തിരുവനന്തപുരം | ഒക്ടോബർ ഒന്നു മുതൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിംഗ് നിരക്ക് വർദ്ധിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. കുത്തനെ ഉയർത്തിയ പാർക്കിങ് നിരക്കിനെതിരെ പ്രതിഷേധവും വിമർശനവും ശക്തമായി. ദേശീയ തൊഴിലാളി സംഘടനകളുടെ സംയുക്ത വേദി വിമാനത്താവളത്തിന് മുന്നിൽ പ്രതിഷേധം നടത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആഭ്യന്തര ടെർമിനലിലെ യാത്രക്കാരുടെ എക്സിറ്റ് ഗേറ്റ് തുറന്നുകൊടുത്ത് പ്രതിഷേധിച്ചു. ഡിവൈഎഫ്ഐയും രംഗത്തെത്തി.
പുതിയ നിരക്കനുസരിച്ച് ഇരുചക്ര വാഹനങ്ങൾക്ക് എട്ട് മിനിറ്റ് വരെ 50 രൂപയും 30 മിനിറ്റ് വരെ 50 രൂപയും ഒരു മണിക്കൂർ വരെ 100 രൂപയുമാണ്. സ്വകാര്യ കാറുകൾക്ക് എട്ട് മിനിറ്റ് വരെ പാർക്കിങ് സൗജന്യമാണ്. 30 മിനിറ്റ് വരെ 150 രൂപയും ഒരു മണിക്കൂർ വരെ 200 രൂപയും നൽകണം. ഇരുചക്ര വാഹന പാർക്കിംഗിനു പ്രതിമാസം 300 രൂപ നൽകേണ്ട ഗതികേടിലാണ് ഏകദേശം 3,000 വരുന്ന ജീവനക്കാരും. തൊഴിലാളി സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് വിമാനത്താവള ജീവനക്കാരിൽനിന്ന് പാർക്കിങ് ഫീസ് താൽക്കാലികമായി ഈടാക്കില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു.
ഓട്ടോറിക്ഷകൾക്ക് എട്ട് മിനിറ്റ് വരെ 50 രൂപ, 30 മിനിറ്റ് വരെ 80 രൂപ, ഒരു മണിക്കൂർ വരെ 100 രൂപയാണ് നിരക്ക്. വാണിജ്യ വാഹനങ്ങൾക്ക് ഡ്രോപ്പ് ഓഫ്, പിക്കപ്പ് എന്നിവയ്ക്ക് വ്യത്യസ്ത നിരക്കുകളുണ്ട്. ദീർഘസമയം പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് ഇരുചക്ര വാഹനങ്ങൾക്ക് 300 രൂപ, മുച്ചക്ര വാഹനങ്ങൾക്ക് 500 രൂപ, നാലുചക്ര വാഹനങ്ങൾക്ക് 1,000 രൂപ എന്നിങ്ങനെയാണ് പ്രത്യേക ഫ്ലാറ്റ് നിരക്ക്.
ജീവനക്കാരും വിമാനത്താവള ടാക്സി ഡ്രൈവർമാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ സൗജന്യമായി ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിഞ്ഞിരുന്നെന്നും പുതിയ നിരക്ക് അധിക സാമ്പത്തിക ബാധ്യതയാകുമെന്നും ജീവനക്കാരുടെ സംഘടനകൾ പ്രതികരിച്ചു. പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ തുടങ്ങിയ യുവജന സംഘടനകളും രംഗത്തെത്തി.
അതേസമയം, വാണിജ്യ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയതാണെന്നാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അധികൃതരുടെ വിശദികരണം. രാജ്യത്തെ ചില വിമാനത്താവളങ്ങളിൽ നിലവിലുള്ള സമാന രീതിയുടെ അടിസ്ഥാനത്തിലാണ് നിരക്ക് നിശ്ചയിച്ചതെന്നും സുരക്ഷ, അടിസ്ഥാനസൗകര്യ പരിപാലനം, ട്രാഫിക് നിയന്ത്രണം തുടങ്ങിയ ചെലവുകൾ പരിഗണിച്ചാണ് പുതിയ ‘എയർപോർട്ട് ആക്സസ് ചാർജു’കൾ ഏർപ്പെടുത്തിയതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here