ബംഗളൂരു | ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശബ്ദ സാങ്കേതികവിദ്യാ കമ്പനിയായ എലവൻലാബ്സിന്റെ രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യ. അമേരിക്കയ്ക്ക് പിന്നിലാണ് ഇന്ത്യ. രാജ്യത്തെ 250ലധികം ബിസിനസുകളും സ്ഥാപനങ്ങളും എലവൻലാബ്സിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി കമ്പനി അറിയിച്ചു.
ബംഗളൂരുവിൽ ഒക്ടോബർ ആറിന് നടന്ന ആദ്യ ഇന്ത്യ ഉച്ചകോടിയിൽ കർണാടക ഇന്നൊവേഷൻ ആൻഡ് ടെക്നോളജി സൊസൈറ്റിയുമായി കമ്പനി ധാരണാപത്രം ഒപ്പുവച്ചു. കന്നഡയിലെ വോയ്സ് എ.ഐ. സാങ്കേതികവിദ്യ പരിശീലനം, പൗരസേവനങ്ങൾ, പരാതിപരിഹാരം തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുകയാണ് ലക്ഷ്യം.
എ.ഐ. ശബ്ദ ജനറേഷനിൽനിന്ന് ഉപയോക്താവിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി ജോലികൾ പൂർത്തിയാക്കാൻ കഴിയുന്ന സംഭാഷണ എ.ഐ. ഏജന്റുകളിലേക്കുള്ള മാറ്റത്തിൽ ഇന്ത്യ നിർണായക വിപണിയാകുകയാണെന്ന് കമ്പനി വ്യക്തമാക്കി.
എലവൻ നാലാം പതിപ്പ് മോഡൽ നിലവിൽ 14 ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്നു. രാജ്യത്തെ 22 ഔദ്യോഗിക ഭാഷകളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് പദ്ധതി. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യൻ സ്ഥാപനങ്ങൾ എലവൻ ഏജന്റ്സിലൂടെ 10 കോടി സംഭാഷണങ്ങൾ നടത്തിയതായും കമ്പനി അറിയിച്ചു. ഇതിൽ 70 ശതമാനത്തിലധികം ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലായിരുന്നു.
പ്രതിമാസം 25,000ലധികം ഇന്ത്യൻ ഡെവലപ്പർമാരും ബിസിനസുകളും കമ്പനിയുടെ എ.പി.ഐ. ഉപയോഗിക്കുന്നുണ്ട്. ഒരു വർഷം മുമ്പത്തെ അപേക്ഷിച്ച് ഇത് ഏകദേശം രണ്ടര ഇരട്ടിയാണ്. ഇന്ത്യ തുടക്കംമുതൽ തന്നെ എലവൻലാബ്സിന്റെ വോയ്സ് സാങ്കേതികവിദ്യാ യാത്രയിലെ പ്രധാന വിപണിയാണെന്ന് സഹസ്ഥാപകനും സി.ഇ.ഒയുമായ മാറ്റി സ്റ്റാനിഷെവ്സ്കി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here