സയൻസ് ഡസ്ക് l ഏപ്രിൽ 7, ചൊവ്വാഴ്ച. പുലർച്ചെ 4.35 ഓടെ ആർട്ടെമിസ് II ദൗത്യാംഗങ്ങളെയും വഹിച്ചുകൊണ്ട് ഓറിയോൺ പേടകം ഭൂമിയിൽ നിന്നു മനുഷ്യൻ ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്തത്രയും ദൂരത്തിലേക്ക് എത്തി. ഏകദേശം 4.06 ലക്ഷം കിലോമീറ്റർ (252,757 മൈൽ ) ദൂരത്തിലേക്ക് എത്തിയതോടെ ഏറ്റവും അധികം ദൂരം സഞ്ചരിച്ച മനുഷ്യരെന്ന റെക്കോഡ് ദൗത്യസംഘാംഗങ്ങൾക്ക് സ്വന്തമായി.
1970-ലെ അപ്പോളോ 13 സംഘാംഗങ്ങളുടെ പേരിലായിരുന്നു ഈ റെക്കോർഡ്. ഇവർ സഞ്ചരിച്ചതിനേക്കാൾ ഏകദേശം 6602 കിലോമീറ്റർ (ഏകദേശം 4,102 മൈൽ) അധികദൂരമാണ് ഓറിയോൺ പേടകം സഞ്ചരിച്ചത്. പേടകം ചന്ദ്രനിൽനിന്ന് 62,800 കിലോമീറ്റർ അകലെയും ഭൂമിയിൽനിന്ന് 3,73,400 കിലോമീറ്റർ അകലെയുമായിരുന്നപ്പോഴായിരുന്നു ഈ ചരിത്രമുഹൂർത്തം.
പൂർണമായി ഇരുട്ടിലൂടെയാണ് ചന്ദ്രനു സമീപത്തുകൂടെ പേടകം സഞ്ചരിച്ചത്. ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ 04:14-ഓടെ ഭൂമിയുമായുള്ള ആശയവിനിമയം 40 മിനിറ്റോളം തടസ്സപ്പെട്ടു. പേടകവുമായി ആശയവിനിമയം നടത്താനുപയോഗിക്കുന്ന നാസയുടെ ഡീപ് സ്പെയ്സ് നെറ്റ്‍വർക്ക് ആന്റിനകളിലെ സിഗ്‌നൽ ചന്ദ്രനു സമീപം സഞ്ചരിച്ച ആറു മണിക്കൂർ പ്രവർത്തനരഹിതമായിരുന്നു.
തിങ്കളാഴ്ച ഇന്ത്യൻ സമയം രാവിലെ 10.07 നാണ് ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിൽ പ്രവേശിച്ചത്. ചന്ദ്രന്റെ ഗുരുത്വാകർഷണവലയത്തിൽ പ്രവേശിക്കുകയെന്നതായിരുന്നു ദൗത്യത്തിലെ പ്രധാന നാഴികക്കല്ലുകളിലൊന്ന്. 10 ദിവസം നീളുന്ന യാത്രയ്ക്കുശേഷം ഏപ്രിൽ 10-ന് പേടകം ശാന്തസമുദ്രത്തിൽ തിരിച്ചിറങ്ങും.
4,06,000 kilometers away from Earth, the crew officially broke the record for the farthest human travel into space, previously held by the Apollo 13 mission in 1970.














