ന്യൂഡൽഹി | ഇന്ത്യക്കാരുടെ ആഭ്യന്തര യാത്രാ ശീലങ്ങളിൽ വലിയ മാറ്റങ്ങളുണ്ടായതായി ദേശീയ സ്ഥിതി വിവരക്കണക്ക് ഓഫീസിന്റെ (NSO) ഏറ്റവും പുതിയ ആഭ്യന്തര ടൂറിസം ചെലവ് സർവേ റിപ്പോർട്ട്. കേരളത്തെക്കുറിച്ച് വളരെ ശ്രദ്ധേയമായ കണ്ടെത്തലുകൾ 597 -ാം നമ്പർ റിപ്പോർട്ടിലുണ്ട്. ദേശീയതലത്തിൽ ആകെ യാത്രക്കാരുടെ എണ്ണത്തിൽ ഉത്തർപ്രദേശും തമിഴ്‌നാടും മുന്നിലാണെങ്കിലും, വിനോദസഞ്ചാരത്തിനായി പണം ചിലവഴിക്കുന്നതിലും പുതിയ യാത്രാസംസ്കാരം രൂപപ്പെടുത്തുന്നതിലും കേരളം വളരെ മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.
2025 ജൂലൈ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ രാജ്യവ്യാപകമായി നടത്തിയ സർവേ പ്രകാരം ഗ്രാമ-നഗര വ്യത്യാസമില്ലാതെ 48 ശതമാനം ഇന്ത്യക്കാരും ഏറ്റവും കൂടുതൽ നടത്തിയത് തീർത്ഥാടന യാത്രകളാണ്. വിനോദസഞ്ചാര ആവശ്യങ്ങൾക്കായി നഗരവാസികളായ 36.4 ശതമാനം പേർ യാത്ര ചെയ്തപ്പോൾ, ഗ്രാമീണ മേഖലയിലുള്ളവർ ആരോഗ്യ-ചികിത്സാ ആവശ്യങ്ങൾക്കാണ് (38.4%) തീർത്ഥാടനം കഴിഞ്ഞാൽ രണ്ടാം സ്ഥാനം നൽകിയത്. പണം ചിലവഴിക്കുന്ന കാര്യത്തിലും ചികിത്സാ യാത്രകൾ തന്നെയാണ് മുന്നിൽ. നഗരവാസികൾ ഒരു മെഡിക്കൽ യാത്രയ്ക്കായി ശരാശരി 41,649 രൂപ ചിലവഴിച്ചപ്പോൾ ഗ്രാമീണ മേഖലയിലുള്ളവർ 29,454 രൂപ ചിലവഴിച്ചു. വിനോദയാത്രകളിൽ ഏറ്റവും കൂടുതൽ തുക ചിലവായത് യാത്രാക്കൂലിക്കാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ കുറഞ്ഞത് ഒരു ഒരുദിന യാത്രയെങ്കിലും നടത്തിയതായി കേരളത്തിലെ 85.9 ശതമാനം ഗ്രാമീണ കുടുംബങ്ങളും റിപ്പോർട്ട് ചെയ്തു. കോവിഡ് മഹാമാരിക്ക് ശേഷം കേരളത്തിലെ യാത്രാ–ടൂറിസം മേഖലയിൽ വലിയ മാറ്റമുണ്ടായതായി ടൂറിസം രംഗത്തുള്ളവർ പറയുന്നു. പരമ്പരാഗത കാഴ്ചകൾ കാണുന്നതിൽ ഒതുങ്ങാതെ വ്യക്തിഗത അനുഭവങ്ങൾ, ആത്മീയ യാത്രകൾ, വ്യത്യസ്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രകൃതി, സാഹസിക യാത്രകൾ, പ്രാദേശിക സംസ്കാരം എന്നിവ തേടുന്നവരുടെ എണ്ണം വർധിക്കുകയാണ്. ദേശീയ ശരാശരി 65 ശതമാനത്തോളമാണ്. നഗര കേരളത്തിലും യാത്രാ പ്രവണത ശക്തമാണ്. 72.1 ശതമാനം നഗര കുടുംബങ്ങൾ കഴിഞ്ഞ ഒരു മാസത്തിനിടെ ഒരുദിന യാത്ര നടത്തിയതായി സർവേ വ്യക്തമാക്കുന്നു. ദേശീയ ശരാശരി 46.2 ശതമാനം. ഗ്രാമീണ–നഗര മേഖലകൾ ചേർത്തുള്ള കേരളത്തിന്റെ ശരാശരി 78.7 ശതമാനം. രാജ്യത്തെ മൊത്തം ശരാശരി 58.2 ശതമാനമാണ്. അതേസമയം, എല്ലാ യാത്രകളും വിനോദയാത്രകളല്ല. ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കൽ, ചികിത്സ, ഷോപ്പിങ്, ബിസിനസ് ആവശ്യങ്ങൾ, തീർഥാടനം തുടങ്ങിയവയും യാത്രകളുടെ പ്രധാന കാരണങ്ങളാണ്. ചികിത്സയും ആരോഗ്യപരിചരണവുമായി ബന്ധപ്പെട്ട രാത്രി യാത്രകൾക്കാണ് ശരാശരി ഏറ്റവും ഉയർന്ന ചെലവ് — 32,167 രൂപ. ഷോപ്പിങ്ങിനായുള്ള രാത്രി യാത്രകളിലെ ശരാശരി ചെലവ് 18,981 രൂപ.
യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് ഉത്തർപ്രദേശാണ് (15.7%) ഒന്നാം സ്ഥാനത്ത്. തമിഴ്‌നാട് (13.4%), രാജസ്ഥാൻ (8.0%) എന്നിവയാണ് തൊട്ടുപിന്നിൽ. വിനോദ യാത്രകൾക്കായി നഗരങ്ങളിലുള്ളവർ ട്രെയിനുകളെയും ഹോട്ടൽ താമസങ്ങളെയും ആശ്രയിച്ചപ്പോൾ, ഗ്രാമീണർ കൂടുതലായി ബസ് യാത്രകളും ബന്ധുവീടുകളിലെ താമസവുമാണ് തിരഞ്ഞെടുത്തത്. മേയ്, ഒക്ടോബർ മാസങ്ങളാണ് വിനോദയാത്രകൾക്കായി ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞെടുത്തത്. രാജ്യത്താകെ 2.46 ലക്ഷത്തിലധികം കുടുംബങ്ങളിൽ ടാബ്‌ലെറ്റുകൾ ഉപയോഗിച്ച് ഡിജിറ്റലായാണ് ഈ സർവേ പൂർത്തിയാക്കിയത്.
വിനോദം, ആരോഗ്യം, തീർത്ഥാടനം എന്നിവയ്ക്കായി മലയാളികൾ നടത്തുന്ന രാത്രി യാത്രകളുടെ ശരാശരി നിരക്ക് ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്നതാണ്. പ്രധാന കണ്ടെത്തലുകളിൽ ചിലത് താഴെ പറയുന്നവയാണ്:
- ആഭ്യന്തര സഞ്ചാരികളുടെ വരവിൽ വൻ കുതിച്ചുചാട്ടം | റിപ്പോർട്ട് കാലയളവിൽ കേരളത്തിലെ ആഭ്യന്തര ടൂറിസം വിപണിയിൽ വൻ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി 2.50 കോടിയിലധികം (2,50,58,366) ആഭ്യന്തര വിനോദസഞ്ചാരികൾ സന്ദർശനം നടത്തി. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 12.46% റെക്കോർഡ് വളർച്ചയാണ് കാണിക്കുന്നത്.
- കൊച്ചിയും മൂന്നാറും പ്രിയപ്പെട്ട കേന്ദ്രങ്ങൾ | കേരളത്തിൽ ആഭ്യന്തര സഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിച്ച നഗരങ്ങളിൽ എറണാകുളമാണ്(കൊച്ചി). തൊട്ടുപിന്നാലെ ഇടുക്കി (മൂന്നാർ), തിരുവനന്തപുരം, തൃശൂർ (ഗുരുവായൂർ), വയനാട് ജില്ലകളുമുണ്ട്. ഇതിൽ ഹിൽ സ്റ്റേഷനുകളിൽ മൂന്നാർ തന്നെയാണ് സഞ്ചാരികളുടെ ഇഷ്ട്ടസ്ഥലമായി ഒന്നാമത്.
- തദ്ദേശീയ സഞ്ചാരികളുടെ പങ്കാളിത്തം | കേരളത്തിലെ ആഭ്യന്തര വിനോദസഞ്ചാരികളിൽ 68.33 ശതമാനവും കേരളത്തിനകത്തുനിന്നു തന്നെയുള്ള പ്രാദേശിക സഞ്ചാരികളാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ ആളുകൾ വരുന്നത് അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ്.
- മെഡിക്കൽ ടൂറിസത്തിലെ ഉയർന്ന വരുമാനം | ദേശീയ തലത്തിൽ റിപ്പോർട്ട് ചെയ്തതുപോലെ തന്നെ, കേരളത്തിൽ മെഡിക്കൽ ആവശ്യങ്ങൾക്കായി എത്തുന്നവർ മറ്റ് യാത്രകളെ അപേക്ഷിച്ച് വൻ തുക ചിലവഴിക്കുന്നതായി സർവേ വ്യക്തമാക്കുന്നു. കേരളത്തിലെ അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളും ആയുർവേദ അധിഷ്ഠിത പുനരുജ്ജീവന ചികിത്സകളും (Ayurveda Rejuvenation) തേടി നിരവധി പേരാണ് രാത്രിയാത്രകൾ നടത്തുന്നത്. ഇതുവഴിയുള്ള സാമ്പത്തിക വരുമാനത്തിൽ കേരളം രാജ്യത്ത് ഉയർന്ന നിരക്കിലാണ്.
According to the National Statistical Office's (NSO) latest report on domestic tourism expenditure, significant changes have been observed in the travel habits of Indians, particularly Keralites. While Uttar Pradesh and Tamil Nadu lead nationally in terms of the total number of travelers—based on the survey conducted between July 2025 and June 2026—Kerala is making impressive strides in travel spending and the shaping of a new travel culture.














