ന്യൂഡൽഹി | സൂപ്പർ എൽ നിനോയുടെ സ്വാധീനത്തിൽ ഇന്ത്യയിൽ ചൂടു മരണങ്ങൾ ഗണ്യമായി ഉയർന്നേക്കുമെന്ന് റിപ്പോർട്ട്. സെപ്റ്റംബർ 2026 മുതൽ ഫെബ്രുവരി 2027 വരെ 15,800 അധിക മരണങ്ങൾ ഉണ്ടാകാമെന്നാണ് ക്ലൈമറ്റ് ഇംപാക്ട് ലാബിന്റെ വിലയിരുത്തൽ. കണക്കുകൂടുന്നവയിൽ 1,680 അധിക മരണങ്ങൾ കേരളത്തിലാണ്. ദേശീയ കണക്കിൽ ഏകദേശം 1,600 പേരുടെ വരെ വ്യത്യാസം ഉണ്ടാകാമെന്നും റിപ്പോർട്ട് പറയുന്നു. 1996-2025 വരെയുള്ള ശരാശരി താപനിലയുമായി താരതമ്യംചെയ്യുമ്പോൾ സംഭവിക്കാനിടയുള്ള അധികമരണനിരക്കാണ് കണക്കാക്കുന്നത്.
കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി 7,992 അധിക മരണങ്ങൾ ഉണ്ടായേക്കാമെന്നാണ് പ്രവചനം. സംസ്ഥാനാടിസ്ഥാനത്തിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ പ്രവചിച്ചിരിക്കുന്നത്—2,640. ഒക്ടോബറിൽ മാത്രം 970 മരണങ്ങൾ ഉണ്ടായേക്കാമെന്നും റിപ്പോർട്ട് പറയുന്നു. മരണനിരക്ക് ഒക്ടോബറിൽ ഉയർന്ന ശേഷം നവംബർ, ഡിസംബർ മാസങ്ങളിൽ കുറയുകയും ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വീണ്ടും ഉയരുകയും ചെയ്യുമെന്നാണ് പ്രവചനം. ഫെബ്രുവരിയിൽ മാത്രം 4,167 മരണങ്ങൾ ഉണ്ടായേക്കാമെന്നും ഇതിൽ 71 ശതമാനവും ദക്ഷിണേന്ത്യയിലായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
പസഫിക് സമുദ്രത്തിലെ ചില മേഖലകളിൽ സമുദ്രോപരിതല താപനില ശരാശരിയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസോ അതിലധികമോ ഉയരുന്ന അതിശക്തമായ എൽനിനോ അവസ്ഥയെയാണ് സൂപ്പർ എൽനിനോ. വെള്ളപ്പൊക്കം, വരൾച്ച, അതിശക്തമായ ചൂട്, കൃഷിനാശം തുടങ്ങിയ പ്രത്യാഘാതങ്ങളിലൂടെയാണ് മരണനിരക്ക് ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.
ആഗോളതലത്തിൽ എൽ നിനോയുടെ ആദ്യ ആറുമാസത്തിനിടെ 4.51 ലക്ഷം അധിക ചൂട് മരണങ്ങൾ ഉണ്ടായേക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. അതിൽ സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ മാത്രം 2.39 ലക്ഷം മരണങ്ങളാണ് പ്രവചിക്കുന്നത്. ഇന്തോനേഷ്യയിൽ 19,300 പേരും ഫിലിപ്പീൻസ്, വിയറ്റ്നാം, തായ്ലൻഡ്, കംബോഡിയ എന്നിവിടങ്ങളിലായി 19,400 പേരും മരിക്കാനിടയുണ്ടെന്നാണ് റിപ്പോർട്ട്. ബ്രസീലിൽ 13,300 പേരുടെയും ആഫ്രിക്കയിലെ സഹേൽ മേഖലയിലാകെ 66,800 പേരുടെയും അധിക മരണമാണ് പ്രവചിക്കുന്നത്.
സെനഗൽ, ഗാംബിയ, വടക്കൻ നൈജീരിയ ഉൾപ്പെടെ ആഫ്രിക്കയിലെ പത്തോളം രാജ്യങ്ങളിലായി ഏകദേശം 5,000 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന മേഖലയാണ് സഹേൽ. അസാധാരണമായ ചൂട് വരും മാസങ്ങളിൽ വലിയ ആരോഗ്യഭീഷണി സൃഷ്ടിക്കുമെന്നാണ് പഠനത്തിന്റെ മുന്നറിയിപ്പ്. അസാധാരണമായ ചൂട് ഇതിനകം വൈദ്യുതി ആവശ്യകതയും ഉയർത്തിയിട്ടുണ്ട്.
A comprehensive study by the University of Chicago Climate Impact Lab warns that the Super El Nino phenomenon could trigger 4.51 lakh excess deaths worldwide, including 15,800 in India, over the next six months due to extreme heat.














