അവധിയെന്നോ പ്രവൃത്തിദിനമെന്നോ വ്യത്യാസമില്ലാതെ, എല്ലാ ദിവസവും രാവിലെ നൂറുകണക്കിന് ‘ഭായി’മാര്‍ ഉള്ളൂര്‍ ജംഗ്ഷനിലേക്ക് ഒറ്റയ്ക്കും കൂട്ടമായും ഒഴുകിയെത്തുന്നു. ഇന്നിത് ഉള്ളൂരിന്റെ ഒരു നിത്യകാഴ്ചയാണ്!
ഏതു ദിവസജോലിക്കും കൂലി പറഞ്ഞുറപ്പിച്ച് ഇവര്‍ മലയാളിയുടെ കൂടെയിറങ്ങും…വീട്ടിലെ ജോലികള്‍ക്ക് ആളെ തേടിയെത്തുന്നവരോട് കട്ടയ്ക്ക് നിന്ന് കൂലി തര്ക്കിച്ചുറപ്പിക്കുന്ന സ്മാര്‍ട്ട് ‘ഭായി’മാരെയാണ് ‘സ്മാര്‍ട്ട് വേ’ക്ക് ഉള്ളൂരില്‍ കാണാന്‍ കഴിയുന്നത്. ഇവര്‍ക്കിടയില്‍ ചുരുക്കം ചില മലയാളി സാന്നിദ്ധ്യവും ശ്രദ്ധിക്കപ്പെട്ടു.
ഒരു കാലത്ത് സ്കൂളില്‍ പോയപ്പോള്‍ പഠിക്കാന്‍ മടിച്ച ഹിന്ദി, ഇന്ന് നമ്മുടെ മലയാളി മേസ്തിരിമാര്‍ പച്ചവെള്ളം പോലെ സംസാരിക്കുന്നു ! കാരണം മറ്റൊന്നുമല്ല, ഭായിമാര്‍ നമ്മുടെ തൊഴിലിടങ്ങള്‍ കൈയടക്കിക്കഴിഞ്ഞു. ഭായിമാര്‍ കൈയ്യേറിക്കഴിഞ്ഞ തൊഴില്‍ മേഖലകളിലെല്ലാം മുതലാളി തൊഴിലാളി വ്യത്യാസമില്ലാതെ മലയാളികള്‍ ഹിന്ദി എക്സ്പെര്‍ട്ടുകളായി മാറുന്നതും ‘സ്മാര്‍ട്ട് വേ’ കണ്ടു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അതിഥി തൊഴിലാളികളുടെ പ്രധാന ഹബ് കിഴക്കേകോട്ടയാണ്. അതിന് തൊട്ടുപിന്നാലെത്താന് ഉള്ളൂരും ശ്രീകാര്യവും തമ്മില്‍ ഇപ്പോള്‍ കടുത്ത മത്സരമാണ്. ഔദ്യോഗികമായി കൃത്യമായ കണക്കുകള്‍ അധികാരികളുടെ പക്കലില്ലെങ്കിലും, ഉള്ളൂരില്‍ മാത്രം തങ്ങള്‍ 25,000ത്തിന് മുകളിലുണ്ടെന്നാണ് ഭായിമാര്‍ അവകാശപ്പെടുന്നത്. ഇവരെക്കുറിച്ച് കൃത്യമായ കണക്ക് അധികാരികളുടെ പക്കലില്ലെന്നതാണ് യാഥാര്‍ഥ്യം. ആ വിവരശേഖരണം എന്നെങ്കിലും വിജയിക്കുമെന്ന് വിശ്വസിക്കാനേ തല്ക്കാലം തരമുള്ളൂ.
ഇവരില്‍ ഭൂരിപക്ഷവും പശ്ചിമ ബംഗാളില്‍ നിന്നാണ്. അവരില്‍ അച്ഛനൊപ്പം വന്ന മക്കളുണ്ട്, സഹോദരന് വെട്ടിയ വഴിയിലൂടെ വന്ന കൂടപ്പിറപ്പുകളുണ്ട്. കൗകുകകരമായ കാര്യം എന്തെന്നാല്‍, സ്വന്തം നാട്ടില്‍ രണ്ടും മൂന്നും ഏക്കര്‍ കൃഷിഭൂമിയുള്ള ജമീന്ദാര്‍മാരും, വന്‍തോതില്‍ മത്സ്യകൃഷി നടത്തുന്നവരും, കോളേജ് അവധിക്കാലത്ത് പോക്കറ്റ് മണി സമ്പാദിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളും ഉള്ളൂരിലെ ഭായിമാര്‍ക്കിടയില്‍ ഉണ്ട്.
ഇന്ന് നിര്‍മ്മാണ മേഖല മാത്രമല്ല, കച്ചവട സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍… അങ്ങനെ സമസ്ത മേഖലകളും അവര്‍ കീഴടക്കിക്കഴിഞ്ഞു. എന്നാല്‍ ഈ സാന്നിധ്യം എന്നും ഇവിടെ ഉണ്ടാകുമോ? മലയാളികള്‍ ഉപേക്ഷിച്ച ജോലി, അതിന് മോശമല്ലാത്ത വേതനം, അവരുടെ നാട്ടില്‍ കാണാന്‍ കഴിയാത്ത സാംസ്കാരിക സാമൂഹിക പശ്ചാത്തലം എന്നിവ അവരെ എന്നും ഇവിടെ ആകര്‍ഷിച്ചു നിര്‍ത്തുമോ? പ്രത്യേകിച്ചും നാടുവിട്ട തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന ഈ സമയത്ത്. ഇവിടെ ഗ്യാസ് ഇല്ലാതായതും അവിടെ നടന്ന തിരഞ്ഞെടുപ്പും കണക്കിലെടുത്ത് നാട്ടിലേക്ക് പോയവര്‍ മടങ്ങിവരാതിരുന്നപ്പോള്‍ നമ്മള് ഒന്നു വലഞ്ഞതാണ്.
