ന്യൂഡൽഹി | ധാന്യങ്ങള്‍ക്ക് മുന്‍ഗണന നല്കുന്ന നയപരമായ പക്ഷപാതം രാജ്യത്തെ പഴം, പച്ചക്കറി ഉല്പാദനത്തിന്റെ വൈവിധ്യവല്‍ക്കരണത്തിനും വളര്‍ച്ചയ്ക്കും തടസ്സമാകുന്നു. രാജ്യത്തെ പഴം-പച്ചക്കറി ഉല്പാദനത്തിലെ വാര്‍ഷിക വര്‍ധന കഴിഞ്ഞ ഒരു ദശകത്തില്‍, തൊട്ടു മുന്നിലെ ദശകവുമായി താരതമ്യം ചെയ്യുമ്പോള്‍ മന്ദഗതിയിലാണെന്ന് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ വിലയിരുത്തല്‍ പറയുന്നു.
ഐ.സി.എ.ആര്. ഡയറക്ടര്‍ ജനറല്‍ എം.എല്‍. ജാട്ട്, പി.എസ്. ബര്ത്തല്, എസ്.ജെ. ബാലാജി എന്നിവര്‍ തയ്യാറാക്കിയ ‘ബിയോണ്ട് ദ ഗ്രീന്‍ റെവല്യൂഷന്: അണ്‍റാവലിങ് ന്യൂ ഡൈനാമിക്സ് ഓഫ് ഇന്ത്യാസ് അഗ്രിഫുഡ് സിസ്റ്റം ട്രാന്സ്ഫര്മേഷന്’ എന്ന പഠനമാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസില്‍ പ്രസിദ്ധീകരിച്ചത്. മാറുന്ന ഭക്ഷണരീതികളും ഉയരുന്ന വരുമാനവും കാലാവസ്ഥാ പ്രതിസന്ധിയും പ്രകൃതിവിഭവങ്ങളിലെ സമ്മര്‍ദവും ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ മുന്‍ഗണനകളില്‍ മാറ്റം വരുത്തുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ ധാന്യം ഉല്പാദിപ്പിക്കുന്നതില്നിന്ന് കൂടുതല്‍ മൂല്യം സൃഷ്ടിക്കുന്നതിലേക്കും വിളവൈവിധ്യവല്ക്കരണത്തിലേക്കും ഭൂമിയും ജലവും കാര്യക്ഷമമായി ഉപയോഗിക്കുന്നതിലേക്കുമാണ് കാര്‍ഷിക മേഖല നീങ്ങുന്നതെന്ന് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ കാര്‍ഷിക വ്യവസ്ഥയിലെ മാറ്റങ്ങളെ മൂന്ന് ഘട്ടങ്ങളായി പഠനം തിരിക്കുന്നു. 1967-95 സാങ്കേതികവിദ്യാധിഷ്ഠിത ധാന്യ തീവ്രീകരണം, 1996-2014 ആവശ്യകതാധിഷ്ഠിത വൈവിധ്യവല്‍ക്കരണം, 2015-25 സുസ്ഥിരതാധിഷ്ഠിത വൈവിധ്യവല്‍ക്കരണം. പഴങ്ങളുടെ വാര്‍ഷിക ഉല്പാദന വര്‍ധന യഥാക്രമം എട്ടു ലക്ഷം ടണ്ണില്‍നിന്ന് 27 ലക്ഷം ടണ്ണായും പിന്നീട് 26 ലക്ഷം ടണ്ണായും മാറി. പച്ചക്കറികളുടെ വര്‍ധന 16 ലക്ഷം ടണ്ണില്‍നിന്ന് 50 ലക്ഷം ടണ്ണായി ഉയര്‍ന്ന ശേഷം അതേ നിലയില്‍ സ്ഥിരപ്പെട്ടു. അതേസമയം ഭക്ഷ്യധാന്യങ്ങളുടെ വാര്‍ഷിക ഉല്പാദന വര്‍ധന 41 ലക്ഷം ടണ്ണില്‍നിന്ന് 39 ലക്ഷം ടണ്ണായശേഷം 84 ലക്ഷം ടണ്ണായി ഉയര്‍ന്നു. 1996 -2014 കാലത്ത് ഇന്ത്യ ധാന്യങ്ങളില്‍നിന്ന് ഹോര്‍ട്ടിക്കള്‍ച്ചര്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ വൈവിധ്യമാര്‍ന്ന വിളകളിലേക്ക് മാറിയിരുന്നു. തുടര്‍ന്ന് അരിക്കും ഗോതമ്പിനും ലഭിച്ച സംഭരണ വില പിന്തുണ വീണ്ടും ശക്തമായതോടെ വൈവിധ്യവല്‍ക്കരണത്തിന്റെ വേഗം കുറഞ്ഞതായി പഠനം വിലയിരുത്തുന്നു.
