തിരുവനന്തപുരം l കൃത്യമായ ഗൃഹപാഠം ചെയ്താല്‍ ഏതു പരീക്ഷയും വിജയിക്കാമെന്നു മുതിര്‍ന്നവര്‍ കുട്ടികളെ ഉപദേശിക്കാറില്ലേ. അതാണ് കേരളത്തില്‍ കണ്ണഞ്ചിക്കുന്ന വിജയവുമായി അധികാരത്തിലേക്ക് നീങ്ങാന്‍ കോണ്‍ഗ്രസിനെ സഹായിച്ചിരിക്കുന്ന പ്രധാന ഘടകം.

ഇക്കുറി ഇല്ലെങ്കില്‍ ഇനിയില്ലെന്ന തിരിച്ചറിവും അതു പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതും യുഡിഎഫിനു കാര്യങ്ങള്‍ എളുപ്പമാക്കി. ഇടതു ക്യാമ്പിലെ പ്രശ്‌നങ്ങളില്‍ കൃത്യമായ ഗൃഹപാഠം നടത്തി അവരുടെ വീഴ്ചകള്‍ ഓരോന്നും ആയുധമാക്കാന്‍ യുഡിഎഫ് ക്യാമ്പ് തയ്യാറെടുത്തത് തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച വിജയത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍മുന്നേറ്റത്തിനു അടിത്തറയാക്കി. ഇടതിനു എന്തെങ്കിലും കുഴപ്പമുണ്ടോയെന്നു ചിന്തിച്ചവരുടെ തോന്നലിനെ ഊതി വീര്‍പ്പിച്ച് കൊടുങ്കാറ്റാക്കാന്‍ അവര്‍ക്കായി.

സിപിഎമ്മിന്റെ ഉരുക്കു കോട്ടകള്‍ വച്ചുനീട്ടിയ ആയുധങ്ങള്‍ ശേഖരിച്ച് കൃത്യമായ ആസൂത്രണത്തോടെ തിരിച്ചു പ്രയോഗിക്കുന്നത് മനസിലാക്കി പ്രതിരോധിക്കുന്നതിലെ വീഴ്ചയാണ് വലിയ തോല്‍വി സിപിഎമ്മിനു സമ്മാനിച്ചത്. പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും കൊട്ടാരക്കരയിലും എല്ലാം കോണ്‍ഗ്രസ് നീക്കിയ കരുക്കള്‍ സംസ്ഥാനത്തുതന്നെ കൊടുങ്കാറ്റ് വിതച്ചു. സിപിഎം നേതാക്കളുടെ ധാര്‍ഷ്ട്യത്തില്‍ തുടങ്ങി സര്‍ക്കാരിന്റെ അവകാശവാദങ്ങളില്‍പ്പോലും സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്താന്‍ യുഡിഎഫിനായി.

വ്യക്തിപൂജയ്ക്കു സമാനമായ ഒരുകൂട്ടം സംഭവങ്ങള്‍ക്കു പിന്നാലെയാണ് ‘മറ്റാരുണ്ടെന്ന’ പിണറായി വിജയന്റെ ചിത്രം വച്ചുള്ള പ്രചാരണം ജനത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ടത്. മറ്റുപല പ്രചാരണവേലകളും ജനം നോക്കിക്കണ്ടത് അണിയറപ്രവര്‍ത്തകർ ആഗ്രഹിച്ച ദൃഷ്ടികോണിലൂടെയല്ലെന്നു വ്യക്തം. ഫലമോ സി.പി.എമ്മിലെ പിണറായി വിരുദ്ധ വോട്ടുകള്‍ കൂടി ഏകീകരിച്ച് മിന്നും ജയം കോണ്‍ഗ്രസ് ഉറപ്പിച്ചു. 63 സീറ്റ് വിജയത്തോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here