ഹെൽത്ത് ഡസ്ക് | യെർസീനിയ പെസ്റ്റിസ് (Yersinia pestis) എന്ന മാരക ബാക്ടീരിയ മൂലമുണ്ടാകുന്ന പ്ലേഗ് രോഗങ്ങളിൽ ഏറ്റവും അപകടകരമായ രൂപമാണ് ന്യുമോണിക് പ്ലേഗ്. എലികളിലും മറ്റ് കാട്ടുജീവികളിലും കാണപ്പെടുന്ന ചെള്ളുകൾ വഴിയാണ് സാധാരണ പ്ലേഗ് പടരുന്നതെങ്കിലും, ന്യുമോണിക് പ്ലേഗ് നേരിട്ട് മനുഷ്യന്റെ ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. വസൂരി പോലെ ലോകത്തുനിന്ന് പൂർണ്ണമായി തുടച്ചുനീക്കപ്പെടാത്തതിനാൽ മധ്യേഷ്യൻ അതിർത്തികളിൽ ഇന്നും ഇത്തരം അണുക്കൾ അവശേഷിക്കുന്നുണ്ട്.

ഇർകുറ്റ്‌സ്‌ക് മേഖലയിലെ പ്രശസ്തമായ ‘ഇർകുറ്റ്‌സ്‌ക് റിസേർച് ആന്റി പ്ലേഗ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സൈബീരിയ’യിലെ ലബോറട്ടറി ടെക്നീഷ്യ ഡാരിയ ഷിപിലോവ (28) അജ്ഞാത ന്യുമോണിയ ബാധിച്ച് മരിച്ചതോടെയാണ് റഷ്യയിലെ സൈബീരിയൻ മേഖലയിൽ അതീവ മാരകമായ ന്യുമോണിക് പ്ലേഗ് (Pneumonic Plague) പടരുന്നതായ വാർത്തകൾ പുറത്തു വന്നത്. ഗവേഷണത്തിനിടെ ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് പൊട്ടി ഡാരിയയ്ക്ക് ന്യുമോണിക് പ്ലേഗ് പിടിപ്പെട്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഡാരിയയുടെ മരണം പ്ലേഗ് മൂലമാണെന്ന് റഷ്യയുടെ ഔദ്യോഗിക ആരോഗ്യ ഏജൻസി സ്ഥിരീകരിച്ചിട്ടില്ല. പ്രാഥമിക ജൈവ പരിശോധനകളിൽ പ്ലേഗ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നും, മരണകാരണം വ്യക്തമല്ലാത്ത ന്യുമോണിയ (Pneumonia of unknown etiology) ആണെന്നുമാണ് ഔദ്യോഗിക വിശദീകരണം.

ലാബിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്നതിനെക്കുറിച്ച് റഷ്യൻ ഭരണകൂടം ഉന്നതതല അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സുരക്ഷാ മുൻകരുതലായി ഡാരിയയുമായി നേരിട്ടും അല്ലാതെയും സമ്പർക്കത്തിൽ വന്ന ഇരുനൂറോളം പേരെ കടുത്ത മെഡിക്കൽ നിരീക്ഷണത്തിലാക്കി. ഡാരിയയെ ചികിത്സിച്ച ഷെലെഖോവിലേത് ഉൾപ്പെടെ മൂന്ന് പ്രധാന ആശുപത്രികൾ ഭാഗികമായി ലോക്ക് ഡൗൺ ചെയ്യുകയും പുതിയ രോഗികൾക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. ഈ മേഖലയിലെ വ്യാവസായിക കേന്ദ്രങ്ങളിലെ മുഴുവൻ ജീവനക്കാർക്കും മാസ്ക് ധരിക്കൽ നിർബന്ധമാക്കിയിട്ടുണ്ട്. സാഹചര്യങ്ങൾ അതീവ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണെന്ന് യു.എസിന്റെ സി.ഡി.സി (CDC) വ്യക്തമാക്കി.

ന്യുമോണിക് പ്ലേഗിൻ്റെ രോഗ ലക്ഷണങ്ങൾ: ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് 24 മണിക്കൂറിനുള്ളിൽ ശക്തമായ പനി, തലവേദന, നെഞ്ചുവേദന, ചുമ, കഫത്തിൽ രക്തം വരിക, ശ്വാസതടസ്സം എന്നിവ പ്രകടമാകും.

പകരുന്ന വിധം: രോഗബാധിതരായ മനുഷ്യർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായുവിലൂടെ പുറത്തുവരുന്ന ദ്രവകണികകൾ (Respiratory droplets) വഴി ഇത് മറ്റുള്ളവരിലേക്ക് അതിവേഗം പകരും.

ചികിത്സ: രോഗബാധയുണ്ടായാൽ 24 മണിക്കൂറിനുള്ളിൽ ശക്തമായ ആന്റിബയോട്ടിക് ചികിത്സ നൽകിയില്ലെങ്കിൽ മരണം 100 ശതമാനവും ഉറപ്പാണ്.

Did a test tube break, allowing bacteria to escape? What is the pneumonic plague that is making headlines? How dangerous is it?

LEAVE A REPLY

Please enter your comment!
Please enter your name here