കൊച്ചി l കോടതികളിലെ സ്വത്ത് ജപ്തി നടപടികൾക്കു മുമ്പ് പൊതുജനങ്ങളെ അറിയിക്കാൻ ഉപയോഗിച്ചിരുന്ന പരമ്പരാഗത രീതികളാണ് ‘തൊമ്മം’ പ്രഖ്യാപനവും ‘കിണ്ണം മുട്ടി വിളംബരവും’. ബ്രിട്ടീഷ് ഭരണകാലഘട്ടത്തിലെ ഈ രീതി സമീപകാലം വരെ തുടർന്നിരുന്നു. ഇനിയത് ചരിത്രത്തിൻ്റെ ഭാഗമായി മാറും. സ്വത്ത് ജപ്തി നടപടികൾ അറിയിക്കുന്നതിനുള്ള ഇത്തരം വ്യവസ്ഥകൾ നീക്കാൻ കേരള ഹൈക്കോടതി റൂൾസ് കമ്മിറ്റി തീരുമാനിച്ചു.

പഴയകാല ആചാരം പോലെ ‘ടോം ടോം വിളംബരം’ തുടരുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശിയായ പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്ത നൽകിയ പരാതിയിലാണ് ഹൈകോടതിയുടെ ഇടപെടൽ. രാജഭരണകാലത്ത് രാജകൽപ്പനകൾ ജനങ്ങളെ അറിയിക്കാനാണ് ചെണ്ടകൊട്ടി വിളംബരം നടത്തിയിരുന്നത്. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് സ്വത്ത് ജപ്തി നടപടികൾ പരസ്യപ്പെടുത്താനും ഇത് ഉപയോഗിച്ചു. 1908ലെ സിവിൽ പ്രൊസീജർ കോഡിലെ ഓർഡർ 21, റൂൾ 54(2) പ്രകാരം രീതി തുടർന്നു.

2022ൽ ആണ് ടോം ടോം വിളം ബരത്തിനെതിരെ ബോബൻ മാട്ടുമന്ത പരാതി നൽകിയത്. ടോം ടോം വിളംബരം അവസാനിപ്പിക്കാൻ 2024 ജൂലൈയിൽ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ആഗസ്റ്റിൽ നൽകിയ വിവരാവകാശ മറുപടിയിലൂടെയാണ് ലോകം അറിഞ്ഞത്. അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന എസ്. മണികുമാർ പരാതി പരിശോധിക്കണമെന്ന് ഹൈകോടതിയുടെ റൂൾ കമ്മിറ്റിക്ക് നിർദേശം നൽകുകയും ഈ കമ്മിറ്റിയുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ 2024 ജൂലൈയിൽ സബ് റൂൾ-2 നീക്കം ചെയ്യുകയുമായിരുന്നു. ജപ്‌തി വിവരം കിണ്ണംകൊട്ടി അറിയിച്ചതിനെ തുടർന്ന് മനംനൊന്ത് കൊല്ലത്ത് ഒരു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം ഉൾപ്പെടെ ബോബൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ചെണ്ടക്കുള്ള പണം ടോം ടോം ചാർജ് എന്ന പേരിൽ ഈടാക്കുന്ന പതിവുമുണ്ടായിരുന്നു. 15 രൂപയായിരുന്ന ടോം ടോം ചാർജ് 2016ൽ 100 രൂപയായി വർധിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here