ഭായിമാര്‍ നമ്മുടെ നാട്ടിലെ ഒഴിച്ചുകൂടാനാകാത്ത കൂട്ടരാണെന്ന വസ്തുത അംഗീകരിക്കുമ്പോഴും ചില ഗുരുതരമായ ചോദ്യങ്ങള്‍ ചിന്തിക്കാനും ചര്‍ച്ച ചെയ്യാനുമായി ഉന്നയിക്കാതിരിക്കാന്‍ തരമില്ല. അത് ഇവരുടെ സമ്പാദ്യത്തെയും ചെലവഴിക്കല്‍ രീതികളെയും കുറിച്ചാണ്.

ഒരു വീട്ടില്‍ ഒരുകൂട്ടം ഭായിമാര്‍ ഒരുമിച്ചാണ് താമസം. ഒരാള്‍ക്ക് മാസം 1000 രൂപയോളം വാടക വിഹിതം. പാചകവും സാധനങ്ങള്‍ വാങ്ങലുമെല്ലാം ദിവസക്രമത്തില്‍ വീതിക്കും. ഭായിമാരുടെ ശീലങ്ങള്‍ക്ക് അനുസരിച്ച് സാധനങ്ങള്‍ വില്‍ക്കുന്ന കടകളും ഇന്ന് ഉള്ളൂരില്‍ സജീവമാണ്. ഒരു വീട്ടില്‍ പത്തും പതിനഞ്ചും അതിനു മുകളിലും ഭായിമാര്‍ താമസിക്കുന്നതു കൊണ്ടാകും കണക്കിനു ആനുപാതികമായുള്ള അടിസ്ഥാന സൗകര്യ വികസനം ഉള്ളൂരില്‍ കാണാനാകാത്തത്.
കേരളത്തിലെ അതിഥി തൊഴിലാളികള്‍ പ്രതിവര്‍ഷം 30,000 കോടിയിലധികം രൂപയാണ് സ്വന്തം നാട്ടിലേക്ക് അയക്കുന്നത് എന്നാണ് കണക്കുകള്‍. അതായത്, ദിവസവരുമാനത്തില്‍ നിന്ന് 33 രൂപ ദിവസവാടക അടക്കം 300 രൂപയില്‍ താഴെ മാത്രം ഇവിടെ ചെലവഴിച്ചിട്ട്, സമ്പാദ്യത്തിന്റെ 65 ശതമാനവും നാട്ടിലേക്ക് വണ്ടി കയറ്റുന്നു.
ഈ കണക്ക് ഉള്ളൂരിലേക്ക് ചുരുക്കിയാല്‍ ഞെട്ടും. ഉള്ളൂരിലെ 1,000 ഭായിമാര്‍ ചേര്‍ന്ന് മാസം രണ്ടു കോടിയോളം രൂപ നാട്ടിലേക്ക് അയക്കുന്നു. 10,000 പേരുണ്ടെങ്കില്‍ അത് മാസം 20 കോടിയും, പ്രതിവര്‍ഷം 240 കോടിയോളവുമായി മാറും. സമ്പാദ്യശീലത്തെയും കുടുംബസ്നേഹത്തെയും ഹൃദയപൂര്‍വ്വം ബഹുമാനിക്കുന്നു. ‘സ്മാര്‍ട്ട് വേ’ പങ്കുവയ്ക്കുന്ന ചിന്ത മറ്റൊന്നാണ്.
പ്രവാസികള്‍ കേരളത്തിലേക്ക് അയക്കുന്ന പണവും നാട്ടിലെ മലയാളികളുടെ സമ്പാദ്യവുമാണ് ഇവിടത്തെ ക്രയവിക്രയങ്ങളില്‍ വിനിയോഗിക്കുന്നത്. മലയാളികള്‍ ചോരനീരാക്കി ഉണ്ടാക്കുന്ന പണമാണിത്.
ഇത് നമ്മുടെ മലയാളി തൊഴിലാളികള്‍ക്കാണ് കിട്ടിയിരുന്നതെങ്കില്‍, ഈ പണം മുഴുവന്‍ ഉള്ളൂരിലെ വിപണിയില്‍ തന്നെയല്ലേ ചെലവഴിക്കപ്പെടേണ്ടിയിരുന്നത്? മലയാളികള്‍ മടി വിചാരിച്ച് ഉപേക്ഷിച്ച ജോലികള്‍, ഇന്ന് നമ്മുടെ പ്രാദേശിക വിപണിയുടെ നഷ്ടമായ ചലനത്തിന് പ്രധാന കാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. ചെറുകിട വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടകുറവിനും പിന്നാലെയുള്ള അടച്ചുപൂട്ടലുകള്‍ക്കും ഇതും ഒരു കാരണമാണെന്ന് അഭിപ്രായം ഉയരുന്നു.
ഈ വിഷയത്തെ ലാഘവത്തോടെ കണ്ട് അധികാരികള്‍ അറിഞ്ഞില്ലെന്ന് നടിക്കുന്നത് എന്തിനാണ്. ഇവിടെ നിന്നു അവര്‍ സമ്പാദിക്കുന്ന പണത്തിന്റെ നിശ്ചിതവിഹിതം നമ്മുടെ വിപണി അര്ഹിക്കുന്നില്ലെ ?
The financial pipeline created by Ulloor’s migrant workforce, Millions in Transit













