സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് അഥവാ സെറ്റ് നേടിയെടുക്കുകയെന്നത് ഒരുപാട് പേരുടെ സ്വപ്‌നവും ലക്ഷ്യവുമാണ്. ഇതിനായി നല്ല രീതിയില്‍ തയ്യാറെടുക്കണം. സെറ്റ് ജൂലൈ 2026 സെഷനു മേയ് 22 അർദ്ധരാത്രി വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് 1300 /- ( പട്ടിക/ഭിന്നശേഷിക്കാർക്ക് 750/-). ഓൺലൈനായി മേയ് 24 നു രാത്രിവരെ തുക അടയ്ക്കാനാകും. അപേക്ഷയിലെ പിശകുകൾ തിരുത്താൻ 23 മുതൽ 25 അർദ്ധരാത്രി വരെ സൗകര്യം ലഭിക്കും. പരീക്ഷാത്തീയതി പിന്നീട് പ്രഖ്യാപിക്കും. എല്ലാജില്ലയിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാകും.
ലിങ്ക് – lbsedp.lbscentre.in/setjul26/
ഹയർ സെക്കൻഡറി അധ്യാപകർ, വെക്കേഷണൽ ഹയർസെക്കൻഡറികളിലെ നോൺ വെക്കേഷണൽ അധ്യാപകർ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം ലഭിക്കാൻ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് അഥവാ സെറ്റ് പരീക്ഷ ജയിച്ചിരിക്കണം. പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി, എൽബിഎസ് സെൻ്റർ ഫോർ സയൻസ് ആൻ്റ് ടെക്നോളജിയാണ് എല്ലാവർഷവും ഈ പരീക്ഷ നടത്തുന്നത്. സെറ്റിന്റെ ലെവലിനപ്പുറം നെറ്റിന്റെ ലെവലിലുള്ള ചോദ്യങ്ങൾ അവസാന പരീക്ഷയിൽ ഉൾപ്പെട്ടിരുന്നു.
പരീക്ഷ നടക്കുന്ന 31 വിഷയങ്ങൾ I ആന്ത്രോപ്പോളജി (code- 01), അറബിക് (02), ബോട്ടണി(03), കെമിസ്ട്രി(04), ഫിസിക്സ്(24), മാത്തമാറ്റിക്സ്(21), ജിയോളജി(11), സ്റ്റാറ്റിസ്റ്റിക്സ്(31), കൊമേഴ്സ്(05), ഇക്കണോമിക്സ്(06), ഇംഗ്ലീഷ്(07), ഗാന്ധിയൻ സ്റ്റഡീസ്(09), ജോഗ്രഫി(10), സോഷ്യോളജി(30), ഹിന്ദി(13), ഹിസ്റ്ററി(14), ജർണലിസം(17), കന്നട(18), മലയാളം(20), ഫിലോസഫി(23), പൊളിറ്റിക്കൽ സയൻസ്(25), സൈക്കോളജി(30), സംസ്കൃതം (28), സോഷ്യൽവർക്ക് (29), തമിഴ്(33), ഉറുദു(34), സുവോളജി(35), ബയോടെക്നോളജി(37).
രണ്ടുമണിക്കൂർ വീതം ദൈർഘ്യമുള്ള ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളുടെ രണ്ടു പേപ്പറിൽ ആദ്യത്തേത് പൊതുവായി ഉള്ളതാണ്. ഭാഗം എ – ജനറൽനോളജും ഭാഗം ബി ആപ്റ്റിറ്റ്യൂഡ് ഇൻ ടീച്ചിംഗുമാണ്. ഒരു മാർക്കിൻ്റെ 60 വീതം ചോദ്യങ്ങൾ ഓരോ ഭാഗത്തിലും ഉണ്ടാകും. തിരഞ്ഞെടുക്കുന്ന വിഷയം അടിസ്ഥാനമാക്കിയുള്ള ഒരു മാർക്കിൻ്റെ 120 ചോദ്യങ്ങളാണ് രണ്ടാമത്തെ പേപ്പറിൽ. മാത്തമാറ്റിക്സ്, സ്‌റ്റാറ്റിസ്സിക്സ് എന്നിവയ്ക്ക് ഒന്നര മാർക്കിൻ്റെ 80 ചോദ്യങ്ങളാണ്. ഒഎംആർ അധിഷ്ഠിതമായ പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഇല്ല.
പരീക്ഷയിൽ പങ്കെടുക്കണമെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കുള്ള മാസ്റ്റേഴ്സ് ബിരുദവും ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിഎഡും ഉണ്ടായിരിക്കണം. പട്ടിക / ഭിന്നശേഷി വിഭാഗങ്ങളിൽപെട്ടവർക്ക് 45 % മാർക്ക് മതിയാകും. യോഗ്യതയ്ക്ക് ആവശ്യമായ രണ്ടാമത്തെ ബിരുദത്തിനു അവസാന വർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം. അതിനായി നിശ്ചിത ഡിക്ലറേഷൻ നൽകണം. സെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ച് ഒരു വർഷംവരെ മാർക്ക് വ്യവസ്ഥ ബോധ്യപ്പെടുത്താൻ സാവകാശം ലഭിക്കും.
