തിരുവനന്തപുരം l കുട്ടിക്കാലത്ത് കൂട്ടാനും കുറയ്ക്കാനും ഒക്കെ നമ്മുടെ കുട്ടികൾ മിടുക്കന്മാരാണ്. എന്നാൽ ക്ലാസ്സ് കൂടുമ്പോൾ കഥ മാറും !
കണക്ക് വെറും നമ്പറുകളിൽ നിന്ന് മാറി ഭിന്നസംഖ്യകളും (Fractions) ബീജഗണിതവും (Algebra) ഒക്കെയാകുന്നതോടെ പല കുട്ടികൾക്കും കണക്ക് ഒരു വലിയ ‘തലവേദന’യായി മാറുന്നു. പ്രൈമറി ക്ലാസുകളിൽ ഇന്ത്യയിൽ തന്നെ ഒന്നാമത് നിൽക്കുന്ന കേരളത്തിലെ കുട്ടികൾ, ഹൈസ്കൂളിലേക്ക് എത്തുമ്പോൾ കണക്കിൽ പിന്നോട്ട് പോകുന്നുവെന്ന ആശങ്കയാണ് പുതിയ പഠനങ്ങൾ ഉയർത്തുന്നത്. ഭിന്നസംഖ്യകൾ, ബീജഗണിതം തുടങ്ങിയ അമൂർത്തമായ (Abstract) ആശയങ്ങളിലേക്ക് കടക്കുമ്പോൾ കുട്ടികൾക്ക് യുക്തിഭദ്രമായി ചിന്തിക്കാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ടുകൾ സൂചിപിക്കുന്നു.

സ്കൂൾ എജ്യുക്കേഷൻ സിസ്റ്റം ഇൻ ഇന്ത്യ’ എന്ന പേരിൽ നിതി ആയോഗ് പുറത്തുവിട്ട റിപ്പോർട്ടിലെയും ദേശീയ വിദ്യാഭ്യാസ സർവേകളിലെയും പ്രധാന കണ്ടെത്തലുകൾ പഠിപ്പിക്കുന്ന രീതിയിൽ മാറ്റങ്ങൾ വേണമെന്ന് വിളിച്ചു പറയുന്നവയാണ്.

ഭിന്നസംഖ്യകളിലെ പിന്നാക്കാവസ്ഥ | ആറാം ക്ലാസിൽ വെറും 39% വിദ്യാർത്ഥികൾക്ക് മാത്രമാണ് അടിസ്ഥാന ഭിന്നസംഖ്യകൾ (Fractions) താരതമ്യം ചെയ്യാൻ സാധിക്കുന്നത്. ഒൻപതാം ക്ലാസിലെത്തുമ്പോൾ ഇത് 36% ആയി ചുരുങ്ങുന്നു.

യുക്തിചിന്തയുടെ കുറവ് | ദൈനംദിന ജീവിതത്തിൽ ശതമാനം (Percentage) കൃത്യമായി ഉപയോഗിക്കാൻ ഒൻപതാം ക്ലാസിലെ 31% കുട്ടികൾക്ക് മാത്രമേ സാധിക്കുന്നുള്ളൂ. ഒരു ഗണിത സമവാക്യം യുക്തിപൂർവ്വം തെളിയിക്കാൻ കഴിയുന്നത് വെറും 35% പേർക്കാണ്.

PARAKH രാഷ്ട്രീയ സർവേക്ഷൻ 2024 പ്രകാരം മൂന്നാം ക്ലാസിൽ 70%-ഉം ആറാം ക്ലാസിൽ 60%-ഉം സ്കോർ നേടി ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിലായിരുന്ന കേരളം, ഒൻപതാം ക്ലാസിലെത്തുമ്പോൾ 45 ശതമാനത്തിലേക്ക് കുത്തനെ ഇടിയുന്നു.

🧠 എവിടെയാണ് പിഴയ്ക്കുന്നത് ? പരിഹാരം എന്ത് ?

മറ്റ് വിഷയങ്ങളിലെല്ലാം മികച്ച വിജയം നേടുന്ന കേരളത്തിലെ കുട്ടികൾക്ക് കണക്ക് മാത്രം വലിയൊരു വെല്ലുവിളിയാകുന്നത് എന്തുകൊണ്ടാണ്? കുട്ടികളുടെ ചിന്താശേഷി പെട്ടെന്ന് നഷ്ടപ്പെടുന്നതല്ല, മറിച്ച് കണക്ക് പഠിപ്പിക്കുന്ന രീതിയിലെ പോരായ്മയാണ് ഇതിന് കാരണമെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. നിത്യജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്താതെ, വെറും സമവാക്യങ്ങൾ കാണാതെ പഠിച്ച് മാർക്ക് വാങ്ങുന്ന ‘ക്ലാസ്സ്റൂം മാത്സ്’ രീതിയാണ് കുട്ടികളെ കണക്കിൽ നിന്ന് അകറ്റുന്നത്. കണക്കിലെ ആശയങ്ങൾ കാണാതെ പഠിച്ച് (Rote learning) പരീക്ഷയ്ക്ക് മാർക്ക് വാങ്ങുന്ന രീതിയാണ് ഇപ്പോൾ കൂടുതലുള്ളത്. ഇത് മാറണം.

കണക്ക് എന്നത് നമ്മൾ സംസാരിക്കുന്ന ഭാഷ പോലെ കുട്ടികൾക്ക് സ്വാഭാവികമായി കൈകാര്യം ചെയ്യാൻ കഴിയുന്ന ഒന്നാക്കി മാറ്റണം. പരീക്ഷയ്ക്ക് വേണ്ടി മാത്രം കാണാതെ പഠിക്കുന്ന രീതി മാറി, ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന അധ്യാപന ശൈലി വന്നാൽ മാത്രമേ കുട്ടികൾക്ക് ‘കണക്ക്’ ഒരു ഭാരമല്ലാതായി മാറുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here