തിരുവനന്തപുരം | തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലാണ് ഗിഗോൺ വിശ്രമകേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. തൊഴിലാളി സൗഹൃദ കേരളത്തിന്റെ ഏറ്റവും പുതിയ മാതൃകയാണ് ഗിഗ് തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച ‘ഗിഗോൺ’ വിശ്രമകേന്ദ്രങ്ങളെന്ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി തൊഴിൽ വകുപ്പ് ആരംഭിച്ച ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വാൻറോസ് ജങ്ഷനിൽ മന്ത്രി നിർവഹിച്ചു. കോഴിക്കോട്, എറണാകുളം ജില്ലകളിൽ ആരംഭിച്ച ഗിഗോൺ വിശ്രമകേന്ദ്രങ്ങളുടെ ഉദ്ഘാടനവും നടന്നു.
ഓൺലൈൻ ഭക്ഷ്യവിതരണം, ഇ-കൊമേഴ്സ്, റൈഡ്-ഹെയിലിംഗ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഗിഗ് തൊഴിലാളികൾക്ക് ജോലിക്കിടയിൽ സുരക്ഷിതമായും മാന്യമായും വിശ്രമിക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയാണ് ഗിഗോൺ കേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്. കേവലം ഒരു കെട്ടിടമല്ല ഗിഗോൺ വിശ്രമകേന്ദ്രങ്ങളെന്നും തൊഴിലാളികളുടെ ജോലിക്കിടയിലെ വിശ്രമത്തിനും സുരക്ഷയ്ക്കും അന്തസ്സിനും സർക്കാർ നൽകുന്ന അംഗീകാരത്തിന്റെ പ്രതീകമാണിതെന്നും മന്ത്രി പറഞ്ഞു.
ഗിഗോൺ പദ്ധതി മൂന്ന് നഗരങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. ആദ്യഘട്ട അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലാണ് ഗിഗോൺ വിശ്രമകേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചത്. രാവിലെ 8 മുതൽ രാത്രി 10 വരെ രണ്ട് ഷിഫ്റ്റുകളിലായാണ് കേന്ദ്രങ്ങളുടെ പ്രവർത്തനം. രാവിലെ 8 മുതൽ വൈകിട്ട് 3 വരെയും വൈകിട്ട് 3 മുതൽ രാത്രി 10 വരെയുമാണ് ഷിഫ്റ്റുകൾ. ഓരോ ഷിഫ്റ്റിലും രണ്ട് ജീവനക്കാരെ വീതം കേന്ദ്രങ്ങളുടെ നടത്തിപ്പിനായി നിയോഗിച്ചിട്ടുണ്ട്.
കസേരകൾ, ശുചിമുറി, കുടിവെള്ളം, ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം, വൈഫൈ, മൊബൈൽ ചാർജിങ് സൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ജോലിക്കിടയിലെ ചെറിയൊരു ഇടവേള പോലും സുരക്ഷിതമായും മാന്യമായും ചെലവഴിക്കാൻ ഗിഗ് തൊഴിലാളികൾക്ക് ഇനി ഈ കേന്ദ്രങ്ങളെ ആശ്രയിക്കാം.
ഓൺലൈൻ ഭക്ഷ്യവിതരണം, ഇ-കൊമേഴ്സ്, റൈഡ്-ഹെയിലിംഗ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഗിഗ് തൊഴിലാളികൾക്ക് ജോലിക്കിടയിൽ സുരക്ഷിതമായ വിശ്രമസൗകര്യവും അടിസ്ഥാന ക്ഷേമസൗകര്യങ്ങളും ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.