1967-1995 കാലം ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനുള്ള ഘട്ടമായിരുന്നു. 1996-2014 ല്‍ ഉയര്‍ന്ന വരുമാനം, നഗരവല്‍ക്കരണം, സാമ്പത്തിക പരിഷ്കാരങ്ങള്‍, മാറിയ ഭക്ഷണരീതി എന്നിവയെ തുടര്‍ന്ന് കാര്‍ഷിക വൈവിധ്യവല്‍ക്കരണം ശക്തമായി. 2015നു ശേഷമുള്ള ഘട്ടത്തില്‍ സുസ്ഥിരതയ്ക്കും വിഭവസംരക്ഷണത്തിനും കൂടുതല്‍ പ്രാധാന്യം ലഭിച്ചു. ഹരിതവിപ്ലവകാലത്ത് ഉയര്‍ന്ന വിളവുനല്കുന്ന അരി, ഗോതമ്പ് ഇനങ്ങള്‍, ജലസേചനം, വളപ്രയോഗം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, കാര്‍ഷിക ഗവേഷണം എന്നിവയുടെ വ്യാപനം ഭക്ഷ്യധാന്യ ഉല്പാദനം ഉയര്‍ത്തി. 1966-67ല്‍ ഏകദേശം 7.4 കോടി ടണ്ണായിരുന്ന ഭക്ഷ്യധാന്യ ഉല്പാദനം. 1983-84ല്‍ 15.2 കോടി ടണ്ണായി ഉയര്‍ന്നു. എന്നാല്‍ അരി – ഗോതമ്പ് കേന്ദ്രീകൃത കൃഷിയും ഭൂഗര്‍ഭജലത്തിന്റെയും വളങ്ങളുടെയും അമിത ഉപയോഗവും ചില മേഖലകളില്‍ ജലക്ഷയം, മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയല്‍, ജൈവവൈവിധ്യ നഷ്ടം, മലിനീകരണം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമായി.
അതേസമയം, ഗ്രാമീണ കുടുംബങ്ങളുടെ ഭക്ഷ്യച്ചെലവില് ധാന്യങ്ങളുടെ പങ്ക് 1972-73ലെ ഏകദേശം 57 ശതമാനത്തില്‍നിന്ന് 2022-23ല്‍ 10.6 ശതമാനമായി കുറഞ്ഞു. ഉയര്‍ന്ന മൂല്യമുള്ള ഭക്ഷ്യവിഭവങ്ങളുടെ പങ്ക് 20 ശതമാനത്തില്‍നിന്ന് 48.1 ശതമാനമായി ഉയര്‍ന്നു. നഗരമേഖലയില്‍ ധാന്യങ്ങളുടെ പങ്ക് 37 ശതമാനത്തില്‍നിന്ന് 9.2 ശതമാനമായി കുറഞ്ഞു. പഴം, പച്ചക്കറി, പാല്, മാംസം, മുട്ട, മത്സ്യം എന്നിവയ്ക്കുള്ള ആവശ്യം ഇതോടെ ഉയര്‍ന്നു.
1969 മുതല്‍ 2025 വരെ ഇന്ത്യ 7,206 പുതിയ വിള ഇനങ്ങള്‍ പുറത്തിറക്കി. ഇതില്‍ 2014-2025 കാലയളവില്‍ പുറത്തിറക്കിയത് 3,236 ഇനങ്ങളാണ്. ഇതില്‍ 2,996 എണ്ണം കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതും 187 എണ്ണം പോഷകസമ്പുഷ്ടമാക്കിയതുമായ ഇനങ്ങളാണ്. വരള്‍ച്ച, കീടബാധ, രോഗങ്ങള്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ അപകടങ്ങള്‍ കുറയ്ക്കുന്നതിനൊപ്പം വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കുന്ന സാങ്കേതികവിദ്യകള്‍ക്കാണ് ഇനി കൂടുതല്‍ പ്രാധാന്യം.
ഇന്ത്യന്‍ കൃഷിയുടെ അടുത്ത ഘട്ടം കൂടുതല്‍ ധാന്യം ഉല്പാദിപ്പിക്കുക എന്നതിലുപരി ഓരോ ഹെക്ടര്‍ ഭൂമിയില്‍നിന്നും, ഓരോ ജല യൂണിറ്റില്‍നിന്നും, കര്‍ഷകനില്‍നിന്ന് ഉപഭോക്താവിലേക്കുള്ള മൂല്യശൃംഖലയിലെ ഓരോ ഘട്ടത്തില്‍നിന്നും കൂടുതല്‍ മൂല്യം സൃഷ്ടിക്കുക എന്നതായിരിക്കണമെന്നു പഠനം പറയുന്നു. ഭക്ഷ്യസുരക്ഷ നിലനിര്‍ത്തിക്കൊണ്ട് വിഭവസംരക്ഷണം, വിളവൈവിധ്യവല്‍ക്കരണം, കാലാവസ്ഥാ പ്രതിരോധം, വിപണി വികസനം, മൂല്യവര്‍ധന, കര്‍ഷകവരുമാനം എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്ന രീതിയില്‍ കാര്‍ഷിക നയങ്ങള്‍ മാറണമെന്നാണ് പഠനത്തിന്റെ നിര്‍ദേശം. പഴം-പച്ചക്കറി ഉള്‍പ്പെടെയുള്ള മേഖലകളില്‍ ശീതീകരണ ശൃംഖല, സംഭരണ സൗകര്യം, സംസ്കരണ ശേഷി, ഗതാഗത സംവിധാനം എന്നിവ മെച്ചപ്പെടുത്തുന്നത് വിളനഷ്ടം കുറയ്ക്കാനും കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണി ലഭ്യമാക്കാനും സഹായിക്കുമെന്ന് പഠനം പറയുന്നു.