ഓരോ പേപ്പറിലും 40 വീതവും രണ്ടു പേപ്പറിനും കൂടി 48% മാർക്കും നേടിയാൽ സെറ്റ് യോഗ്യത നേടാം. ഒബിസികാർക്ക് ഇതു യഥാക്രമം 35 % വീതവും 45 ശതമാനവും പട്ടിക / ഭിന്നശേഷിക്കാർക്ക് 35 % വീതവും 40 ശതമാനവുമായിരിക്കും. മാർക്ക് ഇളവ് ലഭിക്കാൻ ഒബിസി, പട്ടിക വിഭാഗത്തിൽപ്പെട്ടവർ നോൺ ക്രിമിലെയര്‍ സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ റവന്യൂ ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ഹാജരാക്കണം.
പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമുള്ള ബിഎഡ് കോഴ്സ് അവസാന വർഷത്തിൽ പഠിക്കുന്നവർക്കും, ബിഎഡ് ബിരുദമുള്ള അവസാനവർഷ പിജി കോഴ്സിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ അവരുടെ പിജി/ബിഎഡ് പരീക്ഷയുടെ യോഗ്യത, സെറ്റ് പരീക്ഷാഫലം പ്രഖ്യാപിക്കുന്ന തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. ഇല്ലെങ്കിൽ യോഗ്യത നേടിയാലും തോറ്റതിനു തുല്യമാകും.
ആന്ത്രോപ്പോളജി, കൊമേഴ്സ്, ഗാന്ധിയൻ സ്റ്റഡിസ്, ജിയോളജി, ഹോം സയൻസ്, ജർണലിസം, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ പരീക്ഷ എഴുതാൻ ബിഎഡ് നിർബന്ധമില്ല. ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയിൽ നിന്ന് ഹിന്ദിയിൽ ബിഎഡ് നേടിയിട്ടുള്ളവർക്ക് തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.
മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങൾക്ക് ഏതെങ്കിലും റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിൽനിന്ന് 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ എംഎസ്‌സി എഡ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ലൈഫ് സയൻസിൽ 50 ശതമാനത്തിൽ കുറയാതെ എംഎസ് സി എഡ് യോഗ്യതയുള്ളവർക്ക് ബോട്ടണി, സുവോളജി വിഷയങ്ങളിൽ ഒന്ന് തെരഞ്ഞെടുക്കാനാകും. നാച്വറൽ സയൻസിൽ ബിഎഡ് ഉള്ള, ബയോടെക്നോളജി മാസ്റ്റേഴ്സ് ബിരുദം ഉള്ളവർക്ക് (50 ശതമാനം മാർക്കോടെ) ബയോടെക്നോളജിയിൽ സെറ്റിന് അപേക്ഷിക്കാം.
ബിഎഡും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ എംഎയും (50 ശതമാനം മാർക്കോടെ) ഉള്ളവർക്ക് ഇംഗ്ലീഷ് സെറ്റിന് അപേക്ഷിക്കാം. ബിഎഡ് ബിരുദം ഇല്ലാത്ത അറബിക്/ ഉറുദു/ഹിന്ദി ഡിഎൽഎഡ്/എൽടിടിസി യോഗ്യത ഉള്ളവർക്ക് സൈറ്റിന് അപേക്ഷിക്കാം.
കേരളത്തിലെ സർവകലാശാലകൾ അംഗീകരിക്കാത്ത കറസ്പോണ്ടൻസ് കോഴ്സ് വഴിയോ ഓപ്പൺ സർവകലാശാലകളിൽ നിന്നോ യോഗ്യത നേടിയവർ സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ അർഹരല്ല. അംഗീകാരമുള്ള കറസ്പോണ്ടൻസ് കോഴ്സ് വഴിയോ ഓപ്പൺ സർവകശാല വഴിയോ കേരളത്തിന് പുറത്തുള്ള ഏതെങ്കിലും സർവകലാശാലകളിൽ നിന്നോ യോഗ്യത നേടിയവർ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും ആ ബിരുദം അംഗീകരിച്ചു കൊണ്ടുള്ള തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
രണ്ടുമണിക്കൂർവീതം ദൈർഘ്യമുള്ള, ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള രണ്ടുപേപ്പർ ഉൾപ്പെടുന്നതാണ് സെറ്റ്. പേപ്പർ ഒന്ന് എല്ലാവർക്കും പൊതുവായുള്ളതാണ്. ഇതിൽ ഭാഗം എയിൽ ജനറൽ നോളജ്, ഭാഗം ബിയിൽ ആപ്റ്റിറ്റ്യൂഡ് ഇൻ ടീച്ചിങ് അടിസ്ഥാനമാക്കി ഒരു മാർക്കിന്റെ 60 വീതം ചോദ്യങ്ങളുണ്ടാകും.പേപ്പർ II, തിരഞ്ഞെടുക്കുന്ന വിഷയം അടിസ്ഥാനമാക്കിയുള്ള ഒരു മാർക്കിന്റെ 120 ചോദ്യങ്ങളുള്ള പേപ്പറാണ്. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, എന്നിവയ്ക്ക് ഒന്നരമാർക്കിന്റെ 80 ചോദ്യങ്ങളുണ്ടാകും. സെറ്റിന്റെ രണ്ടുപേപ്പറിലും ഉത്തരം തെറ്റിയാൽ നെഗറ്റീവ് മാർക്കില്ല. ഒഎംആർ അധിഷ്ഠിതമായിരിക്കും പരീക്ഷ. സിലബസ് വെബ്സൈറ്റിലുണ്ട്.











