യക്തിഗത എൽപിജി സിലിണ്ടർ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ മാറ്റം നടപ്പിലാക്കിയിരിക്കുന്നത്
നേരത്തെ ഗാർഹിക സിലിണ്ടർ പുതിയ കണക്ഷൻ എടുക്കാൻ 4,000 രൂപവരെ നൽകിയാൽ മതിയായിരുന്നുവെങ്കിൽ നിരക്കിലാകെ മാറ്റം വന്നുതുടങ്ങി. പത്ത് കിലോഗ്രാമിൻ്റെ പുതിയ കണക്ഷനും റഗുലേറ്ററിനും മറ്റും ലഭിക്കാനും 4,840 രൂപവരെ നൽകണം. ഓരോ റീഫില്ലിനും 1,650 രൂപയുമാണ് ചെലവ്. പുതിയ കണക്ഷൻ പിന്നീട് സറണ്ടർ ചെയ്യുമ്പോൾ തിരികെ നൽകില്ലെന്ന വ്യവസ്ഥയിലാണ് ഏജൻസികളുള്ളത്.
അതേസമയം, നിലവിലുള്ള ഗാർഹിക എൽപിജി കണക്ഷനുകൾ പഴയ വ്യവസ്ഥയിൽ തന്നെ നിറച്ചുനൽകുന്നത് തുടരുന്നുണ്ട്. സബ്സിഡി ലഭിച്ചിരുന്ന ഉപയോക്താക്കൾക്കും അത് തുടരാം. എന്നാൽ പുതിയ കണക്ഷനിലേക്ക് മാറിയാൽ ഈ ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. പിഎൻജി ലഭ്യമായ നഗരമേഖലകളിൽ പുതിയ ഗാർഹിക എൽപിജി കണക്ഷനുകൾക്ക് നിയന്ത്രണങ്ങളുമുണ്ട്.














