ഇന്ത്യയിലെ സ്വര്‍ണ നിക്ഷേപകര്‍ക്കായി ഇലക്‌ട്രോണിക് ഗോള്‍ഡ് രസീതുകള്‍ (ഇജിആര്‍) നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ അവതരിപ്പിച്ചു. ഇലക്ട്രോണിക് ഗോള്‍ഡ് റസീപ്റ്റുകള്‍ എന്നത് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (ടഋആക) അംഗീകാരമുള്ള വോള്‍ട്ടുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക സ്വര്‍ണത്തിന്റെ ഡിജിറ്റല്‍ സാക്ഷ്യപത്രങ്ങളാണ്. ഗുണനിലവാരമുള്ള സ്വര്‍ണ്ണം ഡിജിറ്റലായി കൈവശം വെക്കാം എന്നതിനൊപ്പം തന്നെ എപ്പോള്‍ വേണമെങ്കിലും ഇത് ഭൗതിക സ്വര്‍ണ്ണമാക്കി മാറ്റാന്‍ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ചെറിയ തുകകള്‍ക്കും സ്വര്‍ണ്ണം വാങ്ങാന്‍ കഴിയുന്നത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ്.

ഭൗതിക സ്വര്‍ണ്ണം വാങ്ങേണ്ട ആവശ്യകതയില്ലെന്നതു തന്നെയാണ് ഹൈലൈറ്റ്. 2022 ല്‍ സെബി ആദ്യമായി പ്രഖ്യാപിച്ച ഗോള്‍ഡ് എക്‌സ്‌ചേഞ്ചാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഇന്ത്യയില്‍ ഇലക്ട്രോണിക് ഗോള്‍ഡ് രസീതുകള്‍ വാങ്ങുന്നതിനും, വില്‍ക്കുന്നതിനുമുള്ള ഒരു ദേശീയ പ്ലാറ്റ്‌ഫോമായിരിക്കും എന്‍സ്ഇയുടെ ഈ ഗോള്‍ഡ് എക്‌സ്‌ചേഞ്ച്. ഓഹരി വിപണിക്ക് സമാനമായിരിക്കും ഇവിടെയും പ്രവര്‍ത്തനങ്ങള്‍.

നിലവില്‍ ലഭ്യമായ ഭൗതിക ആഭരണങ്ങള്‍, സ്വര്‍ണ്ണ നാണയങ്ങള്‍, ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഗോള്‍ഡ് ഇടിഎഫ്) എന്നിവയ്ക്കു ഫലപ്രദമായ ബദല്‍ കൂടിയാണ് ഇലക്ട്രോണിക് ഗോള്‍ഡ് രസീതുകള്‍. ഇത് സ്വര്‍ണ്ണ നിക്ഷേപങ്ങള്‍ കൂടുതല്‍ സൗകര്യപ്രദവും, ആകര്‍ഷകവും, കാര്യക്ഷമവുമാക്കും.

എന്‍എസ്ഇ ഇലക്ട്രോണിക് ഗോള്‍ഡ് രസീത് വിഭാഗത്തില്‍ രണ്ട് പരിശുദ്ധി ഓപ്ഷനുകള്‍ ലഭ്യമാകും. ‘EGR – 999 പ്യൂരിറ്റി’, ‘EGR – 995 പ്യൂരിറ്റി’ എന്നിവയാകും ഇത്. രണ്ട് ഓപ്ഷനുകളിലും 100 മില്ലിഗ്രാം മുതല്‍ 1 കിലോഗ്രാം വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഒരു വോള്‍ട്ട് മാനേജര്‍ അവരുടെ കൈവശം നിക്ഷേപിച്ച സ്വര്‍ണ്ണത്തിന്മേല്‍ നല്‍കുന്ന ഒരു ഇലക്ട്രോണിക് രസീതായിരിക്കും ഇത്. എന്‍എസ്ഇ ഇതിന്റെ സുരക്ഷിതത്വം വര്‍ധിപ്പിക്കുകയും, ഉറപ്പാക്കുകയും ചെയ്യും. സ്വര്‍ണ്ണം പിന്‍വലിക്കുന്ന സമയത്ത് വോള്‍ട്ട് മാനേജര്‍ നിരക്കുകള്‍ ഈടാക്കുമെന്നും ശ്രദ്ധിക്കുക. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9:00 നും രാത്രി 11:30 നും ഇടയില്‍ എന്‍എസ്ഇ ഇജിആര്‍ സെഗ്മെന്റില്‍ ഇടപാടുകള്‍ സാധ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here