പണ്ട് കാലത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയലുകള്‍ കെട്ടിവെക്കാന്‍ ഉപയോഗിച്ചിരുന്ന ചുവന്ന നാടയില്‍ നിന്നാണ് ‘ചുവപ്പുനാടക്കുരുക്ക്’ എന്ന വാക്കുണ്ടായത്. അനാവശ്യ നിയമങ്ങളും ഉദ്യോഗസ്ഥരുടെ അനാസ്ഥയും കാരണം ഫയലുകള്‍ വൈകുന്നതിനെയാണ് ജനം അങ്ങനെ വിളിച്ചത്. എന്നാല്‍, എല്ലാം വിരല്‍ത്തുമ്പിലുള്ള ഈ അതിവേഗ ഡിജിറ്റല്‍ യുഗത്തില്‍, അധികാരികളുടെ മൂക്കിനു താഴെ ഒരു റോഡും അവിടുത്തെ ജനങ്ങളും ഏഴു വര്‍ഷമായി ദുരിതക്കുഴിയില്‍ കിടക്കുകയാണെങ്കില്‍ അതിനെ നമ്മള്‍ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്? ചുവപ്പുനാടയെന്ന വിശേഷണം പോലും തികയാതെ വരുന്ന ആ വഞ്ചനയുടെ കഥയാണ് തിരുവനന്തപുരം പോങ്ങുംമൂട് ആക്കുളം ഇടറോഡില്‍ നിന്ന് സ്മാര്‍ട്ട്‌വേയ്ക്ക് പറയാനുള്ളത്. ഇതിനെ വിശേഷിപ്പിക്കാന്‍ ഒരു പുതിയ പദം നിര്‍ദേശിക്കാനും പ്രീയ വായനക്കാരോട് സ്മാര്‍ട്ട്‌വേ അഭ്യര്‍ത്ഥിക്കുകയാണ്.

കോര്‍പ്പറേഷന്റെ ‘അമൃത്’ പദ്ധതിയില്‍പെടുത്തി, ഏഴു വര്‍ഷം മുമ്പ് തുടങ്ങിയ ഒരു െ്രെഡനേജ് മാന്‍ഹോള്‍ നിര്‍മ്മാണമാണ് ഈ നാട്ടുകാരുടെ ശാപമായി തുടരുന്നത്്. 2019 ല്‍ പ്രഖ്യാപിച്ച്, 2020 ജനുവരിയോടെ കാരുണ്യ റസിഡന്‍സ് അസോസിയേഷന്‍ ഭാഗത്തുനിന്ന് ആക്കുളം റോഡിലേക്ക് ആരംഭിച്ച മാന്‍ഹോളുകളുടെ നിര്‍മ്മാണം അശാസ്ത്രീയമാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയതോടെ കൂടുതല്‍ ഭാഗത്തേക്ക് നീട്ടിയില്ല. നിരവധി വാഹനങ്ങള്‍ സുഗമമായി പൊയ്‌ക്കൊണ്ടിരുന്ന റോഡ് അന്ന് കുഴിച്ചു മറിച്ചിട്ടതാണ്. ഇന്നും ഈ റോഡ് പഴയപടിയാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. പോങ്ങുംമൂട് ജംഗ്ഷന്‍ പിന്നിട്ട്, ഉള്ളൂരിലേക്കുള്ള പ്രധാന റോഡിലെ തിരക്കില്‍ നിന്ന് രക്ഷപെടാന്‍ വലത്തോട്ട് തിരിഞ്ഞാല്‍ ഇരുനൂറോളം കുടുംബങ്ങളെ ബന്ദികളാക്കി, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് മേല്‍ അധികാരികള്‍ വീഴ്ത്തിയ ‘ഡിജിറ്റല്‍ യുഗത്തിലെ ചുവപ്പു നാടക്കുരുക്കിന്റെ’ നേര്‍ക്കാഴ്ച കണ്ടു തിരിച്ചുപോകാം.

പ്രതിഷേധം ശക്തമായതോടെ, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒടുവില്‍ 2024 ല്‍ 3.25 കോടി രൂപയുടെ ഓട, റോഡ് നിര്‍മ്മാണം പ്രഖ്യാപിക്കപ്പെട്ടു. ജനപ്രതിനിധികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പരിസരത്താകെ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. എന്നാല്‍ ആ ഫ്‌ലെക്‌സുകളുടെ തിളക്കം മാറുന്നതിന് മുമ്പ്, 2025 ജനുവരി 30ന് നിര്‍മ്മാണങ്ങള്‍ക്ക് ടെന്‍ഡറും നല്‍കി. എന്നാല്‍ വിഷയം ലോകായുക്തയിലെത്തിയതോടെ പണി മുടങ്ങി. ആ കുരുക്കും നാട്ടുകാര്‍ ഒരുവിധത്തില്‍ അഴിച്ചു. അപ്പോഴാണ് അതിനെക്കാളും ഭീകരമായ യഥാര്‍ത്ഥ പ്രശ്‌നം തലപൊക്കിയത്. വല്ലപ്പോഴും വരുന്ന ഒന്നോ രണ്ടോ തൊഴിലാളികള്‍ കോടിക്കണക്കിനു രൂപയുടെ പദ്ധതി ചെയ്യുന്നത് കണ്ടപ്പോള്‍ മൂക്കത്തു വിരള്‍വച്ചുപോയെന്നാണ് ഇവിടുത്തകാര്‍ പറയുന്നത്. ആക്കുളത്തുനിന്നും കാരുണ്യ ജംഗ്ഷനില്‍ നിന്നും തുടങ്ങാന്‍ തീരുമാനിച്ച നിര്‍മ്മാണങ്ങള്‍ അട്ടിമറിക്കപ്പെട്ടു. നാട്ടുകാര്‍ക്ക് അധികാരികളോട് ചോദിക്കാനുളളത്, സമയത്ത് ജോലി പൂര്‍ത്തിയാക്കാന്‍ കഴിവുണ്ടെന്നു ഉറപ്പു വരുത്തിയിട്ടു വേണ്ടായിരുന്നോ കരാറുകാരനെ ജോലി ഏല്‍പ്പിക്കാനെന്നാണ്. കുറച്ചുനാള്‍ സൗകര്യംപോലെ കുറച്ചു പണിയൊക്കെ ചെയ്ത്, അതിന്റെ പണവും വാങ്ങി കരാറുകാര്‍ പോകുമെന്നതാണ് ആശങ്ക. പറഞ്ഞ സമയമൊക്കെ തീരാറായിട്ടും പണിയുടെ 20 ശതമാനം പോലും തീര്‍ന്നിട്ടില്ല. ജോലിയിലെ ഈ മെല്ലെപ്പോക്കും അധികൃതരുടെ ഒളിച്ചുകളിയും ഒരുകൂട്ടം ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. അതെ, കോര്‍പ്പറേഷന്റെ വലിയ പദ്ധതികള്‍ വരും. ഒടുവില്‍ കരാറുകാരും അധികാരികളും തിരിഞ്ഞുനോക്കാതെ നാട്ടുകാരെ ദുരിതത്തിലാക്കി വഴിയിലുപേക്ഷിക്കുമെന്ന അവസ്ഥയ്ക്ക് ഇവിടുത്തുകാര്‍ സാക്ഷ്യം വഹിക്കുകയാണ്.

This is a developmental bottleneck hitting the people hard | The red tape of misery turns 7 years old

LEAVE A REPLY

Please enter your comment!
Please enter your name here