തിരുവനന്തപുരം | പശ്ചിമഘട്ടത്തിൻ്റെ ജൈവവൈവിധ്യ കലവറയായ അഗസ്ത്യമല ജൈവമണ്ഡലത്തിൽ (Agasthyamalai Biosphere Reserve-ABR) തിരുവനന്തപുരത്തെ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാനിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ജെഎൻടിബിജിആർഐ) നടത്തിയ പഠനത്തിൽ 3,261 സസ്യ ഇനങ്ങളും 26 ഉപഇനങ്ങളും 28 വകഭേദങ്ങളും കണ്ടെത്തി. 1,139 ജനുസുകളിലും 190 സസ്യ കുടുംബങ്ങളിലുമാണ് ഇവ ഉൾപ്പെടുന്നതെന്ന്
സെപ്റ്റംബർ 2026ലെ ‘പ്ലാന്റ് സയൻസ് ടുഡേ’യിൽ പ്രസിദ്ധീകരിച്ച ‘Comprehensive Checklist of the Flowering Plants of the Agasthyamalai Biosphere Reserve, South India’ എന്ന പേരിലുള്ള പഠനം പറയുന്നു.
അഗസ്ത്യമല, നീലഗിരി, ഗൾഫ് ഓഫ് മന്നാർ, ശേഷാചലം കുന്നുകൾ എന്നിവയാണ് തെക്കേ ഇന്ത്യയിലെ നാല് ജൈവമണ്ഡല സംരക്ഷിത പ്രദേശങ്ങൾ രാജ്യത്തെ ഏറ്റവും വൈവിധ്യമാർന്ന പരിസ്ഥിതി വ്യവസ്ഥകളിൽ ചിലത് ഇവിടങ്ങളിലുണ്ട്. ഉയർന്ന സസ്യ-ജന്തു വൈവിധ്യവും തദ്ദേശീയ ഇനങ്ങളുടെ സാന്നിധ്യവുമാണ് ഈ പ്രദേശങ്ങളുടെ പ്രധാന സവിശേഷത.
കേരളത്തിലും തമിഴ്നാട്ടിലുമായി വ്യാപിച്ചുകിടക്കുന്ന അഗസ്ത്യമല ജൈവമണ്ഡലം പശ്ചിമഘട്ടത്തിലെ പ്രധാന ജൈവവൈവിധ്യ മേഖലകളിലൊന്നാണ്. അഗസ്ത്യമലയിലെ സസ്യവൈവിധ്യത്തിൽ ഏറ്റവും സമ്പന്നമായ കുടുംബം Fabaceae ആണ്. 349 ഇനങ്ങളാണ് (ടാക്സ) ഈ കുടുംബത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. Rubiaceae (194), Poaceae (193), Orchidaceae (168) എന്നിവയാണ് തൊട്ടുപിന്നിൽ. കണ്ടെത്തിയ സസ്യസമ്പത്തിൽ 1,018 ഇനങ്ങള് (ടാക്സകൾ) (31.2 ശതമാനം) ഇന്ത്യയിൽ മാത്രം കാണുന്നവയാണ്. ഇതിൽ 245 ഇനങ്ങൾ പ്രത്യേക ആവാസവ്യവസ്ഥകളിൽ മാത്രം കാണുന്ന സ്റ്റീനോ-എൻഡമിക് ts(enoendemic)കുകളാണ്.
ശ്രീലങ്കയുമായി ശക്തമായ ജൈവഭൂമിശാസ്ത്ര ബന്ധം 347 സസ്യടാക്സകൾ പങ്കിടുന്നതായും പഠനം കണ്ടെത്തി. സമുദ്രനിരപ്പ് താഴ്ന്നിരുന്ന കാലഘട്ടങ്ങളിലെ ഭൂബന്ധം, ഗോണ്ട്വാന ഭൂഖണ്ഡത്തിൻ്റെ പാരമ്പര്യം, ദീർഘകാല കാലാവസ്ഥാ സാമ്യങ്ങൾ തുടങ്ങിയവ ഈ ബന്ധത്തിന് കാരണമായിരിക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ഉഷ്ണമേഖലാ അമേരിക്കൻ സസ്യസമ്പത്തുമായുള്ള സാമ്യവും പഠനം ചൂണ്ടിക്കാട്ടുന്നു.
