തിരുവനന്തപുരം | സാധാരണ നിലയിൽ ലഭിക്കേണ്ട 2,018.6 മില്ലിമീറ്റർ മഴയ്ക്കുപകരം 1,446.5 മാത്രം നൽകി കാലവർഷം കേരളത്തിൽ നിന്നു പിൻവാങ്ങി. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ (എടവപ്പാതി) 28 ശതമാനം മഴ കുറഞ്ഞതോടെ കേരളത്തിൽ വരൾച്ച പ്രഖ്യാപിക്കാനുള്ള നടപടി തുടങ്ങി. ഇതിനുള്ള ആദ്യഘട്ട ശിപാർശകൾ സർക്കാരിനു ലഭിച്ചിട്ടുണ്ട്.
1901ന് ശേഷമുള്ള ഏഴാമത്തെയും 2001ന് ശേഷമുള്ള നാലാമത്തെയും ഏറ്റവും കുറഞ്ഞ കാലവർഷമാണിത്. മറ്റൊരു എൽ-നിനോ വർഷമായിരുന്ന 2023 ൽ 34.3 ശതമാനം കുറഞ്ഞിരുന്നു. 2016-ൽ 33 ശതമാനമായി കുറഞ്ഞപ്പോൾ സംസ്ഥാനമാകെ വരൾച്ച പ്രഖ്യാപിച്ചിരുന്നു. നദികൾ ഉൾപ്പെടെയുള്ള ജലാശയങ്ങളിലെ ജലനിരപ്പ്, ഭൂഗർഭ ജലനിരപ്പ്, വിളനഷ്ടം എന്നിവ സംബന്ധിച്ച ദുരന്തനിവാരണ അതോറിട്ടിയുടെ രണ്ടാം ഘട്ട പരിശോധനാ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് സർക്കാരിൻ്റെ തീരുമാനവും പ്രഖ്യാപനവും ഉണ്ടാകും.
സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴക്കുറവ് ഉണ്ടായിട്ടുണ്ട്. എട്ട് ജില്ലകളിൽ 20 മുതൽ 53 ശതമാനം വരെയും ആറു ജില്ലകളിൽ പൂജ്യം മുതൽ 20 ശതമാനം വരെയും കുറവാണ് ഇക്കുറി. പ്രധാന ജലസംഭരണികളും ജലവൈദ്യുത പദ്ധതികളും സ്ഥിതി ചെയ്യുന്ന ഇടുക്കി, വയനാട് ജില്ലകളിൽ സാധാരണയേക്കാൾ 50 ശതമാനത്തോളം മഴ കുറഞ്ഞത് ആശങ്കയാണ്.
ജൂലൈ 31 വരെ സംസ്ഥാനത്ത് 34 ശതമാനം മഴക്കുറവായിരുന്നു. പിന്നീട് ഏതാനും ദിവസങ്ങളിലുണ്ടായ ശക്തമായ മഴയോടെ കുറവ് 23 ശതമാനമായി കുറഞ്ഞെങ്കിലും ആകെ മഴക്കുറവ് നികത്താനായില്ല. തുടർച്ചയായ നേരിയതോ മിതമായതോയായ മഴ ലഭിക്കാത്തത് ഭൂഗർഭജല പുനർനിറവിനെയും ബാധിച്ചു.
ഒരു ദശകത്തിനിടയിലെ ഏറ്റവും ദുർബലമായ മൺസൂണുകളിലൊന്നാണ് ദേശീയ തലത്തിൽ 12.6 ശതമാനം മഴക്കുറവോടെ 28 ന് അവസാനിച്ചത്. 2015നുശേഷമുള്ള ഏറ്റവും വലിയ മഴക്കുറവാണിത്. കിഴക്ക്–വടക്കുകിഴക്കൻ മേഖലയിൽ 25.6 ശതമാനവും, ദക്ഷിണ ഉപദ്വീപിൽ 24.4 ശതമാനവും വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ 5.8 ശതമാനവും മഴ കുറഞ്ഞു. മധ്യ ഇന്ത്യയിൽ മഴ സാധാരണ നിലയിലായിരുന്നു.
ഒക്ടോബർ പകുതിയോടെ സാധാരണ ആരംഭിക്കുന്ന തുലാവർഷത്തിലാണ് ഇനി പ്രതീക്ഷ. ഒക്ടോബറിൽ സാധാരണയേക്കാൾ മഴ കുറയാനാണ് നിലവിലെ പ്രവചനം ഇതിനു തിരിച്ചടിയാണ്. ശക്തമായ നിലയിലുള്ള എൽനിനോ മഴയുടെ വിതരണത്തെ സ്വാധീനിച്ചേക്കും. നവംബറിൽ മധ്യ തെക്കൻ കേരളത്തിൽ സാധാരണയോ അൽപം കൂടുതലോ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ കണക്കു കൂട്ടുന്നു.
Kerala’s southwest monsoon concluded with a 28% rainfall deficit, contributing to an all-India overall deficit of 12.6% for the season ending September 30, 2026









