ന്യൂഡൽഹി | അഞ്ചോ അഞ്ചരയോ വർഷത്തേക്ക് എംബിബിഎസ് കോഴ്‌സ് നീളുമെങ്കിലും നാലര വർഷത്തെ നിശ്ചിത അക്കാദമിക് കാലയളവിലേക്കു മാത്രമേ എംബിബിഎസ് ഫീസ് ഈടാക്കാനാവൂ. കൂടുതൽ ഫീസുകൾ വാങ്ങുന്നവർ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസം നിയന്ത്രിക്കുന്ന ദേശീയ മെഡിക്കൽ കമ്മിഷൻ വ്യക്തമാക്കി.
ചില സ്ഥാപനങ്ങൾ അഞ്ചര വർഷം വരെ ഫീസ് ഈടാക്കുന്ന സാഹചര്യം രാജ്യത്ത് നിലവിലുണ്ട്.എംബിബിഎസ് പ്രോഗ്രാമിന്റെ മുഴുവൻ കാലയളവിലേക്കും, നിർബന്ധിത ഇന്റേൺഷിപ്പ് കാലയളവിലേക്കും ചില മെഡിക്കൽ സ്ഥാപനങ്ങൾ വിദ്യാർത്ഥികളിൽ നിന്ന് ഫീസ് ഈടാക്കുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. 4.5 വർഷം അഥവാ 54 മാസം നീണ്ടുനിൽക്കുന്നതാണ് എംബിബിഎസിൻ്റെ അക്കാദമിക് പഠനം ദൈർഘ്യം.
തുടർന്ന് ഒരു വർഷത്തെ നിർബന്ധിത റൊട്ടേറ്റിംഗ് മെഡിക്കൽ ഇന്റേൺഷിപ്പ് ഉണ്ടായിരിക്കും. ഇതു നിർബന്ധിത പരിശീലന കാലഘട്ടമാണ്. പക്ഷേ അക്കാദമിക് അധ്യാപന കാലയളവിൽ ഇത് ഉൾപ്പെടുന്നില്ല. കോഴ്സിന്റെ അക്കാദമിക് ഘടകത്തിന് മാത്രമായി ഫീസ് പരിമിതപ്പെടുത്തണമെന്ന് കമ്മിഷൻ വ്യക്തമാക്കി. അനുബന്ധ വിഷയങ്ങളിൽ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുളള നിർദ്ദേശങ്ങളും കമ്മിഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
The National Medical Commission (NMC) mandates that MBBS fees in India be charged strictly for a 4.5-year (54 months) academic period.