അഗസ്ത്യമലയുടെ സസ്യസമ്പത്തിൻ്റെ സമൃദ്ധി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആൻജിയോസ്പേം വൈവിധ്യത്തിൻ്റെയും തദ്ദേശീയതയുടെയും ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നെന്ന നിലയിലുള്ള പ്രദേശത്തിൻ്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്ന് ഗവേഷകർ വിലയിരുത്തുന്നു.
പ്രസിദ്ധീകരിക്കപ്പെടുന്ന വിവിധ പഠനങ്ങളിൽ സസ്യങ്ങളുടെ ശാസ്ത്രീയ നാമകരണം, ടാക്സോണമിക് വ്യാഖ്യാനം, വ്യാപനപരിധി എന്നിവ സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതിനാലാണ് നാലു വർഷത്തോളം നീണ്ടു നിന്ന പഠനത്തിനൊടുവിൽ പുതിയ സമഗ്ര പട്ടിക തയ്യാറാക്കിയതെന്ന് ജെഎൻടിബിജിആർഐ ഗവേഷകർ വ്യക്തമാക്കി. പരമ്പരാഗത സസ്യശാസ്ത്ര രേഖകൾ, പഴയതും പുതിയതുമായ ഗവേഷണസാഹിത്യങ്ങൾ, ആഗോള ടാക്സോണമിക് ശേഖരങ്ങൾ എന്നിവ സമഗ്രമായി പരിശോധിച്ചാണ് നിലവിലെ പട്ടിക തയ്യാറാക്കിയത്.
കൊല്ലം ജില്ലയിലെ റോസ്മലയിൽ നിന്ന് കണ്ടെത്തിയ ബെഗോണിയ ജനുസിൽപ്പെട്ട പുതിയ സസ്യ ഇനത്തിനു ജെ.എൻ.ടി.ബി.ജി.ആർ.ഐയിലെ മുൻ ഗാർഡൻ മാനേജ്മെന്റ് വിഭാഗം മേധാവി ആർ. രാജ് വിക്രമന്റെ സംഭാവനകളെ ആദരിച്ച് ബെഗോണിയ രാജ് വിക്രമാനി എന്ന് പേര് നൽകി. പഠനത്തിന്റെ റിപ്പോർട്ട് ഫൈറ്റോടാക്സ എന്ന ഗവേഷണ ജേണലിന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു.
ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ അഗസ്ത്യമലയിലെ ഷോല പുൽമേടുകളിൽ നിന്ന് പുതിയ പുഷ്പിക്കുന്ന സസ്യ ഇനത്തെയും കണ്ടെത്തിയിട്ടുണ്ട്. 1,200 മുതൽ 1,500 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങളിൽ കണ്ടെത്തിയ ഓസ്ബെക്കിയ യൂലോട്രിക്ക എന്ന ഇനം രോമാവൃതമായ സസ്യമാണ്. അഗസ്ത്യമലയുടെ സസ്യവൈവിധ്യത്തെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾക്ക് പുതിയ കണ്ടെത്തലുകൾ പ്രാധാന്യമേകുമെന്ന് ഗവേഷകർ വിലയിരുത്തുന്നു.
The Jawaharlal Nehru Tropical Botanic Garden and Research Institute (JNTBGRI), Thiruvananthapuram, has compiled a new checklist of flowering plants in the Agasthyamalai Biosphere Reserve (ABR), highlighting the global biodiversity significance of the Western Ghats.














