ലീഗൽ ഡസ്ക്ക് | ഗാർഹിക പീഡനത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം, 2005 നിലവിൽ വന്നതോടെയാണ് ഇക്കാര്യത്തിൽ ആധുനിക നിയമചട്ടക്കൂട് കൂടുതൽ വ്യക്തമായത്. വിവാഹത്തിന്റെ സ്വഭാവമുള്ള ബന്ധങ്ങളെയും “റിലേഷൻഷിപ്പ് ഇൻ ദ നേച്ചർ ഓഫ് മാരേജ്” എന്ന നിലയിൽ നിയമം പ്രത്യേകം അംഗീകരിച്ചു.
2010 ലെ ഡി. വേലുസാമി വേഴ്സസ് ഡി. പച്ചയ്യമ്മാൾ കേസിൽ ഈ പദപ്രയോഗത്തിന്റെ പരിധി സുപ്രീം കോടതി വിശദീകരിച്ചു. എല്ലാ ലിവ്-ഇൻ ബന്ധങ്ങളെയും വിവാഹസദൃശ ബന്ധങ്ങളായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ബന്ധത്തിലുള്ളവർ സമൂഹത്തിന് മുന്നിൽ ഭാര്യയും ഭർത്താവുമായി സ്വയം അവതരിപ്പിച്ചിരുന്നോ, ഇരുവർക്കും നിയമപരമായി വിവാഹം കഴിക്കാൻ കഴിയുമായിരുന്നോ, സ്വമേധയാ ഒരുമിച്ച് താമസിച്ചിരുന്നോ, ഗണ്യമായ കാലയളവിൽ ദമ്പതികളായി സ്വയം അവതരിപ്പിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ബന്ധത്തിന്റെ സ്വഭാവവും കാലദൈർഘ്യവും ഉൾപ്പെടെയുള്ള സാഹചര്യങ്ങളും പ്രധാനമാണ്. ഇതിലൂടെ സാധാരണ ലിവ്-ഇൻ ബന്ധവും വിവാഹത്തിന്റെ അടിസ്ഥാന സവിശേഷതകൾ കൈവരിച്ച ബന്ധവും തമ്മിൽ നിയമപരമായ വ്യത്യാസം വേലുസാമി കേസിൽ സ്ഥാപിക്കപ്പെട്ടു.
ഈ വ്യത്യാസമാണ് അടുത്തിടെ ഡോ. ലോകേഷ് ബി.എച്ച്. ആൻഡ് അദേഴ്സ് വേഴ്സസ് സ്റ്റേറ്റ് ഓഫ് കർണാടക ആൻഡ് അനദർ കേസിൽ കൂടുതൽ പ്രാധാന്യമാർജിച്ചത്. ലിവ്-ഇൻ ബന്ധമെന്നത് മാത്രം മതിയാകില്ല, അത് വിവാഹത്തിന്റെ സ്വഭാവമുള്ള ബന്ധമാണോയെന്ന് നിർണയിക്കാൻ ബന്ധത്തിന്റെ യഥാർഥ സ്വഭാവവും സാഹചര്യങ്ങളും പരിശോധിക്കണമെന്നതാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) 498എ വകുപ്പ്, വിവാഹത്തിന്റെ സ്വഭാവസവിശേഷതകൾ പുലർത്തുന്ന ലിവ്-ഇൻ ബന്ധങ്ങൾക്കും ബാധകമാകാമെന്ന് കോടതി നിരീക്ഷിച്ചു. വിവാഹം കഴിക്കാനുള്ള ഉദ്ദേശ്യം ആ ബന്ധത്തിന്റെ അവിഭാജ്യ ഘടകമാണെന്നതും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
ഐപിസി 498എയിൽ ഭർത്താവോ ഭർത്താവിന്റെ ബന്ധുക്കളോ സ്ത്രീയോട് നടത്തുന്ന ക്രൂരതയെക്കുറിച്ചാണ് പറയുന്നത്. എന്നാൽ നിയമപരമായി വിവാഹം നടന്നിട്ടില്ലെങ്കിൽ, ലിവ്-ഇൻ ബന്ധത്തിലുള്ള പുരുഷനെ ഈ വകുപ്പ് പ്രകാരം പ്രതിയാക്കാനാകുമോ എന്നതായിരുന്നു കേസിലെ പ്രധാന ചോദ്യം. ബന്ധത്തിന് നൽകിയിരിക്കുന്ന ഔപചാരിക പേരിനേക്കാൾ അതിന്റെ യഥാർഥ സ്വഭാവത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.














