ന്യൂഡൽഹി | ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി ഹിന്ദു മതനേതാക്കൾ കൈമാറിയ ചെങ്കോൽ അഥവാ സെങ്കോൽ ഉപയോഗിച്ചെന്ന കേന്ദ്രസർക്കാരിന്റെ വാദം എൻ.സി.ഇ.ആർ.ടി.യുടെ പുതിയ ഒൻപതാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി. ‘അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ പുസ്തകത്തിൻ്റെ രണ്ടാം ഭാഗത്തിലാണ് പുതിയ പാർലമെന്റ് മന്ദിരത്തിൽ സെങ്കോൽ സ്ഥാപിച്ചതും അത് ചോള രാജവംശത്തിന്റെ കാലത്ത് ആരംഭിച്ച ആയിരത്തിലേറെ വർഷം പഴക്കമുള്ള ഭരണപാരമ്പര്യത്തിന്റെ ഭാഗമാണെന്നും വിശദീകരിക്കുന്നത്. 1947 ആഗസ്റ്റ് 14ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് തമിഴ്നാട്ടിലെ അധീനാം സന്ന്യാസിമാർ സെങ്കോൽ കൈമാറിയെന്നും ഇത് സ്വാതന്ത്ര്യത്തിന്റെ ഭാഗമായി നടന്നതാണെന്നും പാഠപുസ്തകം പറയുന്നു.
സെങ്കോൽ ഔദ്യോഗിക അധികാര കൈമാറ്റത്തിന്റെ പ്രതീകമായിരുന്നെന്ന വാദത്തിൽ ചരിത്രകാരന്മാർക്കിടയിൽ ഭിന്ന അഭിപ്രായം തുടരുകയാണ്. ഈ ചെങ്കോൽ ബ്രിട്ടീഷുകാരിൽ നിന്നുള്ള ഔദ്യോഗിക അധികാര കൈമാറ്റത്തിന്റെ പ്രതീകമായിരുന്നു എന്ന വാദത്തെ ചില ചരിത്രകാരന്മാരും രാഷ്ട്രീയ നേതാക്കളും എതിർക്കുന്നുണ്ട്. അക്കാലത്തെ ഔദ്യോഗിക രേഖകളിലോ നെഹ്‌റുവിന്റെയോ രാജാജിയുടെയോ കത്തുകളിലോ ഇത് ‘അധികാര കൈമാറ്റത്തിന്റെ’ പ്രതീകമാണെന്ന് വ്യക്തമാക്കുന്ന രേഖാമൂലമുള്ള തെളിവുകളില്ലെന്നും, ഇത് നെഹ്‌റുവിന് ലഭിച്ച ഒരു പവിത്രമായ സമ്മാനം മാത്രമായിരുന്നു എന്നുമാണ് ഇവരുടെ വാദം.
ഭരണവും സംസ്കാരവും പുസ്തകത്തിലെ ‘ഗവേണൻസ് ആൻഡ് പബ്ലിക് പോളിസി’ അധ്യായത്തിൽ ഇന്ത്യയുടെ ദേശീയമുദ്രാവാക്യമായ ‘സത്യമേവ ജയതേ’ മുണ്ഡക ഉപനിഷത്തുമായി ബന്ധപ്പെടുത്തുന്നു. സുപ്രീംകോടതിയുടെ മുദ്രാവാക്യമായ ‘യതോ ധർമസ്തതോ ജയഃ’ മഹാഭാരതവുമായി ബന്ധപ്പെട്ടതാണെന്നും പറയുന്നു.
The newly released NCERT Class 9 social science textbook, Understanding Society India and Beyond – Part 2, features the historical narrative and government claims regarding the Sengol as a symbol of righteous governance and the 1947 transfer of power.